21 June 2024, Friday

Related news

June 20, 2024
June 15, 2024
June 14, 2024
June 14, 2024
June 14, 2024
June 13, 2024
June 13, 2024
June 11, 2024
June 3, 2024
May 31, 2024

പ്രവാസി സുരക്ഷയ്ക്ക് നിയമം വേണം

Janayugom Webdesk
June 14, 2024 5:00 am

ദക്ഷിണ കുവൈറ്റിലെ മംഗഫിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കെട്ടിടത്തിൽ ബുധനാഴ്ച വെളുപ്പിനുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ട 49 പേരിൽ 45ഉം ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. അവരിൽ 24 പേർ മലയാളികളാണെന്നത് അവരുടെ കുടുംബങ്ങളെയും നാടിനെയും നടുക്കുകയും തീരാദുഃഖത്തിലാഴ്ത്തുകയും ചെയ്തു. ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈറ്റിലെത്തി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായമെത്തിക്കാനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ഇതേലക്ഷ്യത്തോടെ സംസ്ഥാനം നിയോഗിച്ച ആരോഗ്യമന്ത്രി വീണാജോര്‍ജിന് കേന്ദ്രം അനുമതി നിഷേധിച്ചത് തികച്ചും അപലനീയവും ഖേദകരവുമാണ്. കുവൈറ്റിലെ ഇന്ത്യൻ എംബസിയും അവസരത്തിനൊത്ത് ഉയർന്നു പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്കും ചികിത്സയിൽ കഴിയുന്നവർക്കും സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഉദാരമതികളായ മലയാളി വ്യവസായികളും മരിച്ച തൊഴിലാളികൾ പണിയെടുത്തിരുന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈറ്റ് സർക്കാരും തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മരിച്ചവര്‍ അവരുടെ കുടുംബങ്ങളുടെ താങ്ങും തണലുമായിരുന്നുവെന്നത് ആ കുടുംബങ്ങളുടെ പ്രതീക്ഷകൾക്കുമേലാണ് നിഴൽ വീഴ്ത്തിയിരിക്കുന്നത്. ആ കുടുംബങ്ങളെ കടുത്ത ആഘാതത്തിൽ താങ്ങിനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.

ഏത് പ്രതിസന്ധിക്ക് നടുവിലും അത് നിർവഹിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. തൊഴിലാളികളുടെ മൃതദേഹങ്ങൾ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ദുരന്തത്തെപ്പറ്റി അന്വേഷണം പ്രഖ്യാപിച്ച കുവൈറ്റ് അധികൃതർ അപകടം നടന്ന കെട്ടിട ഉടമയെയും അപകടത്തിന് കാരണമായ പാചകവാതക സിലിണ്ടർ സൂക്ഷിച്ച കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റുചെയ്തിട്ടുണ്ട്. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ലേബർ ക്യാമ്പുകൾ കണ്ടെത്തി നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ കുവൈറ്റ് അധികൃതർ ആരംഭിച്ചിട്ടുണ്ട്. നാട്ടിലെ തൊഴിൽരാഹിത്യവും ഗൾഫ് രാഷ്ട്രങ്ങളിലെ താരതമ്യേന ഉയർന്ന വേതനവുമാണ് ഇന്ത്യക്കാർക്കും ഇതര ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും പശ്ചിമേഷ്യ ആകർഷകമായ തൊഴിലിടമാക്കി മാറ്റുന്നത്. കുവൈറ്റിലെ 48 ലക്ഷം ജനങ്ങളിൽ 16 ലക്ഷം മാത്രമാണ് ആ രാജ്യത്തെ പൗരന്മാർ. 32 ലക്ഷം വിദേശികളാണ് ആ രാജ്യത്ത് പണിയെടുക്കുന്നത്. അവരിൽ ഏതാണ്ട് 21 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരിൽ ഭൂരിപക്ഷവും അവിദഗ്ധ, അർധവിദഗ്ധ തൊഴിലാളികളും ഗണ്യമായ ഒരുവിഭാഗം മലയാളികളുമാണ്. ഈ തൊഴിലാളികൾ ഏറെയും ഇപ്പോൾ ദുരന്തം സംഭവിച്ചതുപോലുള്ള ക്യാമ്പുകളിലാണ് തിങ്ങിഞെരുങ്ങി ജീവിക്കുന്നത്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐഎൽഒ) കണക്കുകളനുസരിച്ച് 25,000 മുതൽ 87,715 രൂപവരെ മാത്രം പരമാവധി വേതനം ലഭിക്കുന്ന ഈ തൊഴിലാളികൾ തങ്ങളുടെയും കുടുംബങ്ങളുടെയും മെച്ചപ്പെട്ട ജീവിതം സ്വപ്നംകണ്ടാണ് തികച്ചും പ്രതികൂലവും ക്ലേശകരവുമായ അന്തരീക്ഷത്തിലും പ്രവാസിത്തൊഴിലാളികളായി തുടരാൻ നിർബന്ധിതമാകുന്നത്.


