6 December 2025, Saturday

പലസ്തീനോട്‌ ഐക്യപ്പെടാം

ടി ടി ജിസ് മോന്‍ 
എഐവെെഎഫ് സംസ്ഥാന സെക്രട്ടറി
October 13, 2025 4:30 am

1938 നവംബർ ഒമ്പതിന്റെ ക്രിസ്റ്റൽനാക് (തകർക്കപ്പെട്ട കുപ്പിച്ചില്ലുകളുടെ രാത്രി) ഓടെ ആരംഭിച്ച ജർമ്മനിയിലെ ജൂതർക്കെതിരായ കൂട്ടവംശഹത്യക്ക് (ഹോളോ കോസ്റ്റ്) ന്യായീകരണമായി അന്ന് ഹിറ്റ്ലറും സംഘവും ചൂണ്ടിക്കാണിച്ചത് ഒരു ജർമ്മൻ നയതന്ത്ര പ്രതിനിധിയെ ജൂത വിഭാഗത്തിൽപ്പെട്ട ചെറുപ്പക്കാരൻ പാരിസിൽ വച്ച് വെടിവച്ചുകൊന്നു എന്നതായിരുന്നു. ഹിറ്റ്‌ലര്‍ യഹൂദരോട് കാട്ടിയ ക്രൂരതകള്‍ പൊതുവെ ചര്‍ച്ച ചെയ്യപ്പെടുന്നതാണെന്നും എന്നാൽ പലസ്തീൻ ജനതയോട് ഇസ്രയേൽ കാണിക്കുന്ന ക്രൂരതകൾ അതിനെക്കാള്‍ ഭീകരമാണെന്നും പലസ്തീൻ സന്ദര്‍ശിച്ച അന്തരിച്ച കോൺഗ്രസ്‌ നേതാവ് എ സുജനപാൽ തന്റെ ‘പൊരുതുന്ന പലസ്തീൻ’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “ഹിറ്റ്‌ലര്‍ ശവം കുഴികളിലിട്ട് മൂടിയിരുന്നു. ബെഗിനും ഷാരോണും ശവങ്ങള്‍ തെരുവുകളില്‍ ചീഞ്ഞു പുഴുക്കാനിടുന്നു” എന്നാണ് അദ്ദേഹത്തിന്റെ പുസ്തകത്തിലെ പരാമർശം. അറേബ്യൻ മേഖലയുടെ അഖണ്ഡത തകര്‍ത്ത് അതിന്റെ ഹൃദയഭാഗത്ത് സാമ്രാജ്യത്വ അജണ്ടകൾക്കുവേണ്ടി നിലകൊള്ളുന്ന സയണിസ്റ്റ് ഭീകരത, നിരാലംബരായ പലസ്തീൻ ജനതയ്ക്കുമേൽ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. 2023 ഒക്ടോബർ ഏഴിന് ഹമാസ് അഴിച്ചുവിട്ട ആക്രമണത്തിന്റെ പ്രതിരോധമെന്ന പേരിൽ വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുള്ള ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ ഇതിനോടകം 67,000ത്തിൽ പരം പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു.

