22 April 2025, Tuesday
KSFE Galaxy Chits Banner 2

ലിവര്‍പൂള്‍ ഫയര്‍

ടോട്ടന്‍ഹാമിനെ വീഴ്ത്തി സിറ്റി വിജയവഴിയില്‍
Janayugom Webdesk
ലണ്ടന്‍
February 27, 2025 10:33 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കിരീടത്തിലേക്ക് കുതിക്കുന്നു. ന്യൂകാസില്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്. 11-ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്‌ലായിയാണ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. ഇതോടെ ആദ്യപകുതി ഒരു ഗോളിന്റെ ലീഡുമായി ചെമ്പട മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ 63-ാം മിനിറ്റില്‍ അലെക്സിസ് മക്‌അലിസ്റ്റര്‍ രണ്ടാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ ലിവർപൂൾ രണ്ടാം സ്ഥാനത്തുള്ള ആഴ്സണലുമായി 13 പോയിന്റിന്റെ ലീഡിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ടോട്ടന്‍ഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി തോല്പിച്ചത്. 12-ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ട് നേടിയ ഗോളിലാണ് സിറ്റി വിജയം സ്വന്തമാക്കിയത്. ജയത്തോടെ ചെല്‍സിയെ മറികടന്ന് സിറ്റി വീണ്ടും നാലാം സ്ഥാനത്തെത്തി. സീസണിലെ 14–ാം ജയം കുറിച്ച സിറ്റിക്ക് 47 പോയിന്റായി. സീസണിലെ 14–ാം തോൽവി വഴങ്ങിയ ടോട്ടനം 33 പോയിന്റുമായി 13–ാം സ്ഥാനത്താണ്.

തുടര്‍ച്ചയായ രണ്ട് തോല്‍വിയും ഒരു സമനിലയ്ക്കും ശേഷം വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഐപ്‌സ്വിച്ച് ടൗണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. നാലാം മിനിറ്റിൽത്തന്നെ ലീഡു നേടിയ ഐപ്‌സ്വിച്ചിനെ, പിന്നിൽനിന്ന് തിരിച്ചടിച്ചാണ് യുണൈറ്റഡ് വീഴ്ത്തിയത്. മാത്തിസ് ഡി ലൈറ്റ് (26–ാം മിനിറ്റ്), ഹാരി മഗ്വയർ (47–ാം മിനിറ്റ്) എന്നിവർ യുണൈറ്റഡിനായി ഗോൾ നേടിയപ്പോൾ, 22–ാം മിനിറ്റിലെ ആദ്യ ഗോൾ ഐപ്‌സ്വിച്ച്താരം സാം മോർസിയുടെ സെൽഫ് ഗോളായിരുന്നു. ഐപ്‌സ്വിച്ചിനായി ജെയ്ഡൻ ഫിലോഗെനെ ഇരട്ടഗോൾ (4, 45+2) നേടി.
ആഴ്സണല്‍-നോട്ടിങ്ഹാം മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 54 പോയിന്റോടെ ആഴ്സണല്‍ രണ്ടാം സ്ഥാനത്താണ്. 48 പോയിന്റുള്ള നോട്ടിങ്ഹാം ഫോറസ്റ്റാണ് തൊട്ടുപിന്നില്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.