23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ലോക‍്പാല്‍ തളര്‍ച്ചയില്‍

 അഞ്ച് വര്‍ഷത്തിനിടെ അന്വേഷണം നടത്തിയത് 24 കേസുകളില്‍ 
 ആറെണ്ണത്തിന് പ്രോസിക്യൂഷന്‍ അനുമതി 
Janayugom Webdesk
ന്യൂഡല്‍ഹി
January 19, 2025 10:12 pm

പൊതുരംഗത്തു നിന്ന് അഴിമതി പൂര്‍ണമായും തുടച്ച് നീക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ലോക്പാല്‍ സംവിധാനം പരാജയമെന്ന് കണക്കുകള്‍.
രാജ്യത്തെ ആദ്യ അഴിമതിവിരുദ്ധ സംഘടനയായ ലോക‍്പാല്‍ പ്രവര്‍ത്തനം ആരംഭിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ 24 കേസുകളില്‍ മാത്രമാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ആറ് കേസുകള്‍ക്ക് മാത്രമാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുപ്രവര്‍ത്തകര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കാന്‍ അധികാരമുള്ള സംഘടനയാണ് ലോക‍്പാല്‍. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മൂന്ന് പരാതികളാണ് ലഭിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 

ലോക്‌പാലിന് വളരെ വിശാലമായ അധികാരങ്ങള്‍ നിയമം നല്‍കിയിട്ടുണ്ട്. അന്വേഷണം നടത്താനും പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടികള്‍ കൈക്കൊള്ളാനും ലോക്‌പാലിന് അധികാരമുണ്ട്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ ലഭിച്ച 90 ശതമാനം പരാതികളും ശരിയായ രീതിയില്‍ സമര്‍പ്പിക്കാത്തതിനാല്‍ അവയെല്ലാം തള്ളിക്കളഞ്ഞതായാണ് രേഖകള്‍. മൊത്തം 2,320 പരാതികള്‍ രജിസ‍്റ്റര്‍ ചെയ‍്തു. ആകെയുള്ള പരാതികളില്‍ മൂന്ന് ശതമാനം പ്രധാനമന്ത്രി/പാര്‍ലമെന്റ് അംഗങ്ങള്‍/കേന്ദ്രമന്ത്രി എന്നിവര്‍ക്കെതിരെയാണ്. കേന്ദ്രസര്‍ക്കാരിലെ എ, ബി, സി, ഡി ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ 21 ശതമാനവും കേന്ദ്ര സ്ഥാപനങ്ങളിലെ ചെയര്‍പേഴ‍്സണ്‍ അല്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ 35 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ള മറ്റുള്ളവര്‍ക്കെതിരെ 41 ശതമാനം പരാതികളും ലഭിച്ചു. 

ലോക‍്പാല്‍ നിയമം (2013) സെക്ഷന്‍ 53 പ്രകാരം, കുറ്റം ആരോപിക്കപ്പെട്ട തീയതി മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഫയല്‍ ചെയ‍്താല്‍ മാത്രമേ പരാതി പരിഗണിക്കാനാകൂ. നിയമം 2013ല്‍ പാസാക്കിയെങ്കിലും ആറ് വര്‍ഷത്തിന് ശേഷമാണ് ആദ്യത്തെ ലോക‍്പാലായി ജസ‍്റ്റിസ് പിനാകി ചന്ദ്രഘോഷിനെയും എട്ട് അംഗങ്ങളെയും നിയമിച്ചത്. 2024ല്‍ ജസ‍്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ രണ്ടാം ലോക‍്പാലായി. ഡയറക‍്ടര്‍ ഓഫ് എന്‍ക്വയറി, ഡയറക‍്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ തസ‍്തികകള്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പലതവണ കത്തയച്ചെങ്കിലും അനുകൂല തീരുമാനത്തിന് കാത്തിരിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരാതികള്‍ സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനെയും സിവിസി) സിബിഐയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ലോക‍്പാല്‍ റാഫര്‍ ചെയ്യുന്ന പരാതികള്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്കായി സിവിസിയില്‍ ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഡയറക‍്ടര്‍ ഓഫ് എന്‍ക്വയറിയെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കണം. നിലവില്‍ ആ തസ‍്തിക ഒഴിഞ്ഞുകിടക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ സിവിസി ഓഫിസര്‍മാരുടെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. ഇതും ലോക്പാലിന്റെ മികച്ച പ്രവര്‍ത്തനത്തിന് തടസമായി മാറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.