അതിൽ 9,735 വനിതകളും 18,430 കുട്ടികളുമുണ്ട്. തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽപ്പെട്ട് കിടക്കുന്ന പതിനായിരങ്ങളുടെ കണക്ക് കൂടി വരുമ്പോൾ മരണസംഖ്യ ലക്ഷത്തിന് മുകളിലെത്തും. യുണിസെഫിന്റെ കണക്കുകൾ പ്രകാരം മണിക്കൂറിൽ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു. യുഎൻ കണക്കനുസരിച്ച് 4,36,000ത്തിൽ പരം വീടുകളാണ് തകർന്നത്. ഗാസയിലെ മൊത്തം 90% കെട്ടിടങ്ങളും നശിച്ചു. വിദ്യാലയങ്ങളും ആശുപത്രികളും ഭക്ഷണവിതരണ കേന്ദ്രങ്ങളും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും മരുന്നും ഭക്ഷണവുമടക്കം ഗാസയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര സഹായങ്ങളും തടയുകയും ചെയ്യുകയാണ് ഇസ്രയേൽ. ഭക്ഷണം ലഭ്യമാക്കിയില്ലെങ്കിൽ ഒരു ലക്ഷം കുട്ടികളെങ്കിലും വെെകാതെ മരിച്ചുവീഴുമെന്നാണ് യുഎൻ കണക്ക്. ഇതിൽ 40,000 കുട്ടികൾ ഒരു വയസിന് താഴെയുള്ളവരാണെന്നോർക്കണം. ക്രിസ്തുവിന് മുമ്പ് 12-ാം നൂറ്റാണ്ടിൽ മെഡിറ്ററേനിയൻ സമുദ്രത്തിനും ജോർദാൻ നദിക്കും ഇടയിലുള്ള പ്രദേശത്ത് അധിവസിച്ചിരുന്ന ‘ഫിലിസ്തിയൻ ‘എന്ന ജനസമൂഹത്തിൽ നിന്നാണ് ‘പലസ്തീൻ’ എന്ന പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. ബൈബിളിൽ ‘കനാൻ’ എന്നും ഖുറാനിൽ ‘കൻആൻ’ എന്നും ഈ പ്രദേശത്തെ വായിക്കാൻ കഴിയുന്നുണ്ട്. അബ്രഹാമിന്റെ മകന്‍ ഇസഹാക്കിന്റെ മകൻ യാക്കോബിന്റെ സന്തതികളെന്നാണ് ഇരു മത ഗ്രന്ഥങ്ങളും ഇസ്രയേൽ ജനതയെ പരിചയപ്പെടുത്തുന്നത്. യാക്കോബിന് ‘ഇസ്രയേൽ ‘എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതായും രണ്ടിടങ്ങളിലും വായിക്കാൻ കഴിയും. ചരിത്രത്തിലാകട്ടെ, സാമ്രാജ്യത്വ ശക്തികളുടെ അജണ്ടയിൽ അറബ് വംശജരായ പലസ്തീനികളുടെ ജന്മഭൂമി അപഹരിച്ച് ഇസ്രയേൽ രാഷ്ട്രം രൂപം കൊള്ളുന്നതിന് വർഷങ്ങൾക്ക് മുമ്പുതന്നെ പലസ്തീനിൽ ഒരു യഹൂദരാഷ്ട്രം സ്ഥാപിക്കണമെന്ന് നിഷ്കർഷിക്കുന്ന സയണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനം രൂപപ്പെട്ടുവന്നിരുന്നു.

1453ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്ത തുര്‍ക്കികളാണ് അക്കാലത്ത് പലസ്തീൻ പ്രദേശം ഭരിച്ചിരുന്നത്. ഓട്ടോമന്‍ തുര്‍ക്കികള്‍ എന്നറിയപ്പെട്ടിരുന്ന ഇവര്‍ റോമാക്കാരുടെ ബൈസന്റയിന്‍ ഭരണകൂടത്തെ തകര്‍ത്തുകൊണ്ട് അധികാരത്തിലേക്ക് വരികയായിരുന്നു. 1914ല്‍ ആരംഭിച്ച ഒന്നാം ലോക മഹായുദ്ധത്തില്‍ തുര്‍ക്കി നയതന്ത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാല്‍ ജര്‍മ്മനിയുടെ കൂടെ നിന്നു. യുദ്ധത്തില്‍ വിജയിച്ച ബ്രിട്ടൻ, തുര്‍ക്കിക്ക് കീഴിലായിരുന്ന പലസ്തീൻ പോലുള്ള പ്രദേശങ്ങള്‍ അറബ് മുസ്ലിം രാജ്യങ്ങളാക്കുമെന്ന തങ്ങളുടെ മുൻ പ്രഖ്യാപനം യുദ്ധാനന്തരം ലംഘിക്കുകയായിരുന്നു. 1919ല്‍ പാരീസില്‍ നടന്ന ‘വെര്‍സയില്‍സ്’ കരാര്‍ പ്രകാരം ഓട്ടോമന്‍ സാമ്രാജ്യത്തെ ബ്രിട്ടനും ഫ്രാന്‍സും വീതിച്ചെടുത്തപ്പോൾ പലസ്തീൻ ബ്രിട്ടന്റെ കീഴിലായി. അതിന് മുമ്പുതന്നെ 1917ൽ ‘ബാല്‍ഫര്‍ പ്രഖ്യാപന’ത്തിലൂടെ സയണിസ്റ്റ് താല്പര്യങ്ങൾക്കൊത്തവിധം പലസ്തീനിൽ യഹൂദർക്കുവേണ്ടി ഒരു രാജ്യം സ്ഥാപിക്കാനായുള്ള ബ്രിട്ടീഷ് കുടിലതന്ത്രം മറനീക്കി പുറത്തുവന്നിരുന്നു. 1948 മേയില്‍ നിലവിൽവരത്തക്കവിധം പലസ്തീനെ യഹൂദ — അറബ് രാഷ്ട്രങ്ങളായി വിഭജിക്കുന്ന 181-ാം നമ്പർ പ്രമേയം ഐക്യരാഷ്ട്ര പൊതുസഭ 1947 നവംബറിൽ അംഗീകരിച്ചു. പലസ്തീനെ യഹൂദർക്കും അറബികള്‍ക്കും രണ്ട് രാഷ്ട്രങ്ങളായി വീതംവച്ച് നല്‍കാനുള്ള ഐക്യരാഷ്ട്ര സഭ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് 1948 മേയ് 15ന് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ ഇസ്രയേല്‍ രൂപീകൃതമാവുന്നത്. അറബ്- ജൂത സംഘർഷം പരമാവധി മുതലെടുത്തുകൊണ്ട് 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ പലസ്തീൻ പ്രദേശത്ത് ആധിപത്യമുറപ്പിക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വ തന്ത്രം വിഷയത്തെ കൂടുതൽ സങ്കീർണമാക്കി. വിഭജിച്ച് ഭരിക്കുകയെന്ന നയത്തിലൂടെ ജനങ്ങൾക്കിടയിൽ ഭിന്നതകള്‍ പടര്‍ത്തി പരസ്പരം അവിശ്വാസം ജനിപ്പിക്കുകയും പോരടിപ്പിക്കുകയും ചെയ്യുന്ന പതിവ് രീതി ഇവിടെയും അമേരിക്ക സ്വീകരിച്ചു. 1948നും 62നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ മാത്രം 320 കോടി ഡോളറാണ് ഇസ്രയേലിന്റെ സാമ്പത്തിക വികസനത്തിനും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അമേരിക്ക നൽകിയത്. ഇപ്പോഴും അവർക്ക്‌ 65% ആയുധങ്ങളും നൽകുന്നത് അമേരിക്കയാണ്.

