20 January 2026, Tuesday

വായ്പാ പലിശയിളവും സാമ്പത്തിക പ്രത്യാഘാതങ്ങളും

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 20, 2025 4:30 am

ഇന്ത്യയിലെ വളര്‍ന്നുവരുന്ന മധ്യവര്‍ഗത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ മൂന്നാമത് സര്‍ക്കാര്‍ പ്രഥമ ബജറ്റില്‍ത്തന്നെ വരുമാന നികുതി ഇളവിനുള്ള ഉപരിപരിധി പ്രതിവര്‍ഷം 12 ലക്ഷം രൂപയാക്കി ഉയര്‍ത്തി. തൊട്ടുപിന്നാലെ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം കെെവരിച്ചു എന്നത് നിസാരമായി കാണാനാകില്ല. ഇതോടൊപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ദീര്‍ഘകാലമായി ഇന്ത്യയിലെ ബിസിനസ് ലോകവും നിശ്ചിതവരുമാനക്കാരായ മധ്യവര്‍ഗക്കാര്‍ അടക്കമുള്ളവരും കാത്തിരുന്ന പലിശനിരക്കില്‍ ഇളവ് വരുത്തുക കൂടി ചെയ്തത് മധ്യവര്‍ഗത്തിന്റെ സ്വാധീനം നേടിയെടുക്കാന്‍ മോഡിയുടെ പാര്‍ട്ടിക്ക് സഹായമാവുകയും ചെയ്തിരിക്കുകയാണ്. 

ഇന്ത്യന്‍ ജനതയെപ്പോലെ വായ്പാ പലിശനിരക്കില്‍ ഇളവ് കാത്തിരുന്ന ഇന്തോനേഷ്യന്‍ ജനതയ്ക്ക് അവിടുത്തെ കേന്ദ്രബാങ്കിന്റെ വക ആനുകൂല്യം 2025 ജനുവരിയില്‍ത്തന്നെ ലഭിച്ചിരുന്നു. ആര്‍ബിഐയുടെ നടപടി രൂപയ്ക്കുമേല്‍ ഡോളറിന്റെ വിനിമയ മൂല്യം അടിക്കടി വര്‍ധിച്ചുവരുന്ന സമയത്താണെന്നതും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. അതേ അവസരത്തില്‍ ഈ രണ്ട് രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകളുടെ നടപടികള്‍ തമ്മില്‍ വ്യത്യാസവുമുണ്ട്. ദക്ഷിണ‑പൂര്‍വേഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയിലെ കേന്ദ്രബാങ്കിന്റെ നടപടി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നെങ്കില്‍, ആര്‍ബിഐയുടെ നയംമാറ്റം നാം പ്രതീക്ഷിച്ചതുതന്നെയായിരുന്നു. ഇന്തോനേഷ്യ, ദക്ഷിണേഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണെങ്കില്‍ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പദ് ‌വ്യവസ്ഥകളിലൊന്നാണ്.

റിസര്‍വ് ബാങ്ക് വായ്പാനിരക്കില്‍ വരുത്തിയ മാറ്റത്തിന് ബാങ്ക് ഗവര്‍ണര്‍ അടക്കമുള്ള ‍ ഔ­ദ്യോഗിക മേധാവികളോടൊപ്പം അനൗദ്യോഗിക വിദഗ്ധാംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പണനയ സമിതി (എംപിസി) അംഗങ്ങളുടെയും പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. വായ്പാ പലിശ നിരക്ക്, റിപ്പോ നിരക്കില്‍ 25 പോയിന്റുകള്‍ മാറ്റം വരുത്തി 6.5 ശതമാനത്തില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. അതേയവസരത്തില്‍ 2020 മേയ് മാസത്തില്‍ വരുത്തിയ നിരക്ക് മാറ്റം 40 അടിസ്ഥാന പോയിന്റുകളായിരുന്നു. കോവിഡുകാല പ്രതിസന്ധി നേരിട്ടതിനെത്തുടര്‍ന്നുള്ള നടപടിയുടെ പേരിലാണ് ഇത്രയും വലിയൊരു വായ്പാ ഇളവിന് ആര്‍ബിഐ തയ്യാറാവുകയും പലിശനിരക്ക് നാല് ശതമാനമായി പരിമിതപ്പെടുത്തിയതും. 

