4 January 2025, Saturday
KSFE Galaxy Chits Banner 2

ഇന്ത്യയില്‍ ഉദാര ജനാധിപത്യം ഭീഷണിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 1, 2025 10:14 pm

ഇന്ത്യയില്‍ രാഷ്ട്രീയത്തിലെ മതേതര — ഉള്‍ച്ചേര്‍ക്കല്‍ നയം അന്യമാകുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന ഇന്ത്യ, അമേരിക്ക, തുര്‍ക്കി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വിശകലനത്തിലാണ് ഈ രാജ്യങ്ങളില്‍ ഉദാര ജനാധിപത്യം കടുത്ത ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടുന്നത്. 2014 ല്‍ ബിജെപി അധികാരത്തില്‍ വന്നതുമുതല്‍ ഇന്ത്യയില്‍ ഏകാധിപത്യ പ്രവണത വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി സര്‍ക്കാര്‍ ഉദാര ജനാധിപത്യത്തെ കുഴിച്ചുമൂടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. രണ്ടുവട്ടം അധികാരം നിലനിര്‍ത്തിയ എന്‍ഡിഎ സഖ്യത്തെ പക്ഷെ, 2024ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ശക്തമായി ചെറുത്തുനിന്ന് ശക്തി പ്രകടിപ്പിച്ചു. ബിജെപി ഉയര്‍ത്തിക്കാട്ടിയ ഭൂരിപക്ഷ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ 2023–24 തെരഞ്ഞെടുപ്പുകള്‍ക്ക് സാധിച്ചു. മതേതര നിലപാടും കാഴ്ചപ്പാടും സ്വീകരിക്കുന്ന പ്രതിപക്ഷനേതൃത്വം എത്തിയതോടെയാണ് ബിജെപിയുടെ ഭൂരിപക്ഷ രാഷ്ട്രീയത്തിന് തിരിച്ചടി നേരിട്ടു തുടങ്ങിയത്. മതേതര നിലപാടും ജനസൗഹൃദ കാഴ്ചപ്പാടും സഖ്യത്തിന്റെ അടിത്തറ ശക്തമാക്കി. രാജ്യത്തെ അവകാശ — സന്നദ്ധ പ്രവര്‍ത്തകരുടെ നിര്‍ലോഭമായ സഹകരണവും ഇന്ത്യ സഖ്യത്തിന്റെ തിരിച്ചുവരവിന് വിത്തുപാകിയെന്ന് തെരഞ്ഞെടുപ്പ് അവലോനം അടിസ്ഥാമാക്കിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടക- തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഭൂരിപക്ഷ രാഷ്ട്രീയത്തിന് നേര്‍ക്കുള്ള കടുത്ത പ്രതിരോധമായി വിലയിരുത്തുന്നു. 

എന്നാല്‍ മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് പലപ്പോഴും പിന്നാക്കം പോയത് ചില അവസരങ്ങളില്‍ ഇന്ത്യ സഖ്യത്തെ പിന്നോട്ടടിച്ചു. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹരിയാന , മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഉദാഹരണമായി പറയുന്നത്. നരേന്ദ്ര മോഡിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ജനരോഷം തിരിച്ചുവിടാന്‍ പ്രതിപക്ഷത്തിന് സാധിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാട്ടിത്തന്നു. 2014ന് ശേഷം 24ലാണ് പാര്‍ലമെന്റില്‍ ശാക്തിക ചേരി സന്തുലിതമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2014 ല്‍ അധികാരത്തിലെത്തിയശേഷം പ്രതിപക്ഷ നേതാക്കളെ വേട്ടയാടിയും സ്വതന്ത്ര മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയും തേര്‍വാഴ്ച നടത്തുന്ന മോഡിയെന്ന ഏകാധിപതിയുടെ ഭരണകാലത്ത് ഉദാര ജനാധിപത്യ നിരക്ക് താഴേക്ക് പതിക്കുന്നത് ഗുരുതര പ്രത്യാഘാതം ക്ഷണിച്ചു വരുത്തുമെന്നും ഇതേക്കുറിച്ച് പഠനം നടത്തിയ യുണിവേഴ്സിറ്റി ഓഫ് ഇസ്താംബൂളിലെ രാഹുല്‍ മുഖര്‍ജി, സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥി ജയ് ശങ്കര്‍ പ്രസാദ് എന്നിവര്‍ വിലയിരുത്തുന്നു. 

തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റജബ് തയീപ് എര്‍ദോഗനെതിരെ പ്രധാന പ്രതിപക്ഷമായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി മികച്ച മുന്നേറ്റം നടത്തിയതും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. 2002ല്‍ അധികാരത്തില്‍ എത്തിയ എര്‍ദോഗന്റെ ജസ്റ്റിസ് ആന്റ് ഡവലപ്പ്മെന്റ് പാര്‍ട്ടിക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടി ശക്തി പ്രാപിച്ചു. അടുത്തിടെ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം തീവ്ര വലതുപക്ഷത്തിന്റെ വിജയമായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ബൈഡന് പകരം കമലാ ഹാരിസ് വന്നിട്ടും അമേരിക്കന്‍ ജനതയുടെ വലതുപക്ഷ സ്വാധീനം കുറഞ്ഞില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.