കേരളത്തിന്റെ കാർഷികമേഖല അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും പാതയിലാണ്. പ്രകൃതിദുരന്തങ്ങൾ ജീവനും, സ്വത്തിനും ഭീഷണിയാകുന്നതോടൊപ്പം കാർഷിക മേഖലയെയും ഏറെ പ്രതിസന്ധിയിലാക്കുകയാണ്. പ്രത്യേകമായ ഭൗമവിശേഷതകൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ കാർഷികമേഖലയ്ക്ക് ഭീഷണി സൃഷ്ടിയ്ക്കുന്നു. മഴക്കെടുതി മൂലമുണ്ടാവുന്ന പ്രളയം, അതിതീവ്രവും കാലംതെറ്റി പെയ്യുന്നതുമായ മഴ, വരൾച്ച, ശക്തമായ കാറ്റ് എന്നിവ കൃഷിയിടത്തെയും, കാർഷിക വിളകളെയും സാരമായി ബാധിക്കുന്നു. 2018ലും തുടർന്നും ഉണ്ടായ പ്രളയങ്ങളും മഴക്കെടുതിയും മണ്ണിന്റെയും കൃഷിയിടത്തിന്റെയും സ്വാഭാവികതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് കാർഷികോല്പാദനത്തെ സാരമായി ബാധിക്കുകയും കർഷകരുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുകയും ചെയ്തിരിക്കുന്നു.
കാർഷിക മേഖലയിലെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ഒരു ദീർഘകാല കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്. പ്രകൃതിയെ മനസിലാക്കുന്ന ഒരു കൃഷിരീതിയിലേക്ക് നാം മടങ്ങണം. നിർഭയം കൃഷി ചെയ്ത് നമ്മെ തീറ്റിപ്പോറ്റുന്നതിനും ജീവസന്ധാരണത്തിന് മതിയായ തുക കണ്ടെത്തുവാനും കർഷകർക്ക് സാധ്യമാകണം. ഇതിനുള്ള സാഹചര്യം ഒരുക്കി നൽകേണ്ടത് ജനഹിതമറിയുന്ന ഒരു സർക്കാരിന്റെ കടമയാണ്. ഭൂമിയുടെ ഘടനയെ പൂർണമായി സംരക്ഷിച്ചുകൊണ്ട് സസ്യലതാദികളുടെ വളർച്ച ഈ ഘടനയ്ക്ക് അനുപൂരകമാക്കിയ ഒരു കൃഷിരീതി കേരളമൊട്ടാകെയും പ്രത്യേകിച്ച് പശ്ചിമഘട്ടം ഉൾപ്പെടുന്ന പരിസ്ഥിതിലോല പ്രദേശങ്ങൾ കേന്ദ്രീകരിച്ചും ആവിഷ്കരിക്കേണ്ടതുണ്ട്. ദേശീയ അന്തർദേശീയ വിദഗ്‌ധരെ ഉൾപ്പെടുത്തി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ സുവ്യക്തമായ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന ശ്രമത്തിലാണ് സർക്കാർ.
മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താനും നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുമുള്ള ഇടപെടലുകൾ ആരംഭിച്ച് കഴിഞ്ഞു. മണ്ണ് — ജല സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയും നൂതനവും നവീനവുമായ കൃഷിരീതികൾ നടപ്പിലാക്കിയും ഡിജിറ്റൽ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചും പുത്തന്‍ വിത്തിനങ്ങൾ വികസിപ്പിച്ചെടുത്തും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുവാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്. ഇതിനായി പ്രത്യേകമായ കാർഷിക മുറകളും കാർഷികോപകരണങ്ങളും യന്ത്രങ്ങളും ഒരുക്കിയെടുക്കേണ്ടതുണ്ട്. സ്ഥായിയായതും കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതുമായ ഒരു കാർഷിക മേഖല സൃഷ്ടിക്കുവാൻ ലോക ബാങ്ക് സാമ്പത്തിക സഹായം നൽകുന്ന ‘കേര പദ്ധതി’ (കേരള ക്ലെെമറ്റ് റിസെെലന്റ് അഗ്രിവാല്യു ചെയിന്‍ മോഡണെെസേഷന്‍ പ്രൊജക്ട്) ഊർജം നൽകും എന്നതില്‍ സംശയമില്ല.
