രാജ്യത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരിവില്പനയില്‍ കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചത് 20,560 കോടി രൂപ. മേയ് 17 ചൊവ്വാഴ്ച ഓഹരികൾ ലിസ്റ്റ് ചെയ്യുമെന്നും 949 രൂപയായിരിക്കും വിലയെന്നും ഇന്നലെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.
അതേസമയം ലിസ്റ്റിങിന് മുന്നോടിയായി ഗ്രേ മാർക്കറ്റിൽ എൽഐസി ഓഹരികൾ തകർച്ച നേരിടുകയാണെന്നാണ് സൂചന. ഐപിഒ വിപണിയിൽ രൂപപ്പെടുന്ന ഡിമാൻഡിനെയാണ് അനൗദ്യോഗിക വിപണി (ഗ്രേ മാർക്കറ്റ്) പ്രീമിയം സൂചിപ്പിക്കുന്നത്. ആഗോള തലത്തിൽ വിപണികളുടെ തകർച്ചയാണ് ലിസ്റ്റിങ്ങിന് ഒരുങ്ങുന്ന എൽഐസിയെ ഉൾപ്പെടെ കമ്പനികളെ ബാധിക്കുന്നത്. ഗ്രേ മാർക്കറ്റിൽ എൽഐസി അതിന്റെ ഇഷ്യു വിലയായ 949 രൂപയെക്കാൾ ഒരു ഓഹരിക്ക് 30 രൂപ കിഴിവിലാണ് കൈമാറ്റം ചെയ്യുന്നത്.
വിദേശികളിൽ നിന്നൊഴികെ മറ്റെല്ലാ വിഭാഗങ്ങളിൽ നിന്നും എൽഐസി ഐപിഒയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു. വിദേശ സ്ഥാപന നിക്ഷേപകരിൽ നിന്നുള്ള തണുത്ത പ്രതികരണമാണ് ഗ്രേ മാർക്കറ്റിലെ തകർച്ചയ്ക്കു വഴിവച്ചതെന്നാണ് സൂചന. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ നയങ്ങൾ കർശനമാക്കുന്നതിലേക്ക് നയിച്ചതും നിക്ഷേപകരെ ബാധിച്ചു. യുഎസ് ഫെഡ് റിസർവ് പ്രഖ്യാപനങ്ങളും എൽഐസിക്കു തിരിച്ചടിയായെന്നുവേണം കരുതാൻ.
അഞ്ചു ശതമാനം ഓഹരികൾ വില്‍ക്കാനുള്ള തീരുമാനം സർക്കാർ 3.5 ശതമാനമായി കുറച്ചതു മുതൽ വിപണികൾ അനുകൂലമല്ലെന്ന വാദം ബലപ്പെടുകയായിരുന്നു. എങ്കിലും രാജ്യം കണ്ടതിൽ ഏറ്റവും വലിയ ഐപിഒയ്ക്ക് കരുത്തു പകർന്നത് പ്രാദേശിക നിക്ഷേപകരാണ്. സർക്കാർ 22.13 കോടി ഓഹരികൾ അഥവാ കമ്പനിയുടെ 3.5 ശതമാനം ഓഹരികൾ വിറ്റു. എല്‍ഐസിയുടെ വിപണി മൂല്യം ആറു ലക്ഷം കോടി രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.
English Summary: LIC IPO raised Rs 20,560 crore
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.