2023 ഫെബ്രുവരിക്കുശേഷം ആര്‍ബിഐയുടെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും സുപ്രധാനമായ നടപടിയായിരുന്നു ഇപ്പോഴത്തേത്. അതേസമയം പ­ണപ്പെരുപ്പ പ്രതിരോധ നിലപാടില്‍ ആര്‍ബിഐ നയത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടുമില്ല. പ­ലിശനിരക്ക് സംബന്ധിച്ച് പണനയം അതിന്റെ നിഷ്പക്ഷമായ സമീപനം അതേപടി നിലനിര്‍ത്തി വരികയാണ്. ഇതുവഴി ആഭ്യന്തര സമ്പദ് ‌വ്യവസ്ഥയിലെ മാറ്റങ്ങള്‍ ഒരു പരിധിവരെയെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ കഴിയും. എന്നാല്‍, ആഗോളതലത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചലനങ്ങള്‍ മുന്‍കൂട്ടി കാണാനോ, പ്രതിരോധിക്കാനോ കഴിയില്ല. 

നാളത്തെ കാര്യം നാളത്തെ അന്തരീക്ഷം പരിശോധിച്ചതിനു ശേഷമാവട്ടെ എന്നതാണ് പുതുതായി ചുമതലയേറ്റ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നയസമീപനം. സമാനമായൊരു സമീപനമാണ് ബോണ്ട് വിപണിയിലും വിദേശ വിനിമയ വിപണികളിലും സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളോടും സ്വീകരിച്ചുകാണുന്നത്. ഭാവി നിരക്ക് വെട്ടിക്കുറവ് എന്ന് ഏതുതോതില്‍ നടക്കുമെന്ന് വ്യക്തതയില്ലാത്തതിനാല്‍ നിലവിലുള്ള നിരക്കുമാറ്റത്തിന് ശേഷവും ബോണ്ട് വരുമാനത്തില്‍ നിസാരമായ അഞ്ച് പോയിന്റ് വര്‍ധനവാണ് അനുഭവപ്പെട്ടിരിക്കുന്നതും, നിരക്ക് 6.70 ശതമാനത്തില്‍ പര്യവസാനിച്ചിരിക്കുന്നതും. മാത്രമല്ല, ഡോളറിന്റെ മൂല്യവും രൂപയുടെ വിനിമയ മൂല്യവും തമ്മില്‍ പലിശനിരക്ക് കുറവ് വന്നതിനുശേഷം സാരമായ മാറ്റമൊന്നും നടന്നുകാണുന്നുമില്ല. രൂപയുടെ നിരക്ക് ഡോളറിന് 87.43 രൂപയിലെത്തിയതിനെത്തുടര്‍ന്ന് വെറും 15 പെെസയില്‍ ഒതുങ്ങിപ്പോയിരിക്കുകയാണ്. ലിക്വിഡിറ്റി കവറേജ് അനുപാതം (എന്‍സിആര്‍) മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള നേട്ടം പഴയ നിലവാരത്തില്‍ തുടരാനും കളമൊരുക്കിയിരിക്കുകയാണ്.
ആര്‍ബിഐ ഗവര്‍ണര്‍ സമ്പദ്‌വ്യവസ്ഥയ്ക്കാവശ്യമുള്ള ലിക്വിഡിറ്റിയില്‍ വര്‍ധനവ് വരുത്തുന്നതിനുള്ള ബാധ്യത നിറവേറ്റുമെന്ന് വ്യക്തമാക്കുന്നുമുണ്ട്. സാമ്പത്തിക വളര്‍ച്ചയ്ക്ക് കോട്ടം വരാത്തവിധം നയപരമായ തീരുമാനങ്ങളെടുക്കാന്‍ പര്യാപ്തമായ സ്ഥിരം മോണിറ്ററിങ് സംവിധാനവും ആര്‍ബിഐ സജ്ജമാക്കിയിട്ടുണ്ട്. ധനകാര്യ വിപണികളില്‍ വരുന്ന മാറ്റങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കുകയും ചെയ്തുവരുന്നുണ്ട്. 2025–26 ധനകാര്യ വര്‍ഷത്തേക്കുള്ള യഥാര്‍ത്ഥ ജിഡിപി നിജപ്പെടുത്തിയിരിക്കുന്നത് 6.7 ശതമാനമാണെങ്കിലും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍എസ്ഒ) ഈ നിരക്ക് 6.4 ശതമാനമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. ആര്‍ബിഐയുടെ തന്നെ 2025ലെ ഡിസംബര്‍ നയത്തില്‍ 6.6 ശതമാനവും നേരത്തെ 7.2 ശതമാനം വരെയുമായിരുന്നു. പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കി, 4.8 ശതമാനമായിത്തന്നെ നിലനിര്‍ത്തിപ്പോന്നിരുന്നതാണ്.
പലിശനിരക്കിലെ കുറവും വളര്‍ച്ചാ നിരക്ക് സാധ്യതകളും പണപ്പെരുപ്പ നിരക്കിന്റെ ഏറ്റക്കുറച്ചിലുകളും കണക്കിലെടുത്തതിനു പുറമെ, മാധ്യമങ്ങളുമായി നടത്തിയ ആശയ വിനിമയത്തിന്റെ ഭാഗമായി ആര്‍ബിഐ ഗവര്‍ണര്‍ ഡോ. മല്‍ഹോത്ര മറ്റുചില ആശയങ്ങള്‍ കൂടി പങ്കിട്ടിരുന്നു. ഇതിലൂടെ വെളിപ്പെട്ടത് ബാങ്കിങ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രബാങ്ക് വിഭാവനം ചെയ്യുന്ന പുതിയ നിയന്ത്രണങ്ങളും നയസമീപനവുമാണ്. ഇതിന്റെ ആകെത്തുക ബാങ്കിങ് മേഖലയില്‍ മുമ്പുണ്ടായിരുന്നതിലുമേറെ അയവേറിയൊരു നയം നടപ്പാക്കുക എന്നതുതന്നെയാണ്. അയവേറിയ സമീപനത്തിന് തയ്യാറാകുന്നതിനെത്തുടര്‍ന്ന് ആര്‍ബിഐക്ക് ചില ബാധ്യതകളും ഏറ്റെടുക്കേണ്ടി വന്നേക്കാം. സാധാരണ നയസമീപനത്തില്‍ നിന്നും വ്യത്യസ്തമായി ആര്‍ബിഐ ചെയ്തിരിക്കുന്നത് ഈ യാഥാര്‍ത്ഥ്യം എന്തെന്ന് പരസ്യമാക്കിയിട്ടുണ്ടെന്നാണ്. 

