
ഗോവയിലെ അര്‍പോറയിലെ നിശാക്ലബ്ബ് തീപിടിത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉടമകള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തിന് ശേഷം ഉടമകളായ സൗരഭ്, ഗൗരവ് സുത്ര എന്നിവര്‍ ഒളിവിലാണ്. ഇരുവരും ഗോവ വിട്ടതായും രാജ്യം വിടാന്‍ ശ്രമിച്ചതായി സംശയിക്കുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദുരന്തത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി ഗൗരവ് സുത്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ദുരിതബാധിതരായ എല്ലാവര്‍ക്കും പൂര്‍ണ സഹായം മാനേജ്മെന്റ് നല്‍കുമെന്നും പറഞ്ഞു. മരിച്ച 25ല്‍ 20 പേരും ജീവനക്കാരാണ്. ബാക്കിയുള്ളവര്‍ വിനോദസഞ്ചാരികളും. ജീവനക്കാരില്‍ അഞ്ച് പേര്‍ ഉത്തരാഖണ്ഡ്, നാല് പേര്‍ നേപ്പാള്‍, ഝാര്‍ഖണ്ഡ്, അസാം എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേരും മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും പശ്ചിമബംഗാളില്‍ നിന്നുള്ള ഒരാളുമാണുള്ളത്.
ശനിയാഴ‍്ച രാത്രി ക്ലബ്ബില്‍ ബോളിവുഡ് ബാംഗര്‍ നൈറ്റ് സംഘടിപ്പിച്ചുവെന്ന് ഉടമകള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ഒരു നര്‍ത്തകി നൃത്തം ചെയ്യുന്നതിനിടെ ആവേശത്തിനായി ക്ലബ്ബിനുള്ളില്‍ വെടിക്കെട്ട് നടത്തിയിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
ഗോവയില്‍ ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മുകളിലെ നിലയില്‍ നിന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിരീക്ഷണം. തീക്കും തിരക്കും ഉണ്ടായതോടെ വാതിലുകളിലൂടെ ചിലര്‍ക്ക് മാത്രമേ രക്ഷപ്പെടാനായുള്ളൂ. വായു സഞ്ചാരം ഇല്ലാത്തതിനാല്‍ ഭൂഗര്‍ഭ അറയിലേക്ക് നീങ്ങിയവരില്‍ പലരും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
മരിച്ചവര്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.