
ഇറാൻ‑ഇസ്രായേൽ യുദ്ധപ്രതിസന്ധിയെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി കുടുങ്ങിപ്പോയ മലയാളി കുടുംബം ഉൾപ്പെടെയുള്ള എട്ടുപേർ ഇന്ന് രാവിലെ കൊച്ചിയിൽ സുരക്ഷിതരായി എത്തിച്ചേർന്നു. നയതന്ത്ര സങ്കീർണ്ണതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയിലായ യാത്രക്കാർക്ക് ലോകകേരള സഭയുടെയും നോർക്കയുടെയും മിന്നൽ വേഗത്തിലുള്ള ഇടപെടലാണ് തുണയായത്. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈറ്റിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനമാണ് യുദ്ധസംഘർഷം മൂലം കറാച്ചിയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നത്. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗല്യർ, ഭാര്യ ഡോ. രശ്മി മേനോൻ, മകൾ സ്തുതി മേനോൻ എന്നിവരടക്കമുള്ള സംഘമാണ് ഇതോടെ പാക് മണ്ണിൽ കുടുങ്ങിയത്.
വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ ഈ വിവരം കുവൈറ്റിലെ ലോകകേരള സഭാംഗവും കേരള അസോസിയേഷൻ മുൻ സെക്രെട്ടറിയുമായ മണിക്കുട്ടൻ എടക്കാടിനെ അറിയിക്കുകയായിരുന്നു. അദ്ദേഹം ഉടനടി നോർക്ക റൂട്ട്സുമായി ബന്ധപ്പെടുകയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിക്കുകയും ചെയ്തു.
കറാച്ചിയിൽ നിന്നും വിമാനമാർഗ്ഗം ഇന്നലെ ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിൽ എത്തിയ സംഘം, അവിടെ നിന്നുള്ള കണക്ഷൻ വിമാനത്തിൽ ഇന്ന് രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സുരക്ഷിതമായി ജന്മനാട്ടിൽ തിരിച്ചെത്തിയ ആശ്വാസത്തിലാണ് യാത്രക്കാർ. ലോകകേരള സഭ വെറും പ്രസംഗവേദിയാണെന്ന് ആക്ഷേപിക്കുന്നവർക്കുള്ള ശക്തമായ മറുപടിയാണ് ഈ രക്ഷാദൗത്യം. വിദേശ രാജ്യങ്ങൾക്കിടയിലെ സങ്കീർണ്ണമായ നയതന്ത്ര പ്രതിസന്ധികൾക്കിടയിലും സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കാൻ ഇത്തരം സംവിധാനങ്ങൾ എത്രത്തോളം അനിവാര്യമാണെന്ന് ഈ സംഭവം തെളിയിക്കുന്നു.
രാഷ്ട്രീയ ലാഭത്തിനായി ലോകകേരള സഭയുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്നവർക്ക് മുന്നിൽ, കറാച്ചിയിൽ നിന്ന് സുരക്ഷിതരായി മടങ്ങിയെത്തിയ മലയാളികളുടെ മുഖത്തെ ആശ്വാസം ഒരു വലിയ സാക്ഷ്യപത്രമാണ്. നോർക്ക റൂട്ട്സും ലോകകേരള സഭയും തമ്മിലുള്ള മികച്ച ഏകോപനത്തിലൂടെ അതിർത്തികൾക്കപ്പുറവും മലയാളിക്ക് താങ്ങായി കേരള സർക്കാർ ഉണ്ടെന്ന ഉറപ്പാണ് ഈ ദൗത്യം വീണ്ടും അടിവരയിടുന്നത്. പ്രവാസികളുടെ ആവലാതികൾ കേൾക്കാനും അവർക്ക് പ്രതിസന്ധികളിൽ താങ്ങാവാനും ലോകകേരള സഭയെപ്പോലൊരു വേദിയുണ്ടെന്നത് ഓരോ മലയാളി പ്രവാസിക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ലോകകേരള സഭയെ പോലുള്ള ക്രിയാത്മകമായ ഇടപെടലുകളെ കണ്ടില്ലെന്ന് നടിക്കുന്നത് പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കൂടി ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.