ആഗോള ധനകാര്യ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ട കാലഘട്ടത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും ലിക്വിഡിറ്റി നിയന്ത്രിക്കുന്നതിനും അതിന് മേല്‍നോട്ടം വഹിക്കുന്നതിനും ലിക്വിഡിറ്റി നിയന്ത്രണാനുപാതം ഒരു ഉപാധിയായി പ്രയോഗിച്ചിരുന്നതാണ്. അതിന്റെ ലക്ഷ്യം ഹ്രസ്വകാല അടിസ്ഥാനത്തില്‍ പണത്തിന്റെ ലഭ്യത ഉറപ്പാക്കുക എന്നതുമായിരുന്നു. പരമ്പരാഗതമായ വായ്പാനയത്തില്‍ നിന്നും വ്യത്യസ്തമായൊരു സംവിധാനമാണ് ഇ­പ്പോള്‍ കേന്ദ്രബാങ്ക് പിന്തുടര്‍ന്ന് വരുന്നതെന്നതും പ്രസക്തമായി കാണണം. ഭാവിയില്‍ വരാനിടയുള്ള വായ്പാ ആവശ്യങ്ങള്‍ ഒരു പരിധിവരെയെങ്കിലും മുന്‍കൂട്ടി കണ്ടതിനുശേഷമാണ്, പലിശനിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ക്കുള്ള ചട്ടക്കൂട് തയ്യാറാക്കുന്നത് എന്നര്‍ത്ഥം.

