11 December 2025, Thursday

Related news

November 20, 2025
November 1, 2025
October 23, 2025
October 10, 2025
October 7, 2025
May 11, 2025
May 5, 2025
April 24, 2025
February 5, 2025
November 22, 2024

ദീര്‍ഘദൂര ഭൂതല ക്രൂയിസ് മിസൈല്‍; ആദ്യപരീക്ഷണം വിജയം

Janayugom Webdesk
ന്യൂഡല്‍ഹി
November 12, 2024 10:13 pm

ഇന്ത്യയുടെ മിസൈല്‍ ആവനാഴിയിലേക്ക് പുതിയ ഒരു ആയുധം കൂടി. ലോങ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ (എൽആർഎൽഎസിഎം) ആദ്യ പരീക്ഷണം വിജയകരം. ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് (ഐടിആർ) ഒരു മൊബൈൽ ആർട്ടിക്യുലേറ്റഡ് ലോഞ്ചറിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. എല്ലാ ഉപസംവിധാനങ്ങളും പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കുകയും ദൗത്യ ലക്ഷ്യങ്ങൾ നിറവേറ്റുകയും ചെയ്തതായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) അറിയിച്ചു. റഡാർ, ഇലക്‌ട്രോ ഒപ്റ്റിക്കൽ ട്രാക്കിങ് സിസ്റ്റം, ടെലിമെട്രി തുടങ്ങി നിരവധി റേഞ്ച് സെൻസറുകൾ മിസൈൽ പരീക്ഷണം നിരീക്ഷിച്ചിരുന്നു. 

മിസൈൽ വേ പോയിന്റ് നാവിഗേഷൻ ഉപയോഗിച്ച് കൃത്യമായ പാത പിന്തുടര്‍ന്ന എൽആർഎൽഎസിഎം മിസൈല്‍ വിവിധ ഉയരങ്ങളിലും വേഗതയിലും പറക്കുന്നതിനുള്ള കഴിവും പ്രകടമാക്കി. ഡിആര്‍ഡിഎയുടെ സാങ്കേതിക സഹായത്തോടെ ബംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെൻ്റാണ് എൽആർഎൽഎസിഎം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, ഹൈദരാബാദ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവരും മിസൈല്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായി. 

ഇന്ത്യൻ നാവിക സേനയ്ക്കായി 1000 കിലോമീറ്റർ വരെ ആക്രമണശേഷിയുള്ള പുതിയ കപ്പൽവേധ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണവും ഉടന്‍ തന്നെ നടക്കും. ഇന്ത്യൻ നാവികസേനക്ക് വേണ്ടി ഡിആർഡിഒ വികസിപ്പിക്കുന്ന മിസൈൽ, കരയിൽ നിന്നും കടലിൽ നിന്നും തൊടുത്തുവിടാൻ ശേഷിയുള്ളതാണ്. ദീർഘദൂരത്തുള്ള ശത്രുക്കളുടെ യുദ്ധക്കപ്പലുകൾക്കും വിമാനവാഹിനി കപ്പലുകൾക്കും നേരെ ആക്രമണം നടത്തുകയാണ് മിസൈൽ കൊണ്ട് ലക്ഷ്യമിടുന്നത്. ചൈന അടക്കമുള്ള രാജ്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനുള്ള പദ്ധതികള്‍ മുന്നില്‍ക്കണ്ട് കരസേനയും വ്യോമസേനയും ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ബ്രഹ്മോസ് അടക്കമുള്ള അതിവേഗ മിസൈലുകൾ നിലവിൽ നാവിക സേനയുടെ പക്കലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.