18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 14, 2024
December 13, 2024
November 25, 2024
November 22, 2024
July 14, 2024
July 2, 2024
July 1, 2024
June 26, 2024
June 26, 2024

ലോക്‌സഭാ സമ്മേളനത്തിന് തുടക്കം; ഭരണഘടനാ പ്രതിഷേധം

* ഇന്ത്യ സഖ്യം അംഗങ്ങള്‍ എത്തിയത് ഭരണഘടനയുമായി
* കൊടിക്കുന്നിലിനെ തഴഞ്ഞത് ദളിത് ആയതുകൊണ്ടെന്ന് പ്രതിപക്ഷം
റെജി കുര്യന്‍
ന്യൂഡല്‍ഹി
June 24, 2024 10:43 pm

വര്‍ധിത വീര്യത്തോടെയെത്തിയ പ്രതിപക്ഷത്തിന്റെ, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള പ്രതിഷേധത്തോടെ 18ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കം. കീഴ്‌വഴക്കമനുസരിച്ച് കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷിനു ലഭിക്കേണ്ടിയിരുന്ന പ്രോടേം സ്പീക്കര്‍ സ്ഥാനം ഭര്‍തൃഹരി മെഹ്താബിനു നല്‍കിയതിനെതിരെയായിരുന്നു പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍ എത്തിയത്.
നടപടിക്കെതിരെ പ്രതിപക്ഷം പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരടക്കം മുഴുവന്‍പേരും ഭരണഘടനയുടെ കോപ്പിയുമായാണ് പ്രതിഷേധിച്ചത്. പ്രധാനമന്ത്രി മോഡി സഭയിലും സത്യപ്രതിജ്ഞയ്ക്കുമെത്തിയപ്പോഴും ഇതേരീതിയിലുള്ള പ്രതിഷേധമുണ്ടായി. പ്രോടേം സ്പീക്കര്‍ പാനലിലേക്ക് തെരഞ്ഞെടുത്തിരുന്ന പ്രതിപക്ഷ അംഗങ്ങള്‍ വിട്ട് നില്‍ക്കുകയും ചെയ്തു. 

എട്ട് തവണ തുടര്‍ച്ചയായി എംപിയായില്ലെന്ന് പറഞ്ഞാണ് ഏഴ് തവണ പാര്‍ലമെന്റ് അംഗമായ ഭര്‍തൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കിയത്. ഇത് പാര്‍ലമെന്റ് നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കൊടിക്കുന്നില്‍ ദളിത് സമുദായ അംഗമായതുകൊണ്ടാണ് ബിജെപി അദ്ദേഹത്തെ സത്യവാചകം ചൊല്ലിക്കൊടുക്കാനായി നിയോഗിക്കാത്തതെന്ന് ഇന്ത്യ സഖ്യം ആരോപിച്ചു.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, പുതിയ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പുകള്‍ വരെയുള്ള നടപടി ക്രമങ്ങള്‍ക്കുള്ള അധികാരം പ്രോടേം സ്പീക്കര്‍ക്കാണ്. രാഷ്ട്രപതിയാണ് പ്രോടേം സ്പീക്കറെ നിയോഗിക്കുന്നത്. 1989 മുതല്‍ എട്ടു പ്രാവശ്യം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിലാണ് പ്രോടേം സ്പീക്കര്‍ പദവിക്ക് അര്‍ഹന്‍. 1998ലെയും 2004ലെയും പരാജയം എന്ന സാങ്കേതികത ഉയര്‍ത്തിയാണ് 1998 മുതല്‍ തുടര്‍ച്ചയായി ഏഴു പ്രാവശ്യം വിജയിച്ചെത്തിയ മെഹ്താബിനെ നിയോഗിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ പ്രതിപക്ഷ പോരാട്ടം സഭയുടെ ആദ്യ ദിനം തന്നെ തുടങ്ങിയത് വരുംദിനങ്ങള്‍ ഭരണ‑പ്രതിപക്ഷ പോരാട്ടങ്ങള്‍ ശക്തമാകുമെന്നത് അടിവരയിടുന്നു.

രാവിലെ 11ന് ആരംഭിച്ച സമമേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇതിനു ശേഷം പ്രോടെം സ്പീക്കറെ സഹായിക്കാന്‍ രാഷ്ട്രപതി ശുപാര്‍ശ ചെയ്തവരാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യ സഖ്യം അംഗങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ അപ്പോള്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. കൊടിക്കുന്നില്‍ സുരേഷ്, ഡിഎംകെ അംഗം ടി ആര്‍ ബാലു, ടിഎംസി അംഗം സുദീപ് ബന്ദാേപാദ്ധ്യായ എന്നിവര്‍ക്കു പുറമെ ബിജെപി അംഗങ്ങളായ രാധാ മോഹന്‍ സിങ്, ഫഗന്‍ സിങ് കുലസ്തേ എന്നിവരെയും പ്രോടെം സ്പീക്കറെ സഹായിക്കാനായി നാമനിര്‍ദേശം ചെയ്തിരുന്നു. കേന്ദ്ര മന്ത്രിമാര്‍, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍, സഹമന്ത്രിമാര്‍ തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ എന്ന നിലയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. വൈകിട്ട് ആറിന് പിരിഞ്ഞ ലോക്‌സഭ ഇന്നു രാവിലെ വീണ്ടും സമ്മേളിക്കും. 

Eng­lish Summary:Lok Sab­ha ses­sion begins; Con­sti­tu­tion­al protest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.