26 June 2024, Wednesday
KSFE Galaxy Chits

ലോക്കോ പൈലറ്റുമാരുടെ സമരം; കടുത്ത നടപടിയുമായി റെയില്‍വേ; കൂട്ടത്തോടെ സ്ഥലംമാറ്റി

കെ കെ ജയേഷ്
കോഴിക്കോട്
June 11, 2024 8:44 pm

ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചുകൊണ്ട് ലോക്കോ പൈലറ്റുമാരുടെ സമരം നേരിടാൻ റെയിൽവേ നീക്കം. ഇന്നലെ പാലക്കാട് ഡിവിഷൻ പരിധിയിൽ ഒമ്പത് പേരെയാണ് സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എന്‍ജിനീയർ സ്ഥലം മാറ്റിയത്. മംഗലാപുരം, കോഴിക്കോട് എന്നിവടങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്. പത്ത് ദിവസത്തെ ജോയിനിങ് സമയം കഴിഞ്ഞ് ഇവർ ജോലിയിൽ പ്രവേശിക്കുന്നതിനിടെ ട്രെയിൻ ഓടിക്കാൻ ആവശ്യത്തിന് ആളില്ലെന്ന് വരുത്തിത്തീർക്കാനാണ് റെയിൽവേ മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. സ്ഥലം മാറ്റ നടപടികളെത്തുടർന്ന് ട്രെയിനോട്ടം നിലയ്ക്കുമ്പോൾ അതിന്റെ കാരണം തങ്ങളുടെ സമരമാണെന്ന് പ്രചരിപ്പിച്ച് യാത്രക്കാരെ തങ്ങൾക്കെതിരിക്കാനാണ് നീക്കമെന്ന് ലോക്കോ പൈലറ്റുമാർ പറയുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ നിരവധി പേരെ സ്ഥലം മാറ്റുകയും പീരിയോഡിക്കൽ അവധിയെടുത്ത നിരവധി ജീവനക്കാർക്ക് കുറ്റപത്രം നൽകുകയും ചെയ്തിരുന്നു. ലോക്കോ പൈലറ്റുമാരുടെ സമരം പതിനൊന്ന് ദിവസം പിന്നിട്ട് മുന്നോട്ട് പോകുമ്പോഴാണ് ഇത്തരം പ്രതികാര നടപടികൾ. 

കഴിഞ്ഞ ദിവസം മുതൽ ട്രെയിനുകൾ പിടിച്ചിട്ട് ബോധപൂർവം വൈകിപ്പിക്കാനുള്ള നീക്കവും റെയിൽവേ മാനേജ്മെന്റ് നടത്തുന്നുണ്ട്. തിങ്കളാഴ്ച കുർള എക്സ്പ്രസ് കോഴിക്കോടും മഡ്ഗാവ് എക്സ്പ്രസ് ഷൊർണൂരും പകരം ലോക്കോ പൈലറ്റുമാരെ കൊടുക്കാതെ വൈകിപ്പിക്കാൻ അധികാരികള്‍ നീക്കം നടത്തിയിരുന്നു. എന്നാൽ പകരം ആളുകൾ നേരത്തെ തന്നെ തയ്യാറായി നിന്നതുകൊണ്ട് ഈ നീക്കം വിജയിച്ചില്ല. ഇന്നലെയും ഇത്തരം നീക്കങ്ങൾ റെയിൽവേ തുടർന്നു. ജോലി സമയം നിജപ്പെടുത്തണമെന്നും അർഹമായ വിശ്രമ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ലോക്കോ പൈലറ്റുമാർ സമരം നടത്തുന്നത്. 95 ശതമാനം ലോക്കോ പൈലറ്റുമാരും സമര രംഗത്തുണ്ടെന്ന് ഓൾ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കി. 

ദക്ഷിണ റെയിൽവേയിൽ തിരുവനന്തപുരം, സേലം, ചെന്നൈ ഡിവിഷനുകളിൽ സമരം പൂർണമാണ്. സമരം ഒരു വിധത്തിലും ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാണ്. സമരം ഗതാഗതത്തെ ബാധിക്കുന്ന സന്ദർഭം വന്നാൽ വിശ്രമം പോലും ഉപേക്ഷിച്ച് വണ്ടി ഓടിക്കുമെന്ന് ലോക്കോ പൈലറ്റ് അസോസിയേഷൻ ഭാരവാഹികളായ പി കെ അശോകൻ, കെ എസ് ശ്രീജു എന്നിവർ വ്യക്തമാക്കി. സമരം അവസാനിപ്പിക്കാൻ റെയിൽവേ മന്ത്രാലയം ഇടപെടണമെന്ന് കോൺഫെഡറേഷൻ ഓഫ് റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്താൻ തയ്യാറാവാത്തതാണ് പ്രധാന പ്രശ്നം. ദക്ഷിണ റെയിൽവേക്ക് കീഴിൽ 16,000 ത്തോളം ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളാണുള്ളത്. ലീവെടുക്കാതെ ജോലി ചെയ്യുന്നത് ജോലിയെയും യാത്രക്കാരുടെ സുരക്ഷയെയും ഗുരുതരമായി ബാധിക്കുമെന്നാണ് ലോക്കോ പൈലറ്റുമാർ വ്യക്തമാക്കുന്നത്. 

Eng­lish Summary:Loco Pilots Strike; Rail­ways with strict action; Moved en masse

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.