നവീന കൃഷി രീതികളും നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളും കാർഷിക മേഖലയിൽ ഉപയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സർക്കാർ ഇടപെടൽ ശക്തമാക്കിയിട്ടും, കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാവർധനവുമൂലം കൃഷിയിടങ്ങളിൽ ഉണ്ടാകുന്ന ശോഷണം, വന്യമൃഗശല്യം മുതലായ കാരണങ്ങളാൽ ഉല്പാദനത്തിലും വരുമാനത്തിലും കുറവു സംഭവിക്കുന്നത് കാർഷിക മേഖല നേരിടുന്ന പ്രധാന പ്രശ്നമാണ്. പ്രശ്നങ്ങൾ യഥാസമയം മനസിലാക്കി കർഷകരെ പിന്തുണയ്ക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ഇതിനായി ‘കൃഷി ഉദ്യോഗസ്ഥർ കൃഷിയിടത്തിൽ’ മുഴുവൻ സമയവും കർഷകരുടെ പ്രശ്നപരിഹാരത്തിനായി ഉണ്ടാകണം എന്നാണ് ആഗ്രഹിക്കുന്നത്. ഇത് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊണ്ടുകഴിഞ്ഞു. മണ്ണിന്റെ ഘടന മുതൽ ഉല്പന്നത്തിന്റെ വിപണനസാധ്യത വരെയുള്ള എല്ലാ കാര്യങ്ങളും കർഷകനും കൃഷി ഉദ്യോഗസ്ഥർക്കും ഒരുപോലെ മനസിലാക്കുവാൻ ഉതകുന്ന സംവിധാനം തയ്യാറാക്കിയിരിക്കുകയാണ്. അതാണ് ‘കതിർ സോഫ്റ്റ്‌വേർ’.
കതിർ സോഫ്റ്റ്‌വേറിനോടൊപ്പം കർഷക സൗഹൃദമായ മൊബൈൽ ആപ്പും തയ്യാറായിട്ടുണ്ട്. ഈ സോഫ്റ്റ്‌വേർ കൃഷി വകുപ്പിനെ കടലാസുരഹിത സംവിധാനത്തിലേക്ക് നയിക്കുന്നതോടൊപ്പം കൃഷിയിടത്തിലെ പ്രശ്നങ്ങളെല്ലാം കൃഷി ഉദ്യോഗസ്ഥർക്ക് വീക്ഷിക്കുവാനും പരിഹാരമാർഗങ്ങൾ യഥാസമയം നിർദേശിക്കുവാനും സാധ്യമാക്കും. ഇതിന്റെ ഒന്നാം ഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. മൂന്നു ഘട്ടങ്ങളിലായി പൂർത്തീകരിക്കപ്പെടുന്ന സോഫ്റ്റ്‌വേര്‍ പൂർണമാകുന്നതോടെ കാർഷിക മേഖലയിൽ സമ്പൂര്‍ണ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ആദ്യസംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സാധിക്കും.
കൃഷിയിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുവാൻ സാധ്യമായ പ്രധാനപ്പെട്ട പദ്ധതിയായിരുന്നു ‘ഞങ്ങളും കൃഷിയിലേക്ക്’. ഈ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കൃഷിക്കൂട്ടങ്ങളും ഇവയുടെ മേഖല തിരിച്ചുള്ള പ്രവർത്തനവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നൽകുന്ന പിന്തുണയും വാർഡ്തലത്തിലും, പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ഉല്പാദന‑വിളനിർണയ- വിപണന പ്ലാനുകൾക്ക് ജീവൻ നൽകിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി പുതുമയുള്ള നിരവധി പദ്ധതികൾ കർഷക ക്ഷേമത്തിനു വേണ്ടി ഒരുക്കുന്നുണ്ട്. കാർഷിക മേഖലയുടെ സമ്പൂർണ വികസനം ലക്ഷ്യമാക്കിയ കൃഷി സമൃദ്ധി, വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള തരിശുഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യിക്കുവാനുള്ള നവോത്ഥാൻ, താല്പര്യമുള്ളവർക്ക് ഭൂമി ഏറ്റെടുത്ത് ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുവാൻ ഉതകുന്ന സേവനകരാർ എന്നിവ ആരംഭിക്കുകയാണ്.
കൃഷിവകുപ്പിന്റെ പ്രവർത്തന സുതാര്യത ജനങ്ങളിൽ എത്തിക്കുവാനുമുള്ള വെളിച്ചം പദ്ധതി, എല്ലാ പ്രവർത്തനങ്ങളും നേരിൽ കാണുവാനും വിലയിരുത്തുവാനും പൊതുസമൂഹത്തിന് അവസരം നൽകുന്നതാണ്. വകുപ്പിൽ നിന്നും ലഭ്യമാകുന്ന കാർഷിക സേവനങ്ങൾ വിലയിരുത്തുവാൻ കർഷകർക്ക് അവസരം നൽകുന്ന ‘അനുഭവം പദ്ധതി‘യും പുതുമയുള്ളതാണ്. കേരളത്തിലെ കാർഷികോല്പന്നങ്ങളുടെ അന്താരാഷ്ട്ര മാർക്കറ്റ് ലക്ഷ്യംവച്ച് ആരംഭിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനിയുടെ ആസ്ഥാന മന്ദിരവും എക്സിബിഷൻ സെന്ററും കൃഷിവകുപ്പിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്.
