22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 22, 2024
October 12, 2024
September 10, 2024
September 4, 2024
August 30, 2024
August 29, 2024
August 29, 2024
August 23, 2024
August 16, 2024

വ്യവസായകേരളം പുതുസാദ്ധ്യതകൾതേടുന്നു

Janayugom Webdesk
October 29, 2023 4:30 am

നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച്, നവീനാശയങ്ങള്‍ വളര്‍ത്തി, സുസ്ഥിര വ്യാവ സായിക അന്തരീക്ഷം സൃഷ്ടിക്കാൻ സഹായകമായ പദ്ധതികളൊരുക്കുന്ന സമഗ്ര വ്യവസായനയത്തിന്റെ പിൻബലത്തിലാണ് ഇന്ന് കേരളത്തിലെ വ്യവസായ രംഗം മുന്നോട്ടു പോകുന്നത്. 2023 ‑24 സാമ്പത്തിക വര്‍ഷത്തെ നിക്ഷേപക വര്‍ഷമായി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്‍റെ ഭാഗമായി ആസൂത്രണം ചെയ്യുന്നത്.

ദൃഢമായ സംരംഭക ആവാസവ്യവസ്ഥ സംജാതമാക്കുക, ഉത്തരവാദിത്വ നിക്ഷേപങ്ങളേയും സുസ്ഥിര വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കുക, പുതുതലമുറ സംരംഭങ്ങള്‍ക്ക് ആവശ്യമായ നൂതന അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, സംരംഭങ്ങളെ ലോകോത്തര നിലവാരത്തിനനുസരിച്ച് വേണ്ട മാറ്റങ്ങള്‍ സ്വീകരിക്കുന്നതിന് പ്രാപ്തരാക്കുക, ഉല്പന്നങ്ങള്‍ക്ക് ‘കേരള ബ്രാന്‍ഡ്’ ലേബലില്‍ വിപണനം ചെയ്യുന്നതിന് സൗകര്യമൊരുക്കുക, വിദേശ വിപണി കണ്ടെത്തുന്നതിന് സഹായിക്കുക എന്നിവ ഈ നയത്തിന്റെ ലക്ഷ്യങ്ങളാണ്.

നിര്‍മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഡാറ്റ മൈനിങ് ആന്‍ഡ് അനാലിസിസ് തുടങ്ങിയ സംരംഭങ്ങള്‍ ചെലവാക്കുന്ന തുകയുടെ 20% (പരമാവധി 25 ലക്ഷം വരെ) തിരികെ നല്‍കുന്നതിനുള്ള പദ്ധതി, എം.എസ്.എം.ഇ. വ്യവസായങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വൈദ്യുതി നികുതി ഇളവ് നല്‍കുന്ന പദ്ധതി,
സ്ത്രീകള്‍/പട്ടികജാതി/വര്‍ഗ സംരംഭകര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷന്‍ ചാര്‍ജിലും ഇളവ്, എം.എസ്.എം.ഇ. ഇതര സംരംഭങ്ങള്‍ക്ക് സ്ഥിരമൂലധനത്തിന്‍റെ 100% സംസ്ഥാന ജി.എസ്.ടി. വിഹിതം 5 വര്‍ഷത്തേക്ക് തിരികെ നല്‍കുന്നതിനുള്ള പദ്ധതി എന്നിവയും നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികളെ സ്ഥിരജോലിക്കെടുക്കുന്ന വന്‍കിട‑മെഗാ സംരംഭങ്ങളില്‍ തൊഴിലാളികള്‍ക്ക് മാസവേതനത്തിന്‍റെ 25% (പരമാവധി 5000 വരെ) തൊഴിലുടമക്ക് ഒരുവര്‍ഷത്തേക്ക് തിരികെ നല്‍കുന്ന പദ്ധതി,
ട്രാന്‍സ്ജെന്‍ഡര്‍ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യം വെച്ച് തൊഴിലുടമയ്ക്ക് മാസവേതനത്തിന്‍റെ നിശ്ചിത തുക തിരികെ നല്‍കുന്ന പദ്ധതി തുടങ്ങിയ ആധുനികകാലത്തിന് അനുസൃതമായ നിരവധി പദ്ധതികളും വ്യവസായനയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മുന്‍ഗണന നൽകി 22 മേഖലകൾ തെരഞ്ഞെടുത്തിട്ടുണ്ട്. എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ് നിര്‍മ്മിത ബുദ്ധി, റോബോട്ടിക്സ്, മറ്റ് ബ്രേക്ക് ത്രൂ സാങ്കേതിക വിദ്യകള്‍, ആയുര്‍വേദം, ബയോടെക്നോളജി ആന്‍ഡ് ലൈഫ് സയന്‍സ്, രൂപകല്‍പ്പന, ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക്സ് സിസ്റ്റം രൂപകല്‍പ്പനയും ഉല്പാദനവും, എഞ്ചിനീയറിങ്ങ് ഗവേഷണവും വികസനവും, ഭക്ഷ്യ സാങ്കേതിക വിദ്യകള്‍, ഉയര്‍ന്ന മൂല്യവര്‍ധിത റബര്‍ ഉത്പ്പന്നങ്ങള്‍, ഹൈടെക് ഫാമിങ്ങും മൂല്യവര്‍ധിത തോട്ടവിളയും, ലോജിസ്റ്റിക്സ് ആന്‍ഡ് പാക്കേജിങ്ങ്, മാരിടൈം മേഖല, മെഡിക്കല്‍ ഉപകരണങ്ങള്‍, നാനോ ടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, റീസൈക്ലിങ്ങും മാലിന്യ സംസ്കരണവും, പുനരുപയോഗ ഊര്‍ജം, ചില്ലറ വ്യാപാര മേഖല, വിനോദസഞ്ചാരവും ആതിഥേയത്വവും, 3‑ഡി പ്രിന്‍റിങ്ങ് എന്നിവയാണ് ഈ മേഖലകൾ 

നിക്ഷേപം വളര്‍ത്തുന്നതിനും, സുസ്ഥിര വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി കൊണ്ടുവന്ന പുതിയ നയത്തിലൂടെ പൂര്‍ണമായും സംരംഭകസൗഹൃദമായ വ്യവസായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. രാജ്യത്തെ ഏറ്റവും വികസിതമായ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമാക്കി കേരളത്തെ മാറ്റാനും ലക്ഷ്യമിടുന്നു.

വ്യവസായ വിപ്ലവം 4.0 ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഏറ്റവും അനുയോജ്യമായ സംസ്ഥാനം കേരളമാണ് എന്ന യാഥാര്‍ഥ്യത്തിലൂന്നി മുന്‍ഗണനാമേഖലയിലെ വ്യവസായങ്ങള്‍ക്ക് വലിയ ആനുകൂല്യങ്ങളും നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

അക്കാദമിക് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗവേഷണ ഭാഗമായി ലഭിക്കുന്ന ഉല്പന്നങ്ങളുടെ വ്യാവസായിക ഉല്‍പാദനത്തിന് മുന്‍ഗണന നല്‍കുന്ന വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. ഗ്രഫീന്‍ പോലെയുള്ള നവീനമേഖലകളിലെ ഗവേഷണത്തിനും സഹായം ലഭ്യമാക്കുന്നുണ്ട്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.