23 January 2026, Friday

ജീവിതം, മരണം — ചില ചിന്തകള്‍

പി എ വാസുദേവൻ
കാഴ്ച
January 11, 2025 4:14 am

പണ്ട് ഞാന്‍ പഠിച്ചിരുന്ന നാട്ടുംപുറത്തെ സ്കൂളില്‍ കളിനടക്കുമ്പോള്‍ എന്നെയും കളിക്കാന്‍ കൂട്ടുമോ എന്ന് ചോദിച്ച് ചില കുട്ടികള്‍ വരും. അവര്‍ സ്കൂളില്‍ ചേര്‍ന്നവരായിരിക്കില്ല. അക്കാലത്ത് പാങ്ങില്ലാത്തതുകൊണ്ട് സ്കൂളില്‍ ചേരാത്തവരും ഇടയ്ക്ക് പഠിത്തം നിര്‍ത്തിയവരും (ഡ്രോപ് ഔട്ട്) ഉണ്ടാവും. ഞങ്ങള്‍ സ്കൂള്‍ കുട്ടികള്‍ അല്പം ഗമയോടെ അവരെ പുറത്തുനിര്‍ത്തിക്കളയും. അതിലെ ക്രൂരതയൊക്കെ തിരിച്ചറിയാന്‍ അന്ന് അറിവില്ലല്ലോ. അങ്ങനെ പുറത്തുനിന്നവരില്‍ സ്കൂളിനുപുറത്തെ എന്റെ ചങ്ങാതിമാരായ അയ്യപ്പനും കുഞ്ഞാത്തനുമൊക്കെ ഉണ്ടായിരുന്നു. ഏതാണ്ട് ആറര ദശകം പിന്നോട്ട് നോക്കി, ഇതൊക്കെ ഓര്‍ക്കാനെന്തേ കാരണം. ആ ഓര്‍മ്മയ്ക്ക് ഒരു വര്‍ത്തമാനകാല പ്രസക്തിയുണ്ടായിരിക്കുന്നു. എല്ലാ വായനയും അറിവും ഒരുതരം പിന്നോട്ടുനടത്തങ്ങളാണ്. പത്രത്തില്‍ കണ്ടൊരു വാര്‍ത്തിയാണിപ്പോള്‍ എ­ഴുതാന്‍ തോന്നിച്ചത്. വാര്‍ത്ത ഇങ്ങനെ. വാര്‍ത്തയുടെ ഉത്ഭവം ആലപ്പുഴ. കേരളത്തില്‍ പലയിടത്തും ‘ടാക്കിങ് പാര്‍ലറു‘കള്‍ തുടങ്ങുന്നു. ‘ടോഡി പാര്‍ലര്‍’ എന്നൊക്കെ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ‘ടാക്കിങ് പാര്‍ലര്‍’. പാലക്കാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘കൂട്ടം കൂടാന്‍’ ഒരിടം. വര്‍ത്തമാനം പറയാന്‍ ആരുമില്ലാത്തവര്‍ക്ക് ചേര്‍ന്നിരുന്ന് എന്തെങ്കിലും പറയാന്‍ ഒരു സ്ഥലം. ഈ പരിപാടി തുടങ്ങുന്നത് ‘ഏജിങ് ഹെല്‍ത്തി മൂവ്‌മെന്റ്’ ആണ്. ആരോഗ്യകരമായി വയസാവുക. ഒറ്റപ്പെട്ട്, കൂട്ടം കൂടാനാരുമില്ലാത്തവരുടെ വിഭാഗം വര്‍ധിക്കുകയാണ്. ഒറ്റയായ ദമ്പതിമാര്‍. അതിലൊരാള്‍ പോയാല്‍ മറ്റേയാള്‍ വീണ്ടും ഒറ്റ. മക്കള്‍ അന്നം തേടി അന്യനാട്ടില്‍. അവിടെ ചെന്നാല്‍ അവര്‍ക്ക് ഇവരൊരു ഭാരം. പണം അയച്ചുതരും, ഭക്ഷണം കിട്ടും, മനുഷ്യന് അതുമാത്രം പോരല്ലോ. പേരക്കുട്ടികളെ പോലും കണാനാവുന്നില്ല. ഭക്ഷണം കഴിച്ച് ചുവരും നോക്കിയിരുന്നാല്‍ മാത്രം പോരല്ലോ. ആരോഗ്യമുള്ള കാലം വല്ല ഭക്തി പ്രഭാഷണ സദസിലോ, അമ്പലത്തിലോ പോവും. അതിനുള്ള ശേഷിയും കാലം തിരിച്ചെടുക്കും. ഇങ്ങോട്ടുവരാനും സമപ്രായക്കാരാരുമുണ്ടാവില്ല. അവരും ഇതേ അവസ്ഥക്കാര്‍ തന്നെ.

