26 June 2024, Wednesday
KSFE Galaxy Chits

ഇന്ത്യന്‍ സംഗീത ഇതിഹാസം മടങ്ങി.….

Janayugom Webdesk
ന്യൂഡല്‍ഹി
February 6, 2022 9:57 am

ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കര്‍ വിടവാങ്ങി. മുംബൈയിലായിരുന്നു അന്ത്യം.  സംഗീതത്തിനുള്ള ഏതാണ്ടെല്ലാ പുരസ്കാരവും  ലഭിച്ചിട്ടുള്ള അപൂര്‍വ്വ ഗായികയാണ് ലത.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929‑ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ലത മങ്കേഷ്കറിന്റെ‍ ആദ്യനാമം ഹേമ എന്നായിരുന്നു — പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്. ഈ ദമ്പതികളുടെ മൂത്ത പുത്രിയായിരുന്നു ലത, ഹൃദ്യനാഥ് മങ്കേഷ്കർ, ആശാ ഭോസ്‌ലേ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.

പിതാവിൽനിന്നാണ്‌ ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.കുടുംബം പോറ്റാൻവേണ്ടി ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളർന്നു. 1942‑ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, പാഹിലി മംഗള‑ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943‑ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.1948‑ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. മുഖർജി മടക്കി അയക്കുകയാണുണ്ടായത്. ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്‌മീറി സംവിധാനം ചെയ്ത മജ്‌ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. ആ ശബ്ദമാണ്‌ പിന്നീട് ഇന്ത്യ കീഴടക്കിയത്. 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്. ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കി.
1999‑ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.2001‑ലാണ്‌ ഭാരതരത്നം ലഭിച്ചത്. നെല്ല് എന്ന ചിത്രത്തിലെ “കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..” എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്കർ ആലപിച്ചതാണ്‌. വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ലതയുടെ ഏക മലയാള ഗാനം ഇതാണ്.

പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ആശാ ഭോസ്‌ലേ ഇളയ സഹോദരിയാണ്‌ .പത്മഭൂഷൺ(1969), പത്മവിഭൂഷൺ(1999), ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌(1989), ഭാരതരത്നം(2001), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.