പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടുകൊണ്ടാണ് വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. 2025നകം ഭൂരഹിത ഭവനരഹിതരായ എല്ലാ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കും ഭൂമിയും വീടും ലഭ്യമാക്കുക എന്നുള്ളത് ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനോടൊപ്പം പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം, ദാരിദ്ര്യ നിർമ്മാർജനം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് നവകേരള നിർമ്മിതിയിലേയ്ക്ക് സര്‍ക്കാര്‍ ചുവടുവച്ചുകൊണ്ടിരിക്കുന്നു.
ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങൾക്കായി വിവിധ ക്ഷേമ വികസന പദ്ധതികളാണ് നടപ്പിലാക്കിയത്. അതിന്റെ ഫലമായി വിദ്യാഭ്യാസ, തൊഴിൽ, പാർപ്പിട മേഖലകളിൽ വളരെയധികം മുന്നേറ്റം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ജനസംഖ്യാനുപാതികമായി പരിഗണിക്കുമ്പോൾ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.1 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് വാർഷിക പദ്ധതിയുടെ 9.81 ശതമാനം തുകയും 1.45 ശതമാനം മാത്രം വരുന്ന പട്ടികവർഗ വിഭാഗത്തിന് വാർഷിക പദ്ധതിയുടെ 2.83 ശതമാനം തുകയുമാണ് സർക്കാർ സമഗ്ര വികസനത്തിനും ഉന്നമനത്തിനുമായി ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്. 2023–24 സാമ്പത്തിക വർഷത്തിൽ പട്ടികജാതി വിഭാഗങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി 3276.68 കോടി രൂപയും പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിനായി 937.41 കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.
വിദേശ പഠനം
ലോകത്തിന്റെ ഏതു കോണിലുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളും അവസരങ്ങളും പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്കും ലഭ്യമാക്കി. വിദേശ വിദ്യാഭ്യാസ പദ്ധതി വഴി പിജി പഠനത്തിന് പട്ടികജാതി പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപവരെയും പിന്നാക്കവിഭാഗ വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപവരെയും സ്കോളർഷിപ്പ് നൽകുന്നു. പരിവർത്തിത ശുപാർശിത വിഭാഗക്കാർക്ക് വിദേശ പഠനത്തിന് പെൺകുട്ടികൾക്ക് 3.5 ശതമാനം പലിശ നിരക്കിലും ആൺ കുട്ടികൾക്ക് നാല് ശതമാനം പലിശ നിരക്കിലും വിദേശ പഠനത്തിനായി വായ്പ നൽകുന്നതിന് ഈ സർക്കാർ തീരുമാനമെടുത്തു. സർക്കാർ അധികാരത്തിൽ വന്നശേഷം 2023 മാർച്ച് 31 വരെ 344 പട്ടികജാതി വിദ്യാർത്ഥികളും 24 പട്ടികവർഗ വിദ്യാർത്ഥികളും 57 പിന്നാക്ക വിഭാഗക്കാരുമുൾപ്പെടെ 425 വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ പഠിക്കാൻ അവസരം ലഭ്യമാക്കി. ആദ്യമായാണ് ഇത്രയധികം വിദ്യാർത്ഥികളെ കുറഞ്ഞ കാലയളവിനുള്ളിൽ വിദേശ പഠനത്തിന് അയയ്ക്കുന്നത്.
പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്
രണ്ടര ലക്ഷത്തിനു മേൽ വരുമാനമുള്ള പട്ടികജാതി ‑പട്ടികവർഗ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നിഷേധിച്ചപ്പോൾ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി വരുമാനഭേദമില്ലാതെ എല്ലാ പട്ടികജാതി വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകുവാൻ സർക്കാർ തീരുമാനിച്ചു. 2017–18 വർഷം മുതൽ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് കുടിശിക ഇനത്തിൽ പട്ടികജാതി — പട്ടികവർഗ ഒഇസി വിദ്യാർത്ഥികൾക്ക് നല്കുവാനുണ്ടായിരുന്ന 504.2 കോടി രൂപയും ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നൽകി. കൂടാതെ ഒന്ന് മുതൽ പത്താംക്ലാസ് വരെയുള്ള പിന്നാക്കവിഭാഗ വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന സ്കോളർഷിപ്പ് കേന്ദ്രസർക്കാർ ഒമ്പത്-10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി ചുരുക്കിയപ്പോൾ ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പുനഃസ്ഥാപിച്ച് നൽകുന്നതിനായി ബജറ്റിൽ തുക വകയിരുത്തി നടപടി സ്വീകരിച്ചു.