വികസനപദ്ധതികള്‍ക്കായുള്ള ആര്‍ബിഐ മാര്‍ഗരേഖകള്‍ തയ്യാറാക്കുന്ന അവസരത്തില്‍ ബന്ധപ്പെട്ട പദ്ധതിയുടെ നിര്‍മ്മാണ കാലയളവില്‍ യഥാര്‍ത്ഥത്തില്‍ വിലയിരുത്തിയിരിക്കുന്ന ചെലവിന്റെ 12 ഇരട്ടിത്തുകയെങ്കിലും ആദ്യഘട്ട ചെലവിന്റെ ഭാഗമാക്കുകയായിരിക്കും ചെയ്യുക. പദ്ധതി നടത്തിപ്പിന് വായ്പ നല്‍കുന്ന ഏജന്‍സികള്‍ക്ക് വായ്പാ പദ്ധതിയെപ്പറ്റി മുന്‍കൂര്‍ ധാരണയും ആസൂത്രണവും സാധ്യമാക്കുന്നതിനാണ് ഈ മാര്‍ഗം പിന്തുടരുന്നത്. ഈ വിധത്തില്‍ മുന്‍കൂറായി വായ്പകള്‍ ബന്ധമായ വിശദാംശങ്ങള്‍ തയ്യാറാക്കുക എന്നത് ആശാസ്യമായിരിക്കും. അതത്ര എളുപ്പമല്ലെന്നു മാത്രം. 

പലിശനിരക്കില്‍ കുറവുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ലാഭനിരക്കിലും നേരിയ ഇടിവുണ്ടായിരിക്കുമല്ലോ. ഇതിന്റെ പ്രതികൂല ആഘാതത്തില്‍ നിന്നും സാമാന്യം മെച്ചപ്പെട്ട വളര്‍ച്ചാനിലവാരം കെെവരിച്ചു കഴിഞ്ഞിരിക്കുന്ന ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് തീര്‍ത്തും ഒഴിഞ്ഞുമാറാനും കഴിയില്ല. ഓഹരിവിപണികളുടെ പ്രധാന ചാലകശക്തി ലാഭനിരക്കല്ലാതെ മറ്റൊന്നുമായിരിക്കില്ല. റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയെന്നതുകൊണ്ട് നിലവിലുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകളില്‍ മാറ്റമുണ്ടാവില്ല. മാത്രമല്ല, വായ്പകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുമെന്നതിനാല്‍ ലിക്വിഡിറ്റിയും ഉയര്‍ത്തേണ്ടിവരും. അതിനാല്‍ പുതിയ നിക്ഷേപങ്ങളെ ആകര്‍ഷിക്കുക ലക്ഷ്യമിട്ട് പലിശനിരക്കുകളുടെ ആകര്‍ഷണീയത നിലനിര്‍ത്തുകയും വേണം. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ മാധ്യമങ്ങളുമായി നടത്തിയ ആശയ വിനിമയത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്കിന്റെ പ്രാധാന്യം പരാമര്‍ശിച്ചതും, ജിഡിപി നിരക്ക് സാധ്യത ഏഴ് ശതമാനത്തിലേറെയായിരിക്കുമെന്ന് വ്യക്തമാക്കിയതും.

സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുക മാത്രമല്ല, ക്രമേണ ഉയര്‍ത്തിക്കൊണ്ടുവരികയും ചെ­യ്താല്‍ മാത്രമെ 2047ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ ഉന്നതങ്ങളില്‍ എത്തിച്ചേരുകയുള്ളൂ. അതായത് ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് സുസ്ഥിരമാവുകയും വിലക്കയറ്റം നിയന്ത്രണവിധേയമാവുകയും ചെയ്താല്‍ മാത്രമേ രൂപയും ഡോളറുമായുള്ള വിനിമയമൂല്യം അതിവേഗം പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. ഇതിന്റെ അര്‍ത്ഥം, മറ്റൊരു പലിശനിരക്ക് ഇളവുകൂടി ഉണ്ടാകാമെന്നു തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.