സിപിഐ, സിപിഐ(എം) നേതൃത്വത്തിലുള്ള പാർലമെന്ററി സംഘം മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം തുടങ്ങി. ഇന്നലെ ഉച്ചയോടെയാണ് രാജ്യസഭാംഗവും സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായ പി സന്തോഷ്‌കുമാർ, തമിഴ്‌നാട്ടിൽ നിന്നുള്ള ലോക്‌സഭാംഗം കെ സുബ്ബരായൻ, സിപിഐ(എം) രാജ്യസഭാംഗങ്ങളായ ബികാസ് രഞ്ജൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ് എന്നിവര്‍ എത്തിയത്. ഇരുസംഘങ്ങളായാണ് വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. വാങ് ജിങ്, കൊടൊംപോപ്കി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ അന്തേവാസികളുമായി സംഘം ആശയവിനിമയം നടത്തി.
കേന്ദ്ര സേനയിലും സംസ്ഥാന സര്‍ക്കാരിലും വിശ്വാസം നഷ്ടപ്പെട്ട ജനങ്ങളെയാണ് വിവിധ ക്യാമ്പുകളില്‍ കാണാനായതെന്ന് സംഘം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ സന്നദ്ധ സംഘടനകളും പൗരപ്രമുഖരും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന സഹായമാണ് അന്തേവാസികള്‍ക്ക് ആശ്വാസമാകുന്നത്. സ്വന്തം പ്രദേശത്തേക്ക് തിരികെ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സൈന്യത്തെയും എതിര്‍വിഭാഗത്തില്‍പ്പെട്ട അക്രമികളെയും ഭയക്കുന്നതിനാല്‍ അതും ചെയ്യാനാകുന്നില്ല.
തിരിച്ചുപോകുന്നതുവരെ ജീവിക്കണമല്ലോ എന്നതുകൊണ്ട് ക്യാമ്പുകളില്‍ കൈത്തൊഴിലും മറ്റ് ചെയ്ത് ഉപജീവനം തേടുകയാണ് പലരും. ഒരു ക്യാമ്പില്‍ മെഴുകുതിരി നിര്‍മ്മാണത്തിലേര്‍പ്പെട്ട സ്ത്രീകളെയും കാണാനായി. അക്രമസംഭവങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുന്ന പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങിയാണ് ഇവര്‍ ഉല്പന്നങ്ങള്‍ വില്‍ക്കുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി എല്‍ തോയ്‌രേന്‍, മുന്‍ സംസ്ഥാന സെക്രട്ടറി എല്‍ സോതിന്‍ കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഇന്ന് സംഘത്തോടൊപ്പം ചേരും. ഇന്ന് ചുരാചന്ദ്പൂരില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്ന സംഘം വൈകിട്ട് മൂന്നിന് ഇംഫാലില്‍ 10 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലും പങ്കെടുക്കും. തുടര്‍ന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും.
നാളെ രാവിലെ ഉന്നത ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ നേതാക്കള്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്ന സംഘം ഇടതുപാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലും പങ്കെടുക്കും.
വീണ്ടും വെടിവയ്പ്: ഒരു മരണം
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ സ്കൂളിന് പുറത്തുണ്ടായ വെടിവയ്പില്‍ സ്ത്രീ മരിച്ചു. രണ്ട് മാസത്തിലേറെയായി തുടരുന്ന കലാപത്തിനിടെ, കഴിഞ്ഞ ദിവസമാണ് സ്കൂളുകള്‍ തുറന്നത്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മാപാവോ, അവാങ് മേഖലകളില്‍ രണ്ട് സായുധ സംഘങ്ങളുടെ ഏറ്റുമുട്ടല്‍ സൈന്യം തടഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് സ്ത്രീക്ക് നേരെ വെടിവയ്പ് ഉണ്ടായത്. തൗബാല്‍ ജില്ലയില്‍ ഐആര്‍ബി ഉദ്യോഗസ്ഥന്റെ വീടിന് ആള്‍ക്കൂട്ടം തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. കാങ്പോക്പിയിലും രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ സുരക്ഷാ സേന പരാജയപ്പെടുത്തി. അതേസമയം സംസ്ഥാനത്തെ ഇന്റര്‍നെറ്റ് വിലക്ക് അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
English Summary: Left Parliamentary Group in Manipur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.