എംപവർമെന്റ് സൊസൈറ്റി
സാമൂഹിക‑സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനാവശ്യമായ രീതിയിൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ എന്നിവ നൽകി പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളെ ഒരേസമയം തൊഴിൽ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കുന്നതിനാണ് കേരള എംപവർമെന്റ് സൊസൈറ്റി ആരംഭിച്ചിട്ടുള്ളത്. സർക്കാർ വകുപ്പുകളുടെ പിന്തുണയോടൊപ്പം പൊതുകമ്പോളത്തിലെ ഏജൻസികളുമായി മത്സരത്തിലേർപ്പെട്ടും ക്ഷേമ പദ്ധതികളുടെ നിർവഹണത്തിൽ പട്ടികജാതി പട്ടികവർഗ യുവതീ യുവാക്കളുടെ സംഘങ്ങൾക്ക് പങ്കാളികളാകാം. മെച്ചപ്പെട്ട വരുമാനവും സ്വാശ്രയത്വവും ലഭിക്കാനും എംപവർമെന്റ് സൊസൈറ്റി അവസരമൊരുക്കും.
ഭൂമിയും വീടും
സർക്കാർ അധികാരത്തിലേറിയശേഷം 2021–22 ‑ൽ ഭൂരഹിത പട്ടികജാതിക്കാരായ 4,020 പേർക്കും 2022–23 ൽ 3,303 പേർക്കും ഉൾപ്പെടെ 7,323 പേർക്കാണ് ഭൂമി വാങ്ങി നൽകിയത്. ലാന്റ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വന ഭൂമി വിതരണം, വനാവകാശ നിയമം എന്നിവ പ്രകാരം 1,684 പട്ടികവർഗക്കായി 1789.25 ഏക്കർ ഭൂമി വിതരണം ചെയ്തു.
ലൈഫ് ഭവന പദ്ധതി
ലൈഫ് ഭവന പദ്ധതിക്കായി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് 2021–22 ൽ 278 കോടി രൂപയും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 140 കോടി രൂപയും ചേർത്ത് ആകെ 418 കോടി രൂപയും 2022–23 വർഷത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് 300 കോടി രൂപയും പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 140 കോടി രൂപയും ചേർത്ത് ആകെ 440 കോടി രൂപയും ലൈഫ് മിഷന് കൈമാറി.
വൈദ്യുതി — ഇന്റർനെറ്റ് കണക്ടിവിറ്റി — റോഡ്
വൈദ്യുതിയെത്താത്ത 19 പട്ടികവർഗ കോളനികളിൽ വൈദ്യുതിയെത്തിച്ചു. ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്ത 1,284 കോളനികളിൽ 1083 എണ്ണത്തിലും കണക്ടിവിറ്റി ലഭ്യമാക്കി. ഒരു വർഷത്തിനകം എല്ലാ പട്ടികവർഗ കോളനികളിലും കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഇടമലക്കുടിയിലേക്കുള്ള റോഡ് നിർമ്മാണത്തിന് 13.70 കോടി രൂപയും ഇന്റർനെറ്റ് കണക്ടിവിറ്റിക്ക് 4.31 കോടി രൂപയും അനുവദിച്ചു. തൃശൂർ ജില്ലയിലെ മലക്കപ്പാറയിലെ വെട്ടിവിട്ടകാട് കോളനിയിൽ 92.45 കോടി രൂപ ചെലവഴിച്ച് വൈദ്യുതി എത്തിക്കുവാനും ഈ സർക്കാരിന് സാധിച്ചു.
ചികിത്സാ ധനസഹായം
സർക്കാർ അധികാരത്തിൽ വന്നശേഷം പട്ടികജാതി വിഭാഗത്തിലെ 26,026 പേർക്കായി 87.09 കോടി രൂപയും പട്ടികവർഗ വിഭാഗത്തിലെ 4,04,151 പേർക്കായി 43.63 കോടി രൂപയും ധനസഹായം അനുവദിച്ചു. 2022–23 സാമ്പത്തിക വർഷം മാത്രം ഇതേവരെ പട്ടികജാതി വിഭാഗത്തിലെ 13,555 പേർക്ക് 33.06 കോടി രൂപയും പട്ടികവർഗ വിഭാഗത്തിലെ 1,89,960 പേർക്കായി 20.50 കോടി രൂപയും ചികിത്സാ ധനസഹായമായി അനുവദിച്ചു.
English Sammury: ldf government 2nd anniversary celebration-sc st department of kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.