16 January 2026, Friday

Related news

January 16, 2026
December 13, 2025
October 25, 2025
October 20, 2025
June 17, 2025
June 6, 2025
April 16, 2025
March 21, 2025
February 17, 2025
February 8, 2025

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റം സൃഷ്ടിക്കും: ടി പി രാമകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
October 21, 2024 10:35 pm

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രധാനമായും ഉയര്‍ത്തുന്നത് വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ്. വര്‍ഗീയതയ്ക്കെതിരായ നിലപാടില്‍ ജനങ്ങളെ ഒന്നാകെ അണിനിരത്തുക എന്നുള്ളത് ഈ തെരഞ്ഞടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി എല്‍ഡിഎഫ് കാണുന്നു. കേരളത്തില്‍ യുഡിഎഫ് ബിജെപിയുമായി ചേര്‍ന്നുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ക്കെതിരായി നിലപാട് സ്വീകരിക്കുകയാണ്. ബിജെപിയോടൊപ്പം യുഡിഎഫിനെയും പരാജയപ്പെടുത്തുക എന്നതാണ് തെരഞ്ഞെടുപ്പിലെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേലക്കരയാണ് എല്‍ഡിഎഫിന്റെ കൈവശമുള്ള സീറ്റ്. പാലക്കാട് തിരിച്ചുപിടിക്കാനും വയനാട്ടില്‍ നല്ല നിലയില്‍ മുന്നേറ്റം സൃഷ്ടിക്കുവാനും സഹായകരമായ പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് ആസൂത്രണം ചെയ്തുകഴിഞ്ഞു. നവംബര്‍ ആറ് മുതല്‍ 10 വരെ മൂന്ന് മണ്ഡലങ്ങളിലായി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കും. എല്ലാ വര്‍ഗീയ നിലപാടുകളെയും എതിര്‍ത്ത് പരാജയപ്പെടുത്തുക എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വീകരിക്കുന്ന സമീപനം. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. പാലക്കാട് മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫുമായി മാറിക്കഴിഞ്ഞു. പഴയ രാഷ്ട്രീയ അന്തരീക്ഷമല്ല പാലക്കാട് നിലനില്‍ക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. 

വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിച്ച് നിര്‍ത്തുവാനാണ് കേന്ദ്രഭരണാധികാരികള്‍ ശ്രമിക്കുന്നത്. വയനാട് ദുരന്തബാധിതരെ സംരക്ഷിക്കുവാന്‍ സാധ്യമായ എല്ലാ നടപടികളും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ ഒരു സഹായവും വയനാടിന് വേണ്ടി നല്‍കുവാന്‍ തയ്യാറായിട്ടില്ല. സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് കേരള സര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. എല്‍ഡിഎഫ് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ശക്തമായി ഈ ആവശ്യം വീണ്ടും ഉയര്‍ത്തുകയാണ്. മാതൃകാപരമായ പുനരധിവാസ പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കുക എന്നുള്ളത് സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. കേന്ദ്രം എന്ത് നിലപാട് സ്വീകരിച്ചാലും ആ ഉത്തരവാദിത്തനിര്‍വഹണത്തില്‍ നിന്ന് കേരളം പിറകോട്ട് പോകില്ല. കേന്ദ്ര സമീപനം തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങാന്‍ കേരളത്തിലെ ബഹുജനങ്ങളോട് എല്‍ഡിഎഫ് അഭ്യര്‍ത്ഥിക്കുകയാണെന്നും ടിപി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.