
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെ യുഡിഎഫില്‍ ഉടലെടുത്ത പടലപ്പിണക്കം താഴെത്തട്ടിലേക്കും വ്യാപിക്കുന്നു. ലീഗ് സ്വാധീന മേഖലകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കൂട്ടമായി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പല പ്രാദേശിക കമ്മിറ്റികളും നേതൃത്വത്തിന് പരാതി നല്‍കുകയാണ്.
മുന്നണി മര്യാദകള്‍ പാലിക്കാതെ ലീഗ് നേതൃത്വം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കുകയായിരുന്നുവെന്നാണ് കോഴിക്കോട് കോര്‍പറേഷനില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആക്ഷേപം. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ തയ്യാറാകണമെന്നുമാണ് നേതൃത്വത്തിനോടുള്ള അണികളുടെ ആവശ്യം. കോഴിക്കോട് ജില്ലാപഞ്ചായത്തിലും കോര്‍പറേഷനിലുമെല്ലാം യുഡിഎഫ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മുന്നേറ്റമുണ്ടാക്കിയപ്പോള്‍ വര്‍ധിച്ച സീറ്റുകളില്‍ ഏറെയും ലീഗിന്റേതാണ്. കോണ്‍ഗ്രസിന്റെയും മറ്റ് യുഡിഎഫ് ഘടകകക്ഷികളുേയും സ്ഥാനാര്‍ത്ഥികള്‍ പലയിടത്തും പരാജയപ്പെട്ടു.
കോഴിക്കോട് ജില്ലയിലുള്‍പ്പെടെ കോണ്‍ഗ്രസിന്റെ നില ഏറെ പരിതാപകരമാണ്.
20 വര്‍ഷത്തിലേറെയായി ജില്ലയില്‍ നിന്നും ഒരു നിയമസഭാംഗത്തെപ്പോലും വിജയിപ്പിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ലീഗിന് പ്രാതിനിധ്യമുണ്ടുതാനും. ഇത്തവണയെങ്കിലും ജില്ലയില്‍ നിന്നും ഒരംഗത്തെയെങ്കിലും വിജയിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് നേതൃത്വം കരുക്കള്‍ നീക്കുന്നത്. ഇതിനിടെയാണ് പ്രാദേശിക തലത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള പോര് രൂക്ഷമാകുന്നത്.
കോഴിക്കോട് കോർപറേഷനിൽ 14 സീറ്റുകളിലാണ് ഇത്തവണ ലീഗ് ജയിച്ചത്. കഴിഞ്ഞ തവണ നേടിയതിനേക്കാൾ ഇരട്ടി സീറ്റുകളിലാണ് ഇവിടെ വിജയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് കോര്‍പറേഷനില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല. കോര്‍പറേഷനിലെ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ് ഉള്‍പ്പെടെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇവിടെയും ലീഗ് സംശയത്തിന്റെ നിഴലിലാണ്. സീറ്റുകള്‍ കൂടുതല്‍ ലഭിച്ചതോടെ ലീഗിന്റെ വിലപേശലും ശക്തമായിട്ടുണ്ട്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി ലീഗ് പിടിമുറുക്കുകയായിരുന്നു. ഒടുവില്‍ രണ്ടര വര്‍ഷം വീതം പ്രസിഡന്റ് സ്ഥാനം പങ്കിടാനാണ് യുഡിഎഫില്‍ ധാരണയായത്. കൂടാതെ വൈസ് പ്രസിഡന്റ് സ്ഥാനം അഞ്ച് വര്‍ഷവും ലീഗിന് തന്നെയാണ് നല്‍കാന്‍ ധാരണയായത്. ജില്ലയില്‍ യുഡിഎഫിന് ലഭിച്ച ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും അധ്യക്ഷ സ്ഥാനം ലീഗിനാണ് ലഭിക്കുക. ഇതെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വ്യാപകമായ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. യുഡിഎഫിൽ കോൺഗ്രസിന്റെ ബലം ലീഗാണെന്നും ലീഗിനെ അവഗണിച്ച് മുന്നണിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ പാര്‍ട്ടിക്ക് അവകാശപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കാതെയുള്ള ഒരു ഒത്തുതീര്‍പ്പും വേണ്ടെന്നും ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ മേല്‍ക്കൈ നിയമസഭാ തെരഞ്ഞെടുപ്പിലും ഉപയോഗപ്പെടുത്താന്‍ വിലപേശൽ തന്ത്രം സ്വീകരിക്കാനാണ് ലീഗിന്റെ നീക്കം. ലീഗിന്റെ തോളിലേറിയുള്ള വിജയമാകണം യുഡിഎഫിന് ലഭിക്കേണ്ടതെന്ന ആഗ്രഹമാണ് ലീഗ് നേതൃത്വത്തിനും അണികൾക്കുമുള്ളത്. ഇത് വരുംദിനങ്ങളില്‍ യുഡിഎഫില്‍ പോര് രൂക്ഷമാക്കുമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.