കർഷകന്റെ സാങ്കേതിക — സാമ്പത്തിക — സാമൂഹിക ക്ഷേമ സംബന്ധമായ എല്ലാ വെല്ലുവിളികളെയും പങ്കാളിത്ത രീതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നേരിടാനുള്ള തുടക്കമാണ് കൃഷി സമൃദ്ധി പ്രോഗ്രാം. കൃഷിഭവൻ/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രൂപീകൃതമായിട്ടുള്ള കൃഷിക്കൂട്ടങ്ങളുടെ ശാക്തീകരണത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദ്വിതീയ കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ടുള്ള പദ്ധതി നടത്തിപ്പുരീതിയായിരിക്കും അനുവർത്തിക്കപ്പെടുക. കൃത്യമായ നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള കാർഷിക വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക, കർഷകന് സ്ഥായിയായ സാമ്പത്തിക ഉന്നമനം, കാർഷിക മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വികസനം, സാധ്യമായ വിളകളിലെല്ലാം ഭക്ഷ്യസ്വയംപര്യാപ്തത, പോഷക ഭദ്രതയിലൂടെയും സുരക്ഷിതഫലത്തിലൂടെയും കേരളീയരുടെ ആരോഗ്യം സംരക്ഷിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. മൂന്നുഘട്ടമായി കേരളത്തിലെ കാർഷിക സാധ്യതയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഈ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കും.
യുവതയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക, ഒരു വാർഡിൽ ഓരോ വർഷവും അഞ്ച് പുതിയ കർഷകർ എന്ന നിരക്കിൽ വർഷം ഒരുലക്ഷം കർഷകരെ സൃഷ്ടിയ്ക്കുക, സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷ്യോല്പാദനം, പോഷകസമൃദ്ധി മിഷൻ, ജൈവ കാർഷിക മിഷൻ എന്നിവ സംയോജിപ്പിച്ച് നടപ്പിലാക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു.
നവീന കാർഷികമുറകളും നൂതന സാങ്കേതികവിദ്യകളും ഫലപ്രദമായി കാർഷിക മേഖലയിൽ ഉപയോഗിക്കുവാനുള്ള നടപടി ആയിക്കഴിഞ്ഞു. തുള്ളിനന സംവിധാനം വ്യാപകമാക്കിയും പോളിഹൗസ് കൃഷിരീതി പ്രോത്സാഹിപ്പിച്ചും ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് കൃഷിരീതികൾക്ക് പിന്തുണ നൽകിയുമാണ് നവീന കാർഷികമുറകൾ വ്യാപകമാക്കുവാനുള്ള നടപടികൾ ആരംഭിച്ചത്.
2026 ലക്ഷ്യമാക്കി ഹ്രസ്വകാല കാഴ്ചപ്പാടോടെയും 2033 ലക്ഷ്യമാക്കി ദീർഘകാല കാഴ്ചപ്പാടോടെയും കൃഷി വകുപ്പ് മുന്നോട്ടു പോവുകയാണ്. ഭക്ഷ്യസ്വയംപര്യാപ്തത, സുരക്ഷിത ഭക്ഷണം, കർഷകന്റെ വരുമാനം ഇരട്ടിയാക്കൽ, പുതിയ തൊഴിലവസരങ്ങൾ, കാലാവസ്ഥയ്ക്ക് അനുസൃതമായ കൃഷിരീതി, നവീന കൃഷി രീതികളുടെയും നൂതന ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും പൂർണമായ ഉപയോഗപ്പെടുത്തൽ, യുവാക്കളുടെയും സ്ത്രീകളുടെയും കാർഷിക മേഖലയിലെ പങ്കാളിത്തം ഉയർത്തൽ തുടങ്ങിയ ലക്ഷ്യങ്ങൾ സർക്കാരിന്റെ മുൻഗണനാ പദ്ധതികളായി തിരഞ്ഞടുത്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനായി വിവിധ വകുപ്പുകളുടെ സംയോജനം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതോടെ ഒരു പുതിയ കാർഷിക കേരളം ഉണ്ടാകുമെന്നുള്ളതിന് സംശയമില്ല. അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.