വാര്‍ധക്യം ശാപമാവുന്ന ഒരവസ്ഥവരും. ചില അല്പഭാഗ്യവാന്മാര്‍ ബംഗളൂരോ, ചെന്നെെയിലോ ഉള്ള മക്കളോടൊപ്പം ചേരും. അവിടെയും ഒറ്റപ്പെടല്‍ തന്നെ. പേരക്കിടാങ്ങള്‍ സ്കൂള്‍, അവരുടെ ചങ്ങാതിമാര്‍ എന്നിങ്ങനെ പോവും. മക്കള്‍ക്ക് കമ്പ്യൂട്ടര്‍ കഴിഞ്ഞ് നേരമില്ല. ഒരുമിച്ച് ഒരൂണുപോലുമില്ല. അങ്ങനെ മിണ്ടാനാളില്ലാതെ, അടുത്തിരിക്കാനാളില്ലാതെ അന്ത്യകാലം ഇഴഞ്ഞുനീങ്ങുന്നവര്‍ എത്രയോ ഉണ്ട്.
അവര്‍ക്കുവേണ്ടത് കൂടുതല്‍ പണമോ, ഭക്ഷണമോ അല്ല. എന്തെങ്കിലും പറയാന്‍ സമപ്രായക്കാര്‍. പഴയ കഥകള്‍ പറയാന്‍, പൊട്ടിച്ചിരിക്കാന്‍ ആഗ്രഹം. അതൊരു വലിയ അനുഗ്രഹമാണ്. ഒരു വലിയ നഗരത്തില്‍ പോയപ്പോള്‍ ‘ലാഫിങ് ക്ലബ്’ കണ്ടു. വട്ടംകൂടി നിന്ന് മുതിര്‍ന്നവര്‍ കെെകൊട്ടുന്നു, ചിരിക്കുന്നു, അട്ടഹസിക്കുന്നു. ചിരിക്കാന്‍ കാരണമൊന്നുമില്ല. പക്ഷെ ഒന്നുമില്ലാതെ പൊട്ടിച്ചിരിക്കുന്നല്ലോ എന്നോര്‍ത്ത് ചിരിക്കുന്നതുമാവാം. കരയാന്‍ കാരണം വേണം, ചിരിക്കല്‍ വെറുതെയുമാവാം. നമുക്ക് ‘ഏജിങ് ഹെല്‍ത്തി മൂവ്‌മെന്റ്‘ലേക്ക് മടങ്ങാം. ആരോഗ്യകരമായി വയസാവല്‍. കേരളത്തില്‍ എല്ലാ ജില്ലകളിലും ഇതുവരാന്‍ പോകുന്നുവത്രെ. ഇപ്പോള്‍ത്തന്നെ ആ പ്രസ്ഥാനത്തിന്റെ സാരഥികള്‍ക്ക് നിരവധി അപേക്ഷകള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നാണ് വാര്‍ത്ത. ഡബ്ല്യുഡബ്ല്യു റോസ്റ്റോ എന്ന ഒരു ധനശാസ്ത്രചിന്തകന്‍‍ ‘വികസനത്തിന്റെ ഘട്ട’ങ്ങളെക്കുറിച്ചെഴുതിയപ്പോള്‍, പരമവികസനത്തിനു ശേഷമുണ്ടാവുന്ന വെെരസ്യത്തെക്കുറിച്ചും ഉപഭോഗത്തിലെ മടുപ്പിനെക്കുറിച്ചുമൊക്കെ പറയുന്നു. ‘ഉപഭോഗത്തിനുമപ്പുറം’ ബിയോണ്ട് കണ്‍സംഷന്‍’ എന്നൊരധ്യായവുമുണ്ട്. ശരിയാണ് ഒടുക്കം എല്ലാം മടുക്കും. കൂട്ടായ്മയ്ക്കും ആഹ്ലാദത്തിനും നാം കൊതിക്കും. പ്രായമായവര്‍ ഒറ്റയ്ക്ക് മൂലയ്ക്കിരുന്ന് പഴയ കഥകള്‍ പിറുപിറുക്കുന്നത് കാണാറുണ്ടായിരുന്നു. ഇപ്പോള്‍ ഏറെ വികസനം വന്നിട്ടും മനുഷ്യന്റെ ഒറ്റപ്പെടല്‍ തുടരുന്നു. ഒറ്റപ്പെടുമ്പോഴേ അതിന്റെ ദുഃഖമറിയൂ. വികസനത്തിന്റെ ഒടുക്കം വാര്‍ധക്യവും വെെരസ്യവുമാണ്.
ഒറ്റപ്പെടലിന്റെ ഒരുപാട് ദൃശ്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഈയിടെ യൂറോപ്പിലെ വന്‍നഗരത്തിലെ ഒരു വീട്ടില്‍ പോയി. കക്ഷി ഒറ്റയ്ക്കാണ്. ആള്‍ ഇവിടത്തുകാരനാണ്. ദീര്‍ഘകാലമായി അവിടെയാണ്, കൂട്ടിനാരുമില്ല. പ്രധാന പ്രശ്നം വാര്‍ധക്യത്തിലെ ഏകാന്തത. പ്രായമായി, സംസാരിക്കാന്‍ പോലുമാരുമില്ല. മനുഷ്യശബ്ദം കേള്‍ക്കാന്‍ പോലും വഴിയില്ല. ജോലിയില്‍ നിന്നെല്ലാം വിരമിച്ച് വീട്ടിലിരിക്കുമ്പോള്‍ കൂട്ടിന് ഭയാനകമായ നിശബ്ദത. അതിനദ്ദേഹം ആകെ കണ്ടുപിടിച്ച വഴി ടിവിയും റേഡിയോയും ഉറക്കെ വയ്ക്കുക. നാട്ടില്‍ നിന്ന് ബന്ധുക്കളില്‍ നിന്നൊക്കെ എത്രയോ അകലെ, ഒന്നും പങ്കുവയ്ക്കാനാരുമില്ലാതെ വല്ലാത്തൊരു ജീവിതം.