1948 മേയ് 15ന് പൊട്ടിപ്പുറപ്പെട്ട ഇസ്രയേൽ — അറബ് യുദ്ധത്തില്‍ അമേരിക്കയും പാശ്ചാത്യ ലോകവും ഇസ്രയേലിനെയാണ് പിന്തുണച്ചത്. പഴയ പലസ്തീനിലും സിനായി ഉപദ്വീപിലും തെക്കൻ ലബനനിലുമായി നടന്ന യുദ്ധം 1949 മാർച്ച് വരെ നീണ്ടുനിന്നു. തൽഫലമായി 538 പലസ്തീന്‍ ഗ്രാമങ്ങള്‍ ഇല്ലായ്മ ചെയ്യാനും അവിടത്തുകാരെ ആട്ടിയോടിച്ച് അവരുടെ ഭൂമിക്കുമേല്‍ ആധിപത്യം നേടാനും ഇസ്രയേലിന് കഴിഞ്ഞു. 1967 ജൂണ്‍ അഞ്ചിന് പലസ്തീനും സീനായും ജൂലാനും പിടിച്ചടക്കിയ ഇസ്രയേൽ അധിനിവേശത്തിന് പിന്നിലും അമേരിക്കയുണ്ടായിരുന്നു. ഈ യുദ്ധത്തില്‍ പലസ്തീനിലെ കിഴക്കൻ ജറുസലേമിന്റെയും വെസ്റ്റ് ബാങ്കിന്റെയും നിയന്ത്രണം ജോർദാനിൽ നിന്നും, ഗാസാ മുനമ്പും സിനായ് ഉപദ്വീപും ഈജിപ്തിൽ നിന്നും, ഗോലാൻ കുന്നുകൾ സിറിയയിൽ നിന്നും ഇസ്രയേൽ പിടിച്ചെടുത്തിരുന്നു. 1982ല്‍ തെക്കന്‍ ലബനന്‍ പിടിച്ചടക്കിയ യുദ്ധത്തിലും അമേരിക്കയുടെ പരസ്യപിന്തുണ ഇസ്രയേലിനുണ്ടായിരുന്നു. 2004 ഏപ്രില്‍ 14ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, ഏരിയൽ ഷാരോണിന് നൽകിയ കത്തിൽ വെസ്റ്റ്ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ ഇസ്രയേലിന്റെ ഭാഗമായി നിലനിര്‍ത്തുമെന്ന ഉറപ്പ് നൽകിയതും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മറ്റൊരു ഗൂഢനീക്കമായിരുന്നു. പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള സാമ്രാജ്യത്വ മുതലാളിത്ത ശക്തികളുടെ ഗൂഢാലോചനയെ തുടക്കം മുതൽ എതിർത്ത പാരമ്പര്യമാണ് ഇന്ത്യയുടേത്. 1947ൽ പലസ്തീൻ വിഭജിച്ച് ഇസ്രയേൽ രൂപീകരിക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിനും 1949ൽ ഇസ്രയേലിന് ഐക്യരാഷ്ട്ര സഭയിൽ അംഗീകാരം നൽകണമെന്ന യുഎൻ പൊതുസഭയിലെ പ്രമേയത്തിനും എതിരായി ഇന്ത്യ വോട്ട് ചെയ്തു.