ഇതുകൂടി വായിക്കൂ:രണ്ട് ദുരന്തങ്ങളും വ്യവസ്ഥിതിയുടെ വീഴ്ച 


അവർ നാട്ടിലേക്ക് അയയ്ക്കുന്ന തുച്ഛമായ തുകയാണ് അവരുടെ കുടുംബങ്ങൾക്കും നാടിനുതന്നെയും തുണയും അനുഗ്രഹവുമായി മാറുന്നത്. രാജ്യത്തിന് വിലപ്പെട്ട വിദേശനാണ്യം സംഭാവന ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ ഏറ്റവും മിതവും ന്യായവുമായ അവകാശങ്ങൾപോലും സംരക്ഷിക്കാൻ ഇന്ത്യൻ ഭരണകൂടം ദയനീയ പരാജയമാണെന്ന് ഇപ്പോഴത്തെ ദുരന്തമടക്കം സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. തൊഴിലാളികളുടെ തൊഴിലും അവരുടെ വ്യവഹാരങ്ങളും നിയന്ത്രിക്കുന്ന തൊഴിൽദായകരുടെ ചൂഷണങ്ങളുടെ ഇരകളാണ് കുടിയേറ്റത്തൊഴിലാളികൾ ഏറെയും. ഗൾഫ് കോ ഓപ്പറേഷൻ കൗൺസിലിൽ ഉൾപ്പെട്ട ആറ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് 2019–23 കാലയളവിൽ തൊഴിലാളികളുടെ 48,095 പരാതികൾ ലഭിച്ചതായി കണക്കാക്കപ്പെടുന്നു. അതിൽ 23,020ഉം കുവൈറ്റിൽ നിന്ന് മാത്രമാണെന്നത് ശ്രദ്ധേയമാണ്. വേതന നിഷേധം, ശരിയായ ഭക്ഷണത്തിന്റെ അഭാവം, തൊഴിലിടങ്ങളിലെ പീഡനങ്ങൾ തുടങ്ങിയ പരാതികളാണ് ഉന്നയിക്കപ്പെട്ടത്. അവയുടെ പരിഹാരത്തിനുള്ള ഇടപെടലുകളോ അതിനാവശ്യമായ നിയമനിർമ്മാണത്തിനോ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് പാർലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതി വിദേശത്ത് പണിയെടുക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ താല്പര്യ സംരക്ഷണാർത്ഥം നിയമനിർമ്മാണം നടത്തണമെന്ന് മോഡി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അത്തരത്തിൽ ഒരു കരട് ബിൽ 2021ൽ തയ്യാറാക്കിയിരുന്നെങ്കിലും അത് ഇനിയും വെളിച്ചം കണ്ടിട്ടില്ല.

രാജ്യത്ത് തൊഴിലവസരങ്ങൾ കുറയുകയും പുതിയ തൊഴിലവസര സൃഷ്ടി നടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തൊഴിലന്വേഷകരുടെ മുമ്പിലുള്ള സാധ്യതകളിൽ ഒന്നാണ് വിദേശ തൊഴിൽ. മതിയായ കുടിയേറ്റ നിയമങ്ങളുടെ അഭാവത്തിൽ വിദേശ തൊഴിലുകളുടെ സുരക്ഷാരാഹിത്യത്തിലേക്ക് വിരൽചൂണ്ടുകയാണ് കുവൈറ്റ് ദുരന്തം. വിവിധ ഗൾഫ് രാജ്യങ്ങളിലായി 87 ലക്ഷം ഇന്ത്യക്കാർ പണിയെടുക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ആറ് ഗൾഫ് രാജ്യങ്ങളിലായി 63,000 ഇന്ത്യക്കാർ വിവിധ കാരണങ്ങളാൽ മരിക്കുകയുണ്ടായി. അതിൽ 29,000 മരണങ്ങൾ നടന്നത് കഴിഞ്ഞ നാല് വർഷങ്ങൾക്കുള്ളിലാണ്. ഇത് വിരൽചൂണ്ടുന്നത് വിദേശത്ത് പണിയെടുക്കുന്ന ഇന്ത്യക്കാരുടെ ജീവനും അവകാശങ്ങളും സംരക്ഷിക്കാൻ പര്യാപ്തമായ നിയമനിർമ്മാണത്തിന്റെ ആവശ്യകതയിലേക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.