ഈ അവസ്ഥ തന്നെ നമ്മുടെ നാട്ടിലും എത്തി. അതില്‍ നിന്ന് പരിഹാരം തേടാനാണ് ‘ഏജിങ് ഹെല്‍ത്തി മൂവ്‌മെന്റ്’. ‘ടാക്കിങ് പാര്‍ലറുകള്‍’ മനുഷ്യന്‍ അവന്റെ ബഹിര്‍ഗമനങ്ങള്‍ക്ക് വഴികാണുകയാണ്. സ്വന്തം വീടുണ്ടായിട്ടും മക്കള്‍ ഉണ്ടായിട്ടും വയസായവരെ ‘ഓള്‍ഡ് ഏജ് ഹോം’ എന്ന അനാഥാലയങ്ങളില്‍ കൊണ്ടിരുത്തുന്നു. അത്രയും ഭേദം. കുറേ തുല്യദുഃഖിതര്‍ക്ക് എപ്പോഴെങ്കിലും നിശബ്ദത മുറിക്കുന്ന കൂട്ടംകൂടലുകളില്‍ കഴിയാം. മറ്റൊരു വാര്‍ത്തയും കണ്ടു. അവസാനകാലത്ത് ആരാനു ഭാരമാവുന്ന അവസ്ഥ ഒഴിവാക്കാന്‍, സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ അവസരം വേണമെന്ന ഒരപേക്ഷ. ഒരര്‍ത്ഥത്തില്‍ ‘ദയാവധം’ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാനുള്ള അവകാശമാണത്. ഒരാള്‍ക്ക് മാന്യമായി അന്തസോടെ ജീവിക്കാനുള്ള അവകാശമുള്ളതുപോലെ, അന്തസോടെ മരിക്കാനുള്ള അവകാശവുമുണ്ട്. അതിന്റെ ചില തുടക്കങ്ങളെക്കുറിച്ചാണ് വാര്‍ത്ത. ‘ടെര്‍മിനല്‍ ഡിസീസ്’ എന്ന തിരികെ വരാനുള്ള സാധ്യതയില്ലാത്ത അവസ്ഥയില്‍ വേദന സഹിച്ച്, ബന്ധുക്കളുടെ പ്രാക്ക് കേട്ട്, ആകെയുള്ള പത്തുകാശും ആശുപത്രിയില്‍ കൊടുത്ത് മരണം കാത്തുകിടക്കുന്നതെന്തിനാണ്. അവനവന്‍ തന്നെ സ്വയം വെറുക്കുന്ന ഈ സ്ഥിതിയില്‍ നിന്നൊരു മുക്തിക്കാണ്, ദയാവധം നല്കാന്‍ അപേക്ഷിക്കുന്നത്. അതും അന്തസുള്ള സ്വന്തം മരണത്തിനുള്ള അപേക്ഷയാണ്. ജീവിക്കുന്ന കാലത്ത് നന്നായി അന്തസായി കഴിഞ്ഞ പലരും അന്ത്യകാലത്ത് വഴിയൊന്നുമില്ലാതെ കിടക്കുന്നതുകണ്ടിട്ടുണ്ട്. അവരില്‍ ചിലരൊക്കെ മരിച്ചാല്‍ നന്നായിരുന്നു എന്നുപറയുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. ഭൂതകാലമൊരു ബാധയായി പിടികൂടിയ അന്ത്യകാലത്ത്, മരണം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് അത് നിഷേധിക്കരുത്. മനുഷ്യന്‍ സ്വന്തം അവസ്ഥയെക്കുറിച്ച് ബോധവാനാവുന്ന സന്ദര്‍ഭങ്ങളാണിതൊക്കെ. നല്ലൊരു മരണം, നല്ലൊരു ജീവിതം പോലെതന്നെ ആശ്വാസകരമാണ്. കേരളം ഇത്തരമൊരു പുതിയ പ്രവണതയെ കയ്യേല്‍ക്കണമെന്നാണ് എന്റെ പക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.