തെരഞ്ഞെടുപ്പ് കമ്മിഷൻ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് ഏറെ മുമ്പുതന്നെ എൽഡിഎഫ് കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിലേക്കും മത്സരിക്കുന്ന അതിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും പ്രവർത്തകർ കളംനിറയുകയും ചെയ്തിരുന്നു. മുഖ്യ പ്രതിയോഗിയായ യുഡിഎഫ് ചില നാടകീയതകളുടെ അകമ്പടിയോടെയെങ്കിലും പ്രവർത്തനരംഗത്തുണ്ട്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യമാകട്ടെ മോഡിയുടെ ആർഭാടപൂർണമായ തെരുവ് പ്രകടനങ്ങൾക്കപ്പുറം സ്ഥാനാർത്ഥിപ്പട്ടികപോലും പൂർത്തിയാക്കാനാവാതെ തെരഞ്ഞെടുപ്പ് ഗോദയിൽ ബഹുദൂരം പിന്നിലാണ്. വസ്തുത ഇതായിരിക്കെ തെരഞ്ഞെടുപ്പ് സർവേകളുടെ പ്രസക്തിയും അവയുടെ പിന്നിലെ ഉദ്ദേശശുദ്ധിയും സംശയങ്ങൾ ഉണർത്തുക സ്വാഭാവികം. അത് സർവേയുടെ പ്രായോജകരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പൊതുജനമധ്യത്തിൽ സ്ഥാപിച്ചെടുക്കാനും രാഷ്ട്രീയ പ്രതിയോഗികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യംവച്ചുള്ളതാണെന്ന് കരുതുന്നതിൽ തെറ്റില്ല. എൽഡിഎഫ് ഘടകകക്ഷികളുടെ സ്ഥാനാർത്ഥി നിർണയം പരമ്പരാഗതമായി മുന്നണിയുടെ വിമർശകരായ മാധ്യമങ്ങളുടെ പോലും ഗുണനിരൂപണ വിധേയമായി. രാഷ്ട്രീയനിരീക്ഷകർ പൊതുവിൽ എഴുതിത്തള്ളിയ മണ്ഡലങ്ങളിൽപ്പോലും എൽഡിഎഫ് സ്ഥാനാർത്ഥികൾ ശ്രദ്ധേയമായ അനുകൂല പ്രതികരണങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും രാജ്യത്തും ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ ജനങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കുന്നതും തങ്ങളുടെ സമ്മതിദാനാവകാശം വിവേകപൂർവം വിനിയോഗിക്കാൻ നിർബന്ധിതമാക്കുന്നവയുമാണ്. കേരളത്തിനെതിരായ മോഡി സർക്കാരിന്റെ വിവേചനപരമായ സമീപനം, തെരഞ്ഞെടുപ്പ് ബോണ്ട് വിഷയം എന്നിവയിൽ സുപ്രീം കോടതി കൈക്കൊണ്ട നിശിത നിലപാടുകൾ, അവയിൽ ഇടതുപക്ഷം അവലംബിച്ച നിലപാടുകളുടെ സാധൂകരണവും ബിജെപിയുടെയും കേരളത്തിലെ യുഡിഎഫിന്റെയും നിലപാടുകളെ തുറന്നുകാട്ടുന്നവയുമായി. പൗരത്വ ഭേദഗതി നിയമവും അതിന്റെ നടത്തിപ്പിനായി മോഡി സർക്കാർ രൂപീകരിച്ച ചട്ടങ്ങളും മത ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഭരണഘടനാ വിരുദ്ധമായ ആ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം മതനിരപേക്ഷ ശക്തികൾക്കും മത ന്യൂനപക്ഷങ്ങൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നതാണ്. സമീപകാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കാഴ്ചവച്ച മികച്ച പ്രകടനം നൽകുന്ന സൂചനയും അവഗണിക്കാവുന്നതല്ല. മുഖ്യ പ്രതിപക്ഷമായ /യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ് കടുത്ത വിഭാഗീയതയും അന്തഃഛിദ്രവുംകൊണ്ട് അങ്ങേയറ്റം ദുർബലമായ അവസ്ഥയിലാണ്. പാർട്ടിയുടെ തലപ്പത്തുള്ള പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മിലുള്ള അഭിപ്രായഭിന്നത എല്ലാ മറയുംനീക്കി തെറിവിളിയോളമെത്തിയത് മാധ്യമങ്ങൾ ആഘോഷമാക്കി. ഇരുവർക്കുമിടയിലെ പോരാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യചുമതല രമേശ് ചെന്നിത്തലയെ ഏല്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനെ നിർബന്ധിതമാക്കിയത്.
