
രാജ്യത്തെ സാധാരണക്കാരുടെ നിക്ഷേപമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) യെ ഉപയോഗിച്ച് മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റ് ഭീമന്‍മാരെ വഴിവിട്ട് സഹായിക്കുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അഡാനി ഗ്രൂപ്പ് എന്നിവയുടെ ഓഹരി ഉടമകളുടെ യോഗങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങളെ എല്‍ഐസി കണ്ണുമടച്ച് പിന്തുണയ്ക്കുന്നതായി ‘ലൈവ് മിന്റ്’ നടത്തിയ വിശകലനത്തില്‍ കണ്ടെത്തി.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി മറ്റ് കമ്പനികളുടെ കാര്യത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുന്ന എല്‍ഐസി, അംബാനിയുടെയും അഡാനിയുടെയും കമ്പനികളുടെ കാര്യത്തില്‍ എല്ലാ ചട്ടങ്ങളും മറക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 ഏപ്രില്‍ ഒന്ന് മുതല്‍ അഡാനി ഗ്രൂപ്പിലെ വിവിധ കമ്പനികളിലായി 368 പ്രമേയങ്ങളാണ് വോട്ടിനിട്ടത്. ഇതില്‍ 351 എണ്ണത്തെയും എല്‍ഐസി അനുകൂലിച്ചു. ഒരെണ്ണത്തെപ്പോലും എതിര്‍ത്തു വോട്ട് ചെയ്തില്ല. വിയോജിപ്പുള്ളവയില്‍ നിന്ന് തന്ത്രപൂര്‍വ്വം വിട്ടുനില്‍ക്കുകയും ചെയ്തു.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ കഴിഞ്ഞ 14 പാദങ്ങളിലായി 63 പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഇവയെല്ലാം എല്‍ഐസി ഏകകണ്ഠമായി അംഗീകരിച്ചു.
മറ്റ് കമ്പനികളില്‍ ഡയറക്ടര്‍മാരെ നിയമിക്കുമ്പോള്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്‍ഐസി, റിലയന്‍സിന്റെ കാര്യത്തില്‍ അതെല്ലാം കാറ്റില്‍പ്പറത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എട്ട് കമ്പനികളുടെ ബോര്‍ഡ് അംഗമായ അഭിഭാഷകന്‍ ഹൈഗ്രീവ് ഖൈതാനെ റിലയന്‍സ് ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചപ്പോള്‍ എല്‍ഐസി അനുകൂലിച്ചു. എന്നാല്‍, ഒമ്പത് കമ്പനികളില്‍ അംഗത്വമുണ്ടെന്ന കാരണത്താല്‍ ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് ലിമിറ്റഡിന്റെ ബോര്‍ഡിലേക്ക് രാജീവ് ഗുപ്തയെ നിയമിക്കുന്നതിനെ എല്‍ഐസി എതിര്‍ത്തു. ഒരേ സാഹചര്യം റിലയന്‍സില്‍ വന്നപ്പോള്‍ എല്‍ഐസിക്ക് അത് പ്രശ്‌നമായില്ല.
അഡാനി എന്റര്‍പ്രൈസസില്‍ ഗൗതം അഡാനിയുടെ സഹോദരന്‍ രാജേഷ് അഡാനി, അനന്തരവന്‍ പ്രണവ് അഡാനി എന്നിവരെ വീണ്ടും നിയമിക്കുന്നതിലോ അവര്‍ക്ക് ഉയര്‍ന്ന പ്രതിഫലം നിശ്ചയിക്കുന്നതിലോ എല്‍ഐസി എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. പകരം വോട്ടിങ്ങില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍, കോറോമാണ്ടല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ സമാനമായ രീതിയില്‍ അരുണാചലം വെള്ളയാനെ നിയമിക്കാനുള്ള നീക്കത്തെ എല്‍ഐസി ശക്തമായി എതിര്‍ക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസനെ വീണ്ടും നിയമിക്കാനുള്ള നീക്കത്തില്‍ നിന്നും എല്‍ഐസി വിട്ടുനിന്നിരുന്നു. ആഭ്യന്തര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ എല്‍ഐസി ഈ നിയമങ്ങള്‍ ലഘൂകരിക്കുന്നതായാണ് പുതിയ തെളിവുകള്‍ വ്യക്തമാക്കുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം അഡാനി ഓഹരികളില്‍ വന്‍ തകർച്ചയുണ്ടായപ്പോഴും എല്‍ഐസി നിക്ഷേപം തുടര്‍ന്നത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് വോട്ടെടുപ്പുകളിലെ ഈ പക്ഷപാതപരമായ നിലപാടും പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ എല്‍ഐസി, ഭരണകൂടത്തോട് അടുപ്പമുള്ള കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത് സാമ്പത്തിക വിദഗ്ധര്‍ക്കിടയിലുംവലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.