19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 12, 2024
January 23, 2024
October 2, 2023
July 30, 2023
June 15, 2023
June 7, 2023
March 25, 2023
March 17, 2023
March 16, 2023
February 1, 2023

അപ്പോള്‍ ഗോഡ്സെ ആര്‍എസ്എസിന്റെ ആരാ?

ഗാന്ധിജിയെ കൊന്നതിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് പറഞ്ഞ ഗണേഷ്‌കുമാറിന് വക്കീല്‍നോട്ടീസ്!
web desk
June 15, 2023 7:45 am

ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശം നടത്തിയ കെ ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് വക്കീൽ നോട്ടീസ് അയച്ചെന്നാണ് വാർത്ത. അതും പത്തനാപുരത്തെ ബിജെപി പ്രാദേശിക നേതാക്കളുടെ വക. അപ്പോൾ ശരിക്കും ഗാന്ധിയെ കൊന്നതിൽ ആർഎസ്എസിന് പങ്കൊന്നുമില്ലേ? പിന്നെന്തിന് നാഥുറാം വിനായക് ഗോഡ്സെയെ ആർഎസ്എസുകാർ ഈവിധം ആരാധിക്കുന്നു. അയാളെ വീരപുരുഷനാക്കാൻ കോപ്പുകൂട്ടുന്നു.

ഇന്ത്യന്‍ സംസ്കാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യലബ്ദിയുടെയും ചരിത്രം തിരുത്തുന്ന ആര്‍എസ്എസുകാര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ നേരായ ചരിത്രം ചാക്കില്‍കെട്ടിവച്ചിരിക്കുകയാണ്. ആര്‍എസ്എസിനെയും അവരുടെ ഗാന്ധി വിദ്വേഷത്തിന്റെയും ചരിത്രം തേടി അങ്ങ് ഗുജറാത്തിലേക്കൊന്നും പോകേണ്ട. ഇവിടെ തൊട്ടടുത്ത് തൈക്കാട് മൈതാനത്ത് പണ്ട് നടന്നൊരു പൊതുയോഗം ചരിത്രത്താളിലുണ്ട്.

ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുമ്പാണ് തൈക്കാട് മൈതാനിയിൽ ആർഎസ്എസ് പൊതുയോഗം സംഘടിപ്പിച്ചത്. ഗോൾവാൾക്കർ ആയിരുന്നു പ്രഭാഷകൻ. ദേശീയ ഐക്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് ഗോള്‍വാള്‍ക്കര്‍ എന്ത് പറയുന്നു എന്ന് കേൾക്കാൻ അന്ന് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ഒഎന്‍വി കുറുപ്പ് പോയത് അദ്ദേഹം 1991 ഫെബ്രുവരി 10ന് കലാകൗമുദി ആഴ്ചപ്പതിപ്പിൽ എഴുതിയ അനുഭവക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

‘ഗോൾവാൾക്കർ അതിനിശിതമായി ഗാന്ധിജിയെ വിമർശിച്ച് സംസാരിക്കുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് മലയാറ്റൂരും കരുനാഗപ്പള്ളി കാർത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങൾ ഗോൾവാൾക്കറോട് ചോദിച്ചു. ശാന്തമായി മറുപടി പറയുന്നതിന് പകരം അയാൾ ഞങ്ങളെ തല്ലാൻ മൗനാനുവാദം നൽകുകി. യോഗത്തിലുണ്ടായിരുന്നവർ ഞങ്ങളെ തല്ലാൻ തുടങ്ങി. ഞങ്ങളും അവരെ തിരിച്ചു തല്ലി. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളജിൽ നിന്ന് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്. കനത്ത ദുഃഖത്തോടെ തൈക്കാട് മൈതാനത്തിന് അരികിലൂടെ ഞങ്ങൾ നടന്ന് പോകുമ്പോൾ അതിനടുത്ത് ഒരു ആർഎസ്എസുകാരന്റെ വീട്ടിൽ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ടു. അരിശം പൂണ്ട് അവിടെ അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജൻ നായർ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗനജാഥയാക്കി മാറ്റി’ എന്ന ഒഎന്‍വിയുടെ വാക്കുകളിലുണ്ട് ആര്‍എസ്എസിന്റെ ലക്ഷ്യം എന്തെന്നും ഗാന്ധി വധത്തിന് പിന്നിലാരെന്നും.

ഗാന്ധിജി കൊല്ലപ്പെട്ട് 22 വർഷം കഴിഞ്ഞ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ പറയുന്നത്, ‘ജവഹർ ലാൽ നെഹ്റുവിന്റെ പാകിസ്ഥാൻ നിലപാടിൽ മഹാത്മാഗാന്ധി സത്യഗ്രഹം പ്രഖ്യാപിച്ചു. ഇതോടെ ജനത്തിന്റെ ഉഗ്രകോപം ക്ഷണിച്ചു വരുത്തി’ എന്നാണ്. സവർക്കറുടെ അനുഗ്രഹത്തോടെ ഗോഡ്സെയെന്ന മതഭ്രാന്തൻ മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്നതിനെ അത്ര ലളിതമായിട്ടാണ് ആര്‍എസ്എസ് ന്യായീകരിച്ചത്. ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെങ്കില്‍ പത്തനാപുരത്തെ സംഘ്പരിവാറുകാരെങ്കിലും ഗോഡ്സെയെ തള്ളിപ്പറയട്ടെ!

ഗാന്ധിജിയെ നിഷ്കരുണം വധിച്ചത് ആർഎസ്എസ് ആണെന്ന് കൊല്ലം പട്ടാഴി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ ഗണേഷ് കുമാർ പ്രസംഗിച്ചിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. ഗാന്ധി വധത്തിൽ ആർഎസ്എസിനെ അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ നടത്തിയ ഈ പ്രസ്താവന പിൻവലിച്ച് ഗണേഷ്‌കുമാര്‍ മാപ്പ് പറയണമെന്നാണ് നോട്ടീസയച്ചവരുടെ ആവശ്യം.

Eng­lish Sam­mury: Lawyer notice to KB Ganesh Kumar MLA for com­ment­ing that RSS was involved in Gand­hi’s murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.