1946 ജൂലെെ 14ന് ‘ഹരിജനി’ലെ ലേഖനത്തിൽ സാമ്രാജ്യത്വത്തിന്റെയും കൂട്ടാളികളുടെയും സയണിസ്റ്റ് വിധേയത്വത്തെ തുറന്നെതിർത്തുകൊണ്ട് ഗാന്ധിജി എഴുതിയത് ഇങ്ങനെയായിരുന്നു — ‘‘അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ, ഇപ്പോൾ നഗ്നമായ ഭീകരപ്രവർത്തനത്തിലേർപ്പെട്ടും പലസ്തീനിൽ സ്വയം അധികാരമുറപ്പിക്കാൻ ശ്രമിക്കുന്ന ജൂതർ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്യുന്നത് എന്നാണ് എന്റെ അഭിപ്രായം. പലസ്തീനിൽ ബലം പ്രയോഗിച്ച് കടന്നുകയറുന്നതിന് ജൂതർ എന്തിനാണ് ഭീകരതയെ ആശ്രയിക്കുന്നത്? ഏറെക്കുറെ പരിഹരിക്കാനാവാത്തതാണെന്ന് തോന്നുന്ന ഒരു പ്രശ്നമായി അത് മാറിയിരിക്കുകയാണ്. ഒരു ജൂതനായിരുന്നെങ്കിൽ ഭീകരതയെ ആശ്രയിക്കുന്നത്ര അല്പന്മാരാകരുത് എന്ന് ഞാനവരോട് പറയുമായിരുന്നു’’. എന്നാൽ 1991ൽ നരസിംഹ റാവു സര്‍ക്കാര്‍ ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിച്ചു കൊണ്ട് കോളനി മേധാവിത്വത്തോടുള്ള വിധേയത്വം ഊട്ടിയുറപ്പിക്കുകയായിരുന്നു. അടൽ ബിഹാരി വാജ്പേയിയുടെ ബിജെപി സര്‍ക്കാരാകട്ടെ 2000ത്തിൽ ഉപപ്രധാനമന്ത്രി എൽ കെ അഡ്വാനിയെയും വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങിനെയും ഇസ്രയേലിലേക്കയച്ച് അവരുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ ബന്ധം ശക്തിപ്പെടുത്തുന്ന നീക്കങ്ങൾ ആരംഭിച്ചു.

2003 സെപ്റ്റംബർ എട്ടിന് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഇന്ത്യ സന്ദർശിച്ചതോടെ സാമ്രാജ്യത്വത്തിന്നെതിരെയുള്ള ഇന്ത്യൻ ശബ്ദം കൂടുതൽ മയപ്പെട്ടു. ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരുകൾ ഇന്ത്യന്‍ വിദേശ നയത്തിൽ നിന്ന് വ്യതിചലിച്ച് ഇസ്രയേലുമായി സൈനിക ഉടമ്പടികളിലും ആയുധക്കരാറുകളിലും ഏര്‍പ്പെടുകയും ചെയ്തു. ഇസ്രയേല്‍ രൂപീകരണത്തിനു ശേഷം അവിടെ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡിയാകട്ടെ സയണിസ്റ്റ് ഭീകരതയെ പൂർണമായും പിന്തുണയ്ക്കുന്ന നിലപാടിലേക്ക് മാറിയിരിക്കുന്നു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ ഒരക്ഷരം ഉരിയാടാതെ അവരുമായി ഉഭയകക്ഷി നിക്ഷേപക്കരാറിൽ ഒപ്പുവയ്ക്കാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ആശംസ നേരാനുമാണ് മോഡിക്ക് താല്പര്യം. അന്താരാഷ്ട നിയമങ്ങൾക്കും മനുഷ്യാവകാശ സങ്കല്പങ്ങൾക്കും വിരുദ്ധമായി ഒരു ജനതയെ ഉന്മൂലനം ചെയ്യുക എന്ന ഹീനലക്ഷ്യം മുൻ നിർത്തി അധിനിവേശ പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന നിഷ്ഠുരമായ കടന്നാക്രമണത്തിനെതിരെ ലോകമെമ്പാടും കടുത്ത പ്രതിഷേധങ്ങളുയരുന്നു. “ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുക പലസ്തീനോടൊപ്പം നിൽക്കുക” എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ട് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ ‘ഹ്യൂമൺ സ്ട്രീറ്റ് മീറ്റ്’ സംഘടിപ്പിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.