
സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുള്ള വായ്പപരിധി കൂടുതൽ സംരംഭങ്ങൾക്ക് പ്രയോജനപ്പെടാൻ പാകത്തിൽ ഉയർത്തുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. സ്കെയിൽ അപ്പിനായി നൽകുന്ന വായ്പാ തുകയുടെ പരിധി രണ്ട് കോടിയിൽ നിന്നു മൂന്ന് കോടി രൂപയായും പർച്ചേസ് ഓർഡറുകൾ നടപ്പിലാക്കുന്നതിനും വെഞ്ച്വർ ഡെബ്റ്റ് ഫണ്ടിങിനായി നൽകുന്ന വായ്പയുടെ പരിധി 10 കോടിയിൽ നിന്നു 15 കോടി രൂപയായി ഉയർത്താനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി ലഭ്യമാക്കുന്ന വായ്പാ പദ്ധതികളായ സിഎംഇഡിപി, സ്റ്റാർട്ടപ്പ് കേരള, കെഎഎംഎസ് തുടങ്ങിയവ സ്റ്റാർട്ടപ്പ് സംരംഭകർക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നവയാണെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസപദ്ധതിയിലൂടെ 3183 സംരംഭങ്ങൾക്കായി 1121.02 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും 82,700 തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2025 — 26ല്‍ 500 പുതിയ സംരംഭങ്ങൾക്ക് കൂടി പിന്തുണ നൽകും. കെഎഫ്‍സി സ്റ്റാർട്ടപ്പ് കേരള പദ്ധതി വഴി ഇതുവരെ 77 കമ്പനികൾക്കായി 97.72 കോടി രൂപ വായ്പ നൽകി. കെഎഫ്‍സി കാർഷികാധിഷ്ഠിത എംഎസ്എംഇ വായ്പാ പദ്ധതിയിൽ 41 യൂണിറ്റുകൾക്ക് 95.13 കോടി രൂപ വായ്പ നൽകിയതായും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.