1 January 2026, Thursday

Related news

December 18, 2025
October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025
July 9, 2025
July 8, 2025

കള്ള് ചെത്തു വ്യവസായത്തെ സംരക്ഷിക്കാൻ മദ്യനയത്തില്‍ മാറ്റം വരുത്തണം: എഐടിയുസി

കേരള സ്റ്റേറ്റ് ചെത്തു-മദ്യ ഫെഡറേഷനുകളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും ഇന്ന് 
Janayugom Webdesk
കോട്ടയം
March 13, 2025 11:26 am

യഥേഷ്ടം ബാറുകൾക്ക് അനുമതി കൊടുക്കുന്ന മദ്യനയത്തിൽ മാറ്റം വരുത്താനും കള്ള് വ്യവസായ രംഗത്ത് സമഗ്രമായ പരിഷ്കാരം നടപ്പിലാക്കാനും സർക്കാർ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ (എഐടിയുസി). വീര്യം കൂടിയ മദ്യം വിൽക്കുന്ന ബാറുകൾക്കും വിദേശ മദ്യഷാപ്പുകൾക്കും 50 മീറ്റർ മുതൽ 200 മീറ്റർ വരെ ദൂരപരിധിയുള്ളുപ്പോൾ വീര്യം കുറഞ്ഞ കള്ള് വിൽക്കുന്ന ഷാപ്പുകൾക്ക് 400 മീറ്റർ ദൂരപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ കടുത്ത വിവേചനം മാറിയേ തീരൂ. കള്ള് വ്യവസായ വികസന ബോർഡ് നിലവിൽ വന്നെങ്കിലും പ്രവർത്തനത്തിനാവശ്യമായ ഫണ്ട് ലഭ്യമല്ല. അടിയന്തരമായും ടോഡി ബോർഡിന് ആവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്തണം. വളരെ വലിയ പ്രതിസന്ധിയിലായ കള്ള് വ്യവസായ രംഗത്ത് നിരവധിയായ പ്രവർത്തനങ്ങൾ നടത്താൻ ടോഡി ബോർഡിനെ ശക്തിപ്പെടുത്തണം. പുതിയ ചെത്തുതൊഴിലാളികളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകുക, തെങ്ങ് കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുക, പുതിയ ഷാപ്പുകെട്ടിടങ്ങൾ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ടോഡി ബോർഡിന് നടപ്പിലാക്കാൻ കഴിയും. 

അബ്കാരി ആക്ടിലെ കടുത്ത വ്യവസ്ഥകൾമൂലം കള്ള് വ്യവസായം സമ്മർദത്തിലാണ്. എക്സൈസ് ഉദ്യോഗസ്ഥരിൽ ചിലരുടെ ഇടപെടലും വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. ഈ സാഹചര്യത്തിൽ കള്ള് വ്യവസായത്തിന് മാത്രം ബാധകമായ ഒരു പുതിയ ടോഡി ആക്ട് നടപ്പാക്കുകയും അബ്കാരി ആക്ടിൽ നിന്ന് കള്ളിനെ ഒഴിവാക്കുകയും വേണം. കേരളത്തിൽ തെങ്ങ് ലഭ്യമാകുന്ന സ്ഥലങ്ങളിലെല്ലാം കള്ള് ചെത്താനുള്ള അനുവാദം സർക്കാർ നൽകണം. ആയിരത്തിൽപ്പരം കള്ള് ഷാപ്പുകൾ തുറന്നു പ്രവർത്തിക്കുന്നില്ല. ഈ ഷാപ്പുകൾ ഘട്ടം ഘട്ടമായി തുറന്നു പ്രവർത്തിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കുകയും ടോഡി ബോർഡിന്റെ ചുമതലയിൽ ഈ കാര്യങ്ങൾ നടത്തുകയും വേണം. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിലവിൽ ജോലി ചെയ്യുന്നവരേക്കാൾ പെൻഷൻ പറ്റുന്നവരാണ് കൂടുതൽ. വ്യവസായത്തിന്റെ തകർച്ച മൂലം കേരളത്തിലെ പ്രഥമ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. എന്നാൽ ചെത്തുതൊഴിലാളികളും ഷാപ്പു ജീവനക്കാരുമായി ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും രജിസ്ട്രേഷൻ ലഭിക്കാത്തവരായുണ്ട്.
ഇവരെല്ലാം അടിയന്തരമായി രജിസ്റ്റർ ചെയ്യാനും ക്ഷേമനിധി ആനുകൂല്യം ലഭ്യമാക്കാനും കഴിയണം. കേരളത്തിൽ ചെത്ത് വ്യവസായത്തിന് നല്ല ഭാവിയുണ്ട്. സമഗ്രമായ തെങ്ങുകൃഷി വ്യാപനമാണ് അതിനാവശ്യമായിട്ടുള്ളത്. കേരളത്തിന്റെ സമ്പദ്ഘടനയിലാകെ വലിയ മാറ്റമുണ്ടാക്കാൻ ഇതിലൂടെ കഴിയും. വീര്യം കൂടിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ മദ്യനയരംഗത്ത് മാറ്റം വരുത്തേണ്ടതും പ്രകൃതിദത്തമായ കള്ള് വ്യവസായത്തെ സംരക്ഷിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. 

കള്ള് വ്യവസായ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് ചെത്ത് മദ്യ ഫെഡറേഷന്റെ നേതൃത്വത്തിൽ ഇന്ന് കളക്ട്രേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എൻ രമേശൻ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാര്‍, പ്രസിഡന്റ് ഒ പി എ സലാം, മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ വര്‍ക്കിങ് പ്രസിഡന്റ് ബാബു കെ ജോര്‍ജ്ജ്, ചെത്തുതൊഴിലാളി ഫെഡറേഷൻ ജില്ലാ കണ്‍വീനര്‍ പി കെ ഷാജകുമാര്‍, പി കെ കൃഷ്ണൻ, അഡ്വ. ബിനു ബോസ്, കെ ടി പ്രമദ്, കെ പി കുമാരൻ, വിനീത് പനമൂട്ടില്‍, യു എൻ ശ്രീനിവാസൻ, പി കെ സുരേഷ്, കെ എ രവീന്ദ്രൻ, പി ആര്‍ ശശി, പി ജി ത്രിഗുണസെൻ, ടി ടി തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.