21 September 2024, Saturday
KSFE Galaxy Chits Banner 2

ലൈഫ് 2020; അര്‍ഹതാ പരിശോധന പൂര്‍ത്തീകരിച്ച ആദ്യ ജില്ലയായി കോട്ടയം

Janayugom Webdesk
kottayam
February 16, 2022 1:15 pm

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് 2020 പോര്‍ട്ടലില്‍ സ്വീകരിച്ച അപേക്ഷകളില്‍ അര്‍ഹതാ പരിശോധന പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം. ജില്ലയില്‍ 44,409 അപേക്ഷകളാണ് ലഭിച്ചത്. ഭവനരഹിതരുടെ 29,701 ഉം ഭൂരഹിതഭവനരഹിതരുടെ 14,708 അപേക്ഷയുമാണ് ലഭിച്ചത്. അര്‍ഹതാ പരിശോധനയില്‍ 29340 പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തി. അര്‍ഹരായ അപേക്ഷകര്‍ കൂടുതലുള്ള ഗ്രാമപഞ്ചായത്ത് എരുമേലിയാണ്. 1173 പേര്‍. ഇവിടെ മൊത്തം 1595 അപേക്ഷയാണ് ലഭിച്ചത്. കുറവ് വെളിയന്നൂരാണ് 79 പേര്‍. 170 അപേക്ഷയാണ് ഇവിടെ ലഭിച്ചത്. നഗരസഭകളില്‍ കോട്ടയത്താണ് കൂടുതല്‍ അര്‍ഹരെ കണ്ടെത്തിയിട്ടുള്ളത്, 1409 പേര്‍. 1875 അപേക്ഷയാണ് ഇവിടെ ലഭിച്ചത്. കുറവ് പാലായിലാണ് 142 പേര്‍. ഇവിടെ 187 അപേക്ഷയാണ് ലഭിച്ചത്. അര്‍ഹമായ അപേക്ഷകളിലെ ഉപരിപരിശോധന ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ പറഞ്ഞു. ഉപരിപരിശോധനയ്ക്ക് ശേഷം കരട് പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ പ്രസിദ്ധീകരിക്കും. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീലിന് സമയം നല്‍കും. പട്ടികജാതി/വര്‍ഗ/ഫിഷറീസ് വകുപ്പുകളില്‍നിന്ന് ലൈഫ് മിഷന് ലഭ്യമാക്കിയ അഡീഷണല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍  20നകം ഭവനനിര്‍മ്മാണ കരാര്‍വയ്ക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പ്രോജക്റ്റ് ഡയറക്ടറും ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ പി. എസ്. ഷിനോ പറഞ്ഞു. ജില്ലയില്‍ ഇതുവരെ ലൈഫ് പദ്ധതിയിലൂടെ 10830 വീടുകള്‍ പൂര്‍ത്തീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.