1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 1, 2025
February 23, 2025
February 21, 2025
November 20, 2024
October 17, 2024
October 14, 2024
October 10, 2024
September 24, 2024
September 13, 2024

കുറഞ്ഞ ശമ്പളം, തൊഴില്‍ സുരക്ഷയില്ല; അധ്യാപകര്‍ സമരവേദികളില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 21, 2025 9:46 pm

തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഛത്തീസ‍്ഗഡ്, യുപി, പഞ്ചാബ്, തമിഴ‍്നാട് അടക്കം നിരവധി സംസ്ഥാനങ്ങളിലെ അധ്യാപകര്‍ സമരത്തില്‍.
പുതിയ യോഗ്യതാ പരീക്ഷകള്‍, കുറഞ്ഞ ശമ്പളം, മുന്നറിയിപ്പില്ലാതെ പിരിച്ചുവിടല്‍ എന്നിവ രാജ്യത്തെ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങളാണ്. ചിലയിടങ്ങളില്‍ നിയമനം, മെച്ചപ്പെട്ട വേതനം, തൊഴില്‍ സാഹചര്യം, തസ‍്തികകള്‍ സൃഷ‍്ടിക്കല്‍ എന്നിവ ഉയര്‍ത്തി സമരം ചെയ്യുന്നു. ഇതിന്റെ ഭാഗമായി മുദ്രാവാക്യം വിളിക്കുകയും കോലം കത്തിക്കുകയും മുടിമുറിക്കുകയും ഭിക്ഷയെടുക്കുകയും ചെയ്യുന്നു. പലപ്പോഴും ലാത്തിച്ചാര്‍ജിന് ഇരയാകുന്നു. മാസങ്ങളായി ഇത്തരം പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തമാണ്. ഛത്തീസ്ഗഡില്‍ കഴിഞ്ഞ ഡിസംബറില്‍ 3000 അധ്യാപകരെയാണ് ബിജെപി സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ഇതോടെ ഡിസംബര്‍ 14ന് പ്രതിഷേധം തുടങ്ങി. എല്ലാ ദിവസവും എട്ട് കിലോമീറ്റര്‍ നടന്ന് രണ്ടായിരത്തിലധികം അധ്യാപകരാണ് തലസ്ഥാനമായ റായ‍്പൂരിലേക്ക് സമരത്തിനായി എത്തുന്നത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ, 38 ദിവസം പിന്നിട്ട സമരം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവില്‍ ഡിജിറ്റല്‍ കാമ്പയിനാണ് നടത്തുന്നത്. 

ഝാര്‍ഖണ്ഡില്‍ ശമ്പളവർധന ആവശ്യപ്പെട്ട് പ്രകടനം നടത്തിയ അധ്യാപകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പഞ്ചാബിലെ സംഗ്രൂരില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ‍്ത തൊഴിലില്ലാത്ത അധ്യാപകര്‍ക്ക് നേരെ ലാത്തി വീശി. ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 5,000 അധ്യാപകര്‍ ചെന്നൈയില്‍ പൊലീസുമായി ഏറ്റുമുട്ടി. ബിഹാറില്‍ 3.5 ലക്ഷത്തിലധികം അധ്യാപകര്‍ പുതിയ യോഗ്യതാ പരീക്ഷയ‍്ക്കെതിരെ പ്രതിഷേധത്തിലാണ്. 2023 മേയില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ പ്രൈമറി അധ്യാപക ഒഴിവുകള്‍ പ്രഖ്യാപിച്ചു. ബിഎഡ് ആയിരുന്നു യോഗ്യത. പരീക്ഷ നടത്തി റാങ്ക് പട്ടികയും പുറത്തിറക്കി, നിയമനം നടത്തി. എന്നാല്‍ ബിഎഡ് അല്ല ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡിഇഐ ഇഡി) ആണ് യോഗ്യതയെന്ന് ഓഗസ‍്റ്റില്‍ സുപ്രീം കോടതി വിധിവന്നു. ഡിസംബറില്‍ സെലക്ഷന്‍ പട്ടിക പുനഃപ്പരിശോധിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് ആറാഴ‍്ച സമയം അനുവദിച്ചു. ഇതോടെ 2896 അധ്യാപകരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. തുടര്‍ന്നാണ് അവിടെയും സമരം തുടങ്ങിയത്. പ്രശ‍്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

