5 December 2025, Friday

Related news

December 5, 2025
December 5, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025
December 1, 2025
December 1, 2025
November 26, 2025
November 26, 2025

ഒളിമ്പിക്‌സ് വേദി അഹമ്മദാബാദിന് നൽകണമെന്ന് ‘ലെറ്റർ ഓഫ് ഇന്റന്റ്’ കൈമാറി; തിരുവനന്തപുരത്തെ ജനങ്ങളെ പറ്റിക്കാൻ ബിജെപി നടത്തുന്നത് ചെപ്പടിവിദ്യ, മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
December 1, 2025 3:41 pm

2036‑ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രസ്താവിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റിയെ ഒളിമ്പിക്‌സ് വേദിയാക്കാൻ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ ‘ലെറ്റർ ഓഫ് ഇന്റന്റ്’ കൈമാറിക്കഴിഞ്ഞു. ഈ യാഥാർത്ഥ്യം മറച്ചുവെച്ച് വോട്ട് തട്ടാനാണ് രാജീവ് ചന്ദ്രശേഖരനും ബിജെപിയും ശ്രമിക്കുന്നത്.

2036‑ലെ ഒളിമ്പിക്‌സിന് മുന്നോടിയായി, ഇന്ത്യയുടെ കായിക സൗകര്യങ്ങൾ തെളിയിക്കുന്നതിനായി 2030‑ലെ കോമൺവെൽത്ത് ഗെയിംസ് അഹമ്മദാബാദിൽ നടത്താനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. അഹമ്മദാബാദിലെ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഉയർത്തിക്കാട്ടിയാണ് ഇന്ത്യ ഒളിമ്പിക്‌സ് അവകാശവാദം ഉന്നയിക്കുന്നത്. സ്വന്തം സർക്കാർ ഗുജറാത്തിനെ വേദിയായി നിശ്ചയിച്ച് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ്, ഇതൊന്നുമറിയാത്ത പോലെ കേരളത്തിൽ വന്ന് ഒളിമ്പിക്‌സ് വേദി തിരുവനന്തപുരത്ത് കൊണ്ടുവരുമെന്ന് ബിജെപി തട്ടിപ്പ് പറയുന്നത്.

കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഐഒസിക്ക് നൽകിയ രേഖകളിൽ ഒരിടത്തുപോലും തിരുവനന്തപുരത്തിന്റെ പേരില്ല. അഹമ്മദാബാദ് ഫ്രണ്ട് റണ്ണറായി നിൽക്കുമ്പോൾ, തിരുവനന്തപുരത്തെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണ് ബിജെപിയുടെ പ്രകടന പത്രിക. ജനങ്ങളെ വിഡ്ഢികളാക്കാമെന്ന അഹങ്കാരം കൊണ്ടാണോ ഇത്തരം പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങൾ നൽകുന്നതെന്ന് അവർ വ്യക്തമാക്കണം.

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് തങ്ങളുടെ സർക്കാർ എവിടെയാണ് ഒളിമ്പിക്‌സ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് പോലും അറിയില്ലെന്നത് വിചിത്രമാണ്. ഗുജറാത്തിന് നൽകിക്കഴിഞ്ഞ വേദിയിൽ തിരുവനന്തപുരവുമുണ്ട് എന്ന് പറയുന്നത് ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യലാണ്. ഇത്തരം വ്യാജ വാഗ്ദാനങ്ങൾ തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.