15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 12, 2025
March 12, 2025
March 12, 2025
March 12, 2025
March 11, 2025
March 11, 2025

കഴിഞ്ഞ വര്‍ഷം ആഗോള ധനിക സമ്പത്ത് രണ്ട് ലക്ഷം കോടി ഡോളര്‍ വര്‍ധിച്ചു

Janayugom Webdesk
ദാവോസ്
January 20, 2025 10:15 pm

ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ സംയോജിത സമ്പത്ത് കഴിഞ്ഞ വർഷം രണ്ട് ലക്ഷം കോടി ഡോളർ വര്‍ധിച്ചതായി ഓക്സ്ഫാം റിപ്പോര്‍ട്ട്. 2023നെ അപേക്ഷിച്ച് മൂന്നിരട്ടി വേഗത്തിലാണ് സമ്പത്തില്‍ വര്‍ധനയുണ്ടായത്. കഴിഞ്ഞ വര്‍ഷം 204 പേര്‍ കൂടി ശതകോടീശ്വരന്മാരായി. 2023ൽ 2,565 ആയിരുന്നത് 2,769 ആയി ഉയർന്നു. ഇവരുടെ സമ്പത്തിന്റെ 60 ശതമാനവും അനന്തരാവകാശം, കുത്തക അധികാരം അല്ലെങ്കിൽ ചങ്ങാത്ത ബന്ധങ്ങൾ എന്നിവയിൽ നിന്നാണ് ലഭിച്ചത്.

സമ്പത്തിന്റെ 36 ശതമാനമാണ് പാരമ്പര്യമായി നേടിയത്. 30 വയസിന് താഴെയുള്ള ഓരോ ശതകോടീശ്വരനും അവരുടെ സമ്പത്ത് പാരമ്പര്യമായി ലഭിച്ചിട്ടുണ്ടെന്ന് ഫോർബ്‌സ് നടത്തിയ ഗവേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. നിലവിലുള്ള 1000 ശതകോടീശ്വരന്മാരില്‍ 5.2 ട്രില്യൺ ഡോളറിലധികം സമ്പത്ത് അടുത്ത രണ്ട് മൂന്ന് ദശകങ്ങളിൽ അവരുടെ അവകാശികൾക്ക് കൈമാറുമെന്നാണ് കണക്കാക്കുന്നത്. യൂറോപ്പിലെ അതിസമ്പന്നരിൽ പലരുടെയും സമ്പത്ത് കൊളോണിയലിസത്തില്‍ നിന്നും ദരിദ്ര രാജ്യങ്ങളുടെ ചൂഷണത്തില്‍ നിന്നും നേടിയെടുത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ ആസ്തി പ്രതിദിനം ശരാശരി 100 മില്യൺ ഡോളർ വർധിച്ചു. ഒറ്റരാത്രികൊണ്ട് അവരുടെ സമ്പത്തിന്റെ 99 ശതമാനം നഷ്ടപ്പെട്ടാലും അവര്‍ ശതകോടീശ്വരന്മാരായി തന്നെ തുടരുമെന്നും ഓക്സ്ഫാം ചൂണ്ടിക്കാട്ടുന്നു. 

യുഎസിൽ മാത്രം ശതകോടീശ്വരന്മാരുടെ ആസ്തി ഏകദേശം 3.9 ബില്യൺ ഡോളര്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്സ്ഫാമിന്റെ കണക്കനുസരിച്ച്, 450 ബില്യൺ ഡോളറിലധികം മൂല്യമുള്ള, സമ്പന്നരുടെ ഒരു സംഘമാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം. 2024ൽ ട്രംപിന്റെ ആസ്തി ഏകദേശം 2.5 ബില്യൺ ഡോളറിൽ നിന്ന് 6.1 ബില്യൺ ഡോളറായി ഉയർന്നു. ഇതുവരെ 13 ശതകോടീശ്വരന്മാരെയെങ്കിലും ട്രംപ് ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചിട്ടുണ്ട്. ഇലോണ്‍ മസ്കിനെ ഒഴിവാക്കിയാല്‍ പോലും ട്രംപ് മന്ത്രിസഭ ചരിത്രത്തിലെ ഏറ്റവും സമ്പന്ന ഭരണകൂടമായി തുടരും. നിലവിൽ മസ്കിന്റെ ആസ്തി ഏകദേശം 427 ബില്യൺ ഡോളറാണ്, ആമസോൺ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസിന് ഏകദേശം 237 ബില്യൺ ഡോളറും മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗിന് ഏകദേശം 211 ബില്യൺ ഡോളറും ആസ്തിയുണ്ട്. 

സാമ്പത്തിക അസമത്വം ആഗോളതലത്തില്‍ പൊതുആശങ്കയായി ഉയര്‍ന്നുവന്നുവെന്ന് ഓക്സ്ഫാം ഇന്റര്‍നാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ അമിതാഭ് ബെഹാർ പറഞ്ഞു. ലോകമെമ്പാടുമുള്ള സാധാരണക്കാർ കുറച്ച് പേരുടെ ഭീമമായ സമ്പത്തിനാൽ തകർന്നുകൊണ്ടിരിക്കുകയാണെന്ന വസ്തുതയാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.