11 December 2025, Thursday

Related news

October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025
July 9, 2025
July 8, 2025
July 8, 2025

തൊഴിലാളി വിഷയങ്ങളിൽ ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കണം: എഐടിയുസി

Janayugom Webdesk
കൊച്ചി
February 25, 2025 4:52 pm

തൊഴിലാളി വിഷയങ്ങളിൽ സർക്കാർ ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്ന് എഐടിയുസി സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആശ അങ്കണവാടി സ്കൂൾ പാചക തൊഴിലാളികൾ തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഉള്‍പ്പെടുന്നവരും, കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കീമുകളിൽ ജോലി ചെയ്യുന്നവരുമായി ലക്ഷക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ പ്രവര്‍ത്തിക്കുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തിന്‍റെ പുരോഗതിയിലും സാമൂഹിക ഉന്നമനത്തിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു തൊഴിലാളി വിഭാഗമായി ഇവർ മാറിയിട്ടുണ്ട്. ഈ തൊഴിലാളികൾക്ക് നാമമാത്രമായ തുകയാണ് വേതനമായി നൽക്കുന്നത്. 

രാജ്യത്ത് നിലവിലുള്ള മിനിമം വേജ്, മറ്റ് സാമൂഹിക സുരക്ഷ നിയമങ്ങൾ ഒന്നും ബാധകമാക്കാതെ കേവലം അടിമകളെ പോലെ പണിയെടുപ്പിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. തൊഴിലാളി സംഘടനകൾ യോജിച്ചു നിന്നുകൊണ്ട് ദീർഘകാലമായി ഇവരുടെ അവകശങ്ങൾക്കു വേണ്ടി സമരങ്ങൾ നടത്തിയിട്ടും സുപ്രീം കോടതിയിൽ നിന്നും വിവിധ ഹൈക്കോടതികളിൽ നിന്നും തൊഴിലാളികൾക്ക് അനുകൂലമായി വിധി പ്രസ്താവങ്ങൾ ഉണ്ടായിട്ടും അവയൊന്നും നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. ഐഎൽഒ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും സർക്കാർ തന്നെ ലംഘിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

പല കേന്ദ്രാവിഷ് കൃത പദ്ധതികളും താരതമ്യേന മെച്ചപെട്ട രീതിയിലാണ് കേരളത്തിൽ നടപ്പിലാക്കുന്നതെങ്കിലും മറ്റ് മേഖലകള അപേക്ഷിച്ച് തുലോം തുച്ഛമായ വേതനത്തിലാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. തൊഴിലാളി പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുവാൻ ബാധ്യസ്ഥരായ ഇടതുപക്ഷ സർക്കാരിന്‍റെ ഭാഗത്ത് നിന്നും തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളും, ഭരണപരമായ നടപടികളും ഉണ്ടാകണം. സമരം ചെയ്യുന്ന തൊഴിലാളികളോടും, ജീവനക്കാരോടും അവരുടെ ട്രേഡ് യൂണിയന്‍ സംഘടനകളോടും യാതൊരു വിധത്തിലുള്ള പ്രതികാര നടപടികളും ഉണ്ടാകാന്‍ പാടില്ല. അവകാശ സമരങ്ങളെ ജനാധിപത്യപരമായി ചർച്ച ചെയ്ത് പരിഹാരം കാണുവാൻ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രസിഡന്‍റ് ടി ജെ ആഞ്ചലോസിന്‍റെ അദ്ധ്യക്ഷതയില്‍ എറണാകുളത്ത് ചേര്‍ന്ന എഐടിയുസി സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാളെ (ഫെബ്രുവരി 27 ന്) സംസ്ഥാനത്ത് നടക്കുന്ന തീരദേശ ഹര്‍ത്താല്‍ വമ്പിച്ച വിജയമാക്കാന്‍ എഐടിയുസി എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ഥിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.