19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 18, 2024
September 26, 2024
July 18, 2024
February 5, 2024
December 15, 2023
July 27, 2023
June 17, 2023
June 11, 2023
April 16, 2023
December 13, 2022

കെ റെയിലിന് കല്ലിട്ടാലും വായ്പ നല്‍കുമെന്ന് സഹകരണമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 4, 2022 7:48 pm

കെ റെയില്‍ സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ടാല്‍ വായ്പയ്ക്ക് ഈടായി ഭൂമി സ്വീകരിക്കില്ലെന്ന നിലപാട് സഹകരണ ബാങ്കുകള്‍ക്ക് ഇല്ലെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കാത്ത രണ്ട് സംഭവങ്ങളുണ്ടായി. രണ്ടിടത്തും നിജസ്ഥിതി ബോധ്യപ്പെടുത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കുന്നതിനാണ് കല്ലിട്ടതെന്ന തെറ്റിദ്ധാരണയാണുണ്ടായിട്ടുള്ളത്. എന്നാല്‍ സാമൂഹ്യ ആഘാത പഠന ആവശ്യത്തിനാണ് കല്ലിടല്‍ നടക്കുന്നത്. ഭൂമി ഏറ്റെടുക്കണമെങ്കില്‍ ഇനിയും നിരവധി കടമ്പകള്‍ കടക്കണം.

പാരിസ്ഥിതിക ആഘാത പഠനവും സര്‍വെയുമൊക്കെ കഴിഞ്ഞായിരിക്കും അന്തിമ അലൈന്‍മെന്റ് തീരുമാനിക്കുക. ഇതിന് ശേഷം നോട്ടീസുകള്‍ നല്‍കിയ ശേഷം മാത്രമെ ഭൂമി ഏറ്റെടുക്കുകയുള്ളൂ. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ നാലിരട്ടി വിലയ്ക്കായിരിക്കും ഏറ്റെടുക്കുക. അപ്പോള്‍ തന്നെ ബാങ്കുകളുടെ കടം തീര്‍ക്കാന്‍ കഴിയും. അത്തരം പ്രദേശങ്ങളിലെ ഭൂമി ഈടായി വാങ്ങിയാല്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളില്‍ ഇത്തരം ഭൂമി ഈടായി നല്‍കുകയാണെങ്കില്‍ നിഷേധിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജപ്തിയിലൂടെ പാവപ്പെട്ടവരെ തെരുവിലിറക്കില്ല: മന്ത്രി

സാധാരണക്കാരുടെ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി ഒഴിവാക്കണമെന്ന് സഹകരണ ബാങ്കുകള്‍ക്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജപ്തിയുടെ സാഹചര്യമുണ്ടായാല്‍ താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തിയ ശേഷം നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ സംഘത്തിലുണ്ടായ സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അത് ലഭിക്കുന്ന മുറയ്ക്ക് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

അര്‍ബന്‍ ബാങ്കുകളില്‍ ഭരണപരമായ കാര്യങ്ങളില്‍ മാത്രമാണ് കോ ഓപ്പറേറ്റീവ് രജിസ്ട്രാര്‍ക്ക് ചുമതലയുള്ളൂ. ബാങ്കിംഗ് ഇടപാടുകള്‍ റിസര്‍വ്വ് ബാങ്കിനാണ് നിയന്ത്രണം. അതുകൊണ്ടു തന്നെ ആര്‍ബിഐ ചട്ടങ്ങള്‍ അനുസരിച്ചാണ് മൂവാറ്റുപുഴയില്‍ നടപടി സ്വീകരിച്ചത്. സര്‍ഫാസി നിയമം ബാധമാക്കിയായിരുന്നു നടപടി. പലതവണ നിയമപരമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും വായ്പക്കാരനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്ത്. വായ്പക്കാരന്‍ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ താക്കോല്‍ മടക്കി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയും മടക്കി നല്‍കുകയും ചെയ്തതായി ബാങ്ക് പ്രസിഡന്റ് അറിയിച്ചു. പ്രാഥമിക വിവരം ശേഖരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Eng­lish Summary:loan will be giv­en even if K Rail established
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.