വലതുപക്ഷം ആക്രമണോത്സുകമായ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നതാണ് സമീപകാല സാഹചര്യമെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ(എം) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാരെ ഉൻമൂലനം ചെയ്യലാണ് സംഘ പരിവാറിന്റെ ലക്ഷ്യം. അമിതാധികാരവും അടിച്ചമർത്തലും നടപ്പാക്കുന്നു. പൗരാവകാശങ്ങൾ ഇല്ലാതാക്കാനും കേന്ദ്ര സർക്കാര്‍ ശ്രമിക്കുന്നുവെന്ന് യെച്ചൂരി പറഞ്ഞു. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ കുത്തകസ്ഥാപനങ്ങളും വർഗീയ ശക്തികളും ചേർന്ന് രാജ്യത്തിന്റെ സമ്പത്തു കൊള്ളയടിക്കുന്നു. ഭരണഘടന അട്ടിമറിക്കാനാണ് ബിജെപിയും കേന്ദ്ര സർക്കാരും സംഘടിതമായി ശ്രമിക്കുന്നത്. ഇത് കാരണം പാർലമെന്റിന്റെയും കോടതിയുടെയും സ്വാതന്ത്ര്യമാണ് ഇല്ലാതാവുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനെയും നോക്കുകുത്തിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒരു കാര്യം സൂചിപ്പിക്കുകയുണ്ടായി. ‘ഇന്ത്യയിൽ ഒരു മൂലയിൽ മാത്രമാണ് ഇടതുപക്ഷമുള്ളത്, കേരളത്തിൽ മാത്രമാണുള്ളതെങ്കിലും ഏറെ അപകടകരമായ ഒരു പ്രത്യയശാസ്ത്രമാണ് അവർ പ്രതിനിധീകരിക്കുന്നത്. അത് ഈ രാജ്യത്ത് അപകടം സൃഷ്ടിക്കും. അതുകൊണ്ട് അവയെ ഇല്ലാതാക്കുക എന്നത് പ്രധാന ലക്ഷ്യമായി കാണുന്നു’ എന്നദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഈ പ്രത്യയശാസ്ത്രം അപകടകരമാകുന്നത്. ബിജെപി സർക്കാർ നടപ്പിലാക്കുന്ന, രാജ്യത്തിനെതിരായുള്ള എല്ലാ നയങ്ങൾക്കും എതിരായ ബദൽ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നു എന്നതുകൊണ്ടാണത്. രാജ്യത്തെ ആസ്തികൾ കൊള്ളയടിക്കുന്നതിനെതിരായ ബദൽ ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നു. ആ ബദൽ നയത്തിന്റെ പ്രയോഗ വേദിയായി കേരളം മാറുന്നു. അതുകൊണ്ടാണ് പ്രധാനമന്ത്രിയ്ക്ക് കേരളവും ഇടതുപക്ഷവും അപകടകരമായി തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറൈൻ ഡ്രൈവിലെ സമ്മേളന നഗറിന് മുന്നിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. കർമപരിപാടികൾക്ക് പുതിയ കാഴ്ചപ്പാട് നൽകാനുള്ള നയരേഖ ഇന്ന് വൈകിട്ട് നാലിന് പൊളിറ്റ് ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. വൈകീട്ട് അഞ്ചിന് അഭിമന്യു നഗറിൽ ഭരണഘടന‑ഫെഡറലിസം-മതനിരപേക്ഷത, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. കെ ചന്ദ്രൻ പിള്ള അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ എന്നിവർ സംസാരിക്കും.
English Summary:Left alternative can save the country: Sitaram Yechury
You like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.