2021ല്‍ രാജസ്ഥാനില്‍ അധ്യാപക യോഗ്യത പരീക്ഷയില്‍ നിന്ന് ബിഎഡുകാരെ ഒഴിവാക്കിയത് പ്രതിഷേധത്തിനിടയാക്കി. കേസ് സുപ്രീം കോടതി വരെ എത്തി. ബിഎഡ് സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിപ്പിക്കുന്നതിനുള്ള യോഗ്യതയാണെന്ന് കോടതി വിധിച്ചു. പ്രൈമറി സ‍്കൂളുകളില്‍ ഡിഎല്‍എഡ് പരിശീലനം നേടിയവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂ എന്നും ഉത്തരവിട്ടു. വിധിക്ക് മുമ്പ് സര്‍വീസില്‍ പ്രവേശിച്ചവരെ കോടതി സംരക്ഷിച്ചു. ബാക്കിയുള്ളവരുടെ കാര്യം അനിശ്ചിതത്വത്തിലായി. ഉത്തര്‍പ്രദേശില്‍ 69,000 അസിസ‍്റ്റന്റ് അധ്യാപകരെ റിക്രൂട്ട് ചെയ്യാന്‍ 2019ല്‍ പരീക്ഷ നടത്തിയെങ്കില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഫലം വന്നെങ്കിലും സംവരണം പാലിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ‍്ത 18,500 ഒഴിവുകളില്‍ 2,637 എണ്ണം മാത്രമാണ് അനുവദിച്ചതെന്നും ബാക്കി പൊതുവിഭാഗത്തിന് നല്‍കിയന്നും ആരോപിച്ച് സമരം നടത്തി. 

തമിഴ‍്നാട്ടില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് അധ്യാപകര്‍ സമരം നടത്തുന്നത്. പത്ത് കൊല്ലത്തിലധികമായി കുറഞ്ഞ ശമ്പളത്തിന് താല്‍ക്കാലിക ജോലി ചെയ്യുന്നവര്‍ സ്ഥിരം നിയമനം ആവശ്യപ്പെടുന്നു. 5000 അധ്യാപകരാണ് ഇതിനായി സമരം നടത്തിയത്. ജോലിയിലെ അരക്ഷിതാവസ്ഥ, ശമ്പളം വെട്ടിക്കുറയ‍്ക്കുക, സര്‍ക്കാരിന്റെ നിഷ‍്ക്രിയത്വം എന്നിവ ഉയര്‍ത്തിയാണ് പഞ്ചാബിലെ അധ്യാപക സമരം. ജോലി ചെയ‍്തില്ലെങ്കില്‍ ശമ്പളമില്ല എന്ന ഉത്തരവും സമരം നേരിടാന്‍ സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. 

ലുധിയാന, ഭട്ടിന്‍ഡ, ജലന്ധര്‍ എന്നിവിടങ്ങളില്‍ സ്ഥിരംനിയമനം ആവശ്യപ്പെട്ട് അധ്യാപകര്‍ ഉദ്യോഗസ്ഥരുടെ കോലം കത്തിച്ചു. ഈ അധ്യാപകരില്‍ പലര്‍ക്കും പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവരാണ്. എന്നിട്ടും താല്‍ക്കാലിക കരാര്‍ ജീവനക്കാരായി ജീവിതം തള്ളിനീക്കേണ്ട അവസ്ഥയിലാണിവര്‍.
ബിഹാറില്‍ 21 വര്‍ഷം മുമ്പ് ജോലിയില്‍ കയറിയ താല്‍ക്കാലിക അധ്യാപകര്‍ സ്ഥിരം നിയമനത്തിനുള്ള യോഗ്യതാ പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് സമരത്തിലാണ്. ഉത്തരാഖണ്ഡില്