17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 5, 2025
March 21, 2025
March 19, 2025
March 17, 2025
March 17, 2025
March 16, 2025
March 14, 2025
March 5, 2025
February 19, 2025

സാമ്പത്തിക ഉപരോധത്തിനെതിരെ 17ന് എല്‍ഡിഎഫ് മാര്‍ച്ച്

Janayugom Webdesk
തിരുവനന്തപുരം
March 14, 2025 10:47 pm

കേരളത്തോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച് സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയ കേന്ദ്ര ബജറ്റിലെ സമീപനങ്ങൾക്ക് എതിരെ 17ന് രാജ്ഭവനു മുമ്പിലും, മറ്റു ജില്ലകളിൽ നിയമസഭാ മണ്ഡല അടിസ്ഥാനത്തിലും നടത്തുന്ന മാർച്ചും ധർണയും വൻ വിജയമാക്കാൻ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അഭ്യർത്ഥിച്ചു.
സാർവത്രികമായ സ്വകാര്യവൽക്കരണമാണ് ബജറ്റ് മുന്നോട്ടുവച്ചത്. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം, സ്വകാര്യ മേഖലയിൽ ചെറുകിട ആണവ റിയാക്ടർ, ഊർജമേഖല സ്വകാര്യവൽക്കരണം, അഞ്ചുവർഷം കൊണ്ട് 10 ലക്ഷം കോടിയുടെ പൊതു ആസ്തി വില്പന തുടങ്ങിയവ കടുത്ത ജനവഞ്ചനയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം കൂട്ടിയില്ല, പക്ഷേ സമ്പന്നർക്ക് നികുതിയിളവ് നല്‍കി. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവയുടെ വിഹിതം വെട്ടിക്കുറച്ചു, കൃഷിയ്ക്കും അനുബന്ധ മേഖലകൾക്കും വിഹിതം കുറഞ്ഞു. വളത്തിന്റെ സബ്സിഡി 3,400 കോടി കുറച്ചു. വിള ഇൻഷുറൻസ് പദ്ധതി വിഹിതം വെട്ടിക്കുറച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് വിഹിതം കുറഞ്ഞു. 

ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികൾക്കും സംസ്ഥാനങ്ങൾ പണം ചെലവിടണം. സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ വരുമാന നഷ്ടം ഉണ്ടാകും. ബിജെപി അനുകൂല സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായം വാരിക്കോരി നൽകി. അവർക്ക് പുതിയ പദ്ധതികളും പ്രഖ്യാപിച്ചു. എന്നാൽ ബജറ്റിൽ കേരളം എന്ന് ഒരു വാക്കു പോലുമില്ല. എല്ലാ ജനവിഭാഗങ്ങളെയും ഏറെ ദുഃഖിപ്പിച്ച വയനാട് ദുരന്തത്തിൽ സഹായം ചെയ്യാൻ തയ്യാറായില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും സഹായമില്ല. സംസ്ഥാനം ആവശ്യപ്പെട്ട പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് പദ്ധതിക്കും അംഗീകാരമില്ല. അങ്കണവാടി, ആശ, ഉച്ചഭക്ഷണ പദ്ധതികൾക്കും വേതനം ഉയർത്തിയില്ല. അവഗണനയുടെ രാഷ്ട്രീയ രേഖയാണ് കേന്ദ്രബജറ്റ്. ബജറ്റിന്റെ ആകെത്തുക കേരളത്തോടുള്ള അവഗണനയും, ശത്രുതാപരമായ മനോഭാവവുമാണ്. ഈ ഹീന നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമാണ് 17ലെ ബഹുജന സമരം. മാർച്ചിലും, ധർണയിലും പങ്കാളികളായി കേരളത്തിന്റെ പ്രതിഷേധം പ്രകടിപ്പിക്കാൻ എല്ലാ ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. രാവിലെ 10 മണി മുതൽ ഉച്ചവരെയാണ് സമരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.