കോൺഗ്രസിന്റെ നിലവിലുള്ള പല എംപിമാരും മത്സരിക്കാൻ വിമുഖത കാണിച്ചിരുന്നതിന്റെ മുഖ്യകാരണം പാർട്ടിക്കുള്ളിലെ വിശ്വാസരാഹിത്യവും പരാജയഭീതിയുമാണെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. വി ഡി സതീശൻ, മാത്യു കുഴൽനാടൻ, കെ ബാബു തുടങ്ങിയ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണം, അനധികൃത സ്വത്തുസമ്പാദനം തുടങ്ങിയവ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാല്‍, കണ്ണൂരിൽ നാളിതുവരെ സുധാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന സി രഘുനാഥ് എന്നിവരുടെ ബിജെപിയിലേക്കുള്ള കുടിയേറ്റവും കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടത്തോടെയുള്ള കാലുമാറ്റം ആസന്നമാണെന്ന ആശങ്കയും കോൺഗ്രസിന്റെയും പ്രവർത്തകരുടെയും ആത്മവീര്യത്തെ തകർക്കുകയും പാർട്ടിയെ ദുർബലമാക്കുകയും ചെയ്തിട്ടുണ്ട്. ഈ വസ്തുതകൾ നന്നായി തിരിച്ചറിയുന്നവരാണ് യുഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യക്തവും ശക്തവുമായ നിലപാടെടുക്കാത്തതും കോൺഗ്രസ് അവലംബിക്കുന്ന മൃദുഹിന്ദുത്വ നിലപാടുകളും ലീഗിലും മുസ്ലിം ജനവിഭാഗങ്ങൾക്കിടയിലും അനല്പമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മോഡിയുടെയും ബിജെപി നേതാക്കളുടെയും ഗോദി മാധ്യമങ്ങളുടെയും അവകാശവാദങ്ങൾ അവരുടെ ആത്മരതി മാത്രമാണ്.
മോഡിയുടെ തെരുവ് പ്രദർശനങ്ങൾകൊണ്ടോ ബിജെപിയുടെ അഴിമതിക്കറപുരണ്ട പണക്കൊഴുപ്പുകൊണ്ടോ കേരളത്തിൽ രണ്ടക്ക നേട്ടം ഉണ്ടാക്കുമെന്ന അവകാശവാദം പോയിട്ട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില നിലനിർത്താൻപോലും അവർക്ക് കഴിയില്ല എന്നതാണ് വസ്തുത. അത് മറ്റാരെക്കാളും നന്നായി അറിയുന്നത് കേരളത്തിലെ ബിജെപി നേതൃത്വവും പ്രവർത്തകരുമാണ്. മോഡി സ്വേച്ഛാധിപത്യത്തിനുകീഴിൽ കേവലം ചൂതാട്ടക്കരുക്കളാണ് തങ്ങളെന്നും അവർക്കറിയാം. കേരളത്തിന്റെ രാഷ്ട്രീയ യാഥാർത്ഥ്യം ഇതായിരിക്കെ സർവേകളും അവയുടെ ഫലപ്രഖ്യാപനങ്ങളുമായി വന്നവരും വരാനിരിക്കുന്നവരുമായ എല്ലാ തെരഞ്ഞെടുപ്പ് വിശകലന പണ്ഡിതർക്കുമെതിരെ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തണം. വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയും തളരാത്ത കഠിനാധ്വാനവുമാണ് ജനാധിപത്യത്തിന്റെ ആത്യന്തിക വിജയത്തിലേക്കുള്ള രാജപാത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.