ആത്മവിശ്വാസത്തോടെ എൽഡിഎഫിന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കാം. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷ വോട്ടുകള്‍ ഭദ്രമാണെന്ന് ഫലങ്ങള്‍ തെളിയിക്കുന്നു. ചേലക്കരയിൽ വോട്ടർമാർ ഒന്നടങ്കം എൽഡിഎഫിനും യു ആർ പ്രദീപിനും ഒപ്പം നിന്നു. പതിമൂന്ന് റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലിൽ ഒന്നിൽ മാത്രമേ യുഡിഎഫിലെ രമ്യഹരിദാസിന് ലീഡ് ചെയ്യാനായുള്ളൂ. ഒരു റൗണ്ടിലാകട്ടെ മണ്ഡലത്തിൽ വലിയ ശക്തിയല്ലാത്ത ബിജെപിക്കും താഴെയായി കോൺഗ്രസിന്റെ സ്ഥാനം. ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര പഞ്ചായത്തുകളിൽ കോൺഗ്രസ് നിർണായക ശക്തിയെന്ന വാചകമടിക്ക് മറുപടിയായി ഈ തിരിച്ചടി.
2021ലെ തിരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണൻ പിടിച്ച 39,400 വോട്ടുകള്‍ എന്ന ഭൂരിപക്ഷത്തിലേക്ക് ഉപതെരഞ്ഞെടുപ്പിൽ എത്തുക അസാധ്യമാണ് വിലയിരുത്തപ്പെട്ടിരുന്നു. അന്ന് സംസ്ഥാനത്ത് വ്യക്തമായ ഇടതുപക്ഷ തരംഗം ദൃശ്യമായിരുന്നു. മണ്ഡലത്തിലെ ഏറ്റവും ജനകീയനായ കെ രാധാകൃഷ്ണന്റെ സാന്നിധ്യം കൂടിയായപ്പോൾ ആ മഹാഭൂരിപക്ഷത്തിലേക്ക് എത്തിയതാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷം 5000 വോട്ടുകളായിരുന്നു. എന്നാൽ യു ആർ പ്രദീപിന്റെ ജനകീയതയും ഭരണവിരുദ്ധ പ്രചരണങ്ങള്‍ ജനങ്ങൾ പരിഗണിക്കാതിരുന്നതും വോട്ടിങ്ങിൽ പ്രകടമായി.2016ൽ യുആർ പ്രദീപ് നേടിയതിനും അപ്പുറത്തുള്ള ഭൂരിപക്ഷം നേടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞതോടെ സർക്കാരിനും ഇടതുപക്ഷത്തിനും ഒപ്പം തന്നെയാണ് സാധാരണ ജനങ്ങൾ എന്ന ബോധ്യത്തിന് അടിവരയിട്ടു.
പാലക്കാട് ഡോ. പി സരിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കിയ നീക്കം ഇടതുപക്ഷത്തിന് ഗുണമായി. വിജയ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടായിരം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ബിജെപിയുമായുള്ളത്. അവസാനത്തെ നാല് റൗണ്ടുകളിൽ മൂന്നിലും എൽഡിഎഫ് മുന്നിട്ട് നിന്നു. ബിജെപിയാകട്ടെ രണ്ടേ രണ്ട് റൗണ്ടിലാണ് മുന്നിട്ട് നിന്നത്. ആദ്യത്തെയും അഞ്ചാമത്തെയും. ചേലക്കരയിലെ വിജയവും പാലക്കാട്ടെ വോട്ട് വർധനയും ഇടതു സംഘടനാ സംവിധാനത്തിന്റെ നേട്ടവും ഭരണത്തിനുള്ള അംഗീകാരവുമായി വിലയിരുത്താം. ശക്തമായ ത്രികോണ മത്സരം എന്ന നിലയിലേക്ക് പാലക്കാടിനെ എത്തിക്കാൻ ഡോ. പി. സരിന്റെ സ്ഥാനാർത്ഥിത്വത്തിന് സാധിച്ചു.
ഇ ശ്രീധരൻ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ ബിജെപിക്ക് അധികമായി ലഭിച്ച ആറ് ശതമാനത്തിലധികം വോട്ട് ഒന്നായി ഇടിഞ്ഞു. ശോഭാ സുരേന്ദ്രൻ 2016ൽ നേടിയ വോട്ടുപോലും നേടാൻ സി കൃഷ്ണകുമാറിന് സാധിച്ചില്ല. പാലക്കാട് നഗരസഭയിലെ കല്പാത്തി അടങ്ങുന്ന ഒന്നാം റൗണ്ടിലും ബിജെപിയുടെ കാലാകാലങ്ങളായുള്ള ശക്തികേന്ദ്രമായ മൂത്താന്തറ പ്രദേശമടങ്ങുന്ന അഞ്ചാം റൗണ്ടിലും മാത്രമാണ് ബിജെപി മുന്നിലെത്തിയത്ത്. പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിൽ മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. ഇത് കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ കുഴപ്പമാണെന്നും ശോഭാ സുരേന്ദ്രനെ അവഗണിച്ചതിന്റെ പ്രതിസന്ധിയാണെന്നും കെ സുരേന്ദ്രൻ ഗ്രൂപ്പിനോടുള്ള എതിർപ്പാണെന്നും ബിജെപിക്കുള്ളിൽ തന്നെ വിവാദം തുടങ്ങിയിട്ടുണ്ട്.
2021 നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ നേടിയത് 50,220 വോട്ടുകളാണെങ്കിൽ ഇത്തവണ സി കൃഷ്ണകുമാറിന് സമാഹരിക്കാനായത് 39,549 വോട്ട് മാത്രമാണ്. 10,671 വോട്ടുകളാണ് നഷ്ടപ്പെട്ടത്. വോട്ടുകൾ കോൺഗ്രസിലേക്ക് പോയി എന്ന യാഥാർത്ഥ്യം കെ സുരേന്ദ്രൻ അടക്കം സംസ്ഥാന നേതാക്കളുടെ മുന്നിൽ ചോദ്യചിഹ്നമായി തുടരും.
യുഡിഎഫിന് അഭിവാദ്യം അർപ്പിച്ച് പാലക്കാട് നഗരത്തിൽ എസ്ഡിപിഐ നടത്തിയ പ്രകടനം യുഡിഎഫ്, എസ്ഡിപിഐ, ജമാ അത്ത് ഇസ്ലാമി ബാന്ധവം വിളിച്ചുപറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഒരിക്കൽപോലും വർഗീയ സംഘടനയായ എസ്‍ഡിപിഐയെ യുഡിഎഫോ സ്ഥാനാർത്ഥിയോ തള്ളിപ്പറയുകയോ, വോട്ട് വേണ്ടെന്ന് പറയുകയോ ചെയ്തില്ല. എസ്‍ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാൻ ധൈര്യമുണ്ടോയെന്ന് എൽഡിഎഫ് ചോദിച്ചിട്ടും യുഡിഎഫ് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും എസ്‍ഡിപിഐ‑ജമാ അത്തെ ഇസ്ലാമി സംഘടനകളുടെ പിന്തുണ യുഡിഎഫ് തേടിയിരുന്നു. യുഡിഎഫുമായി ചർച്ച നടത്തി തന്നെയാണ് പിന്തുണ നൽകിയതെന്ന് എസ്‍ഡിപിഐ നേതൃത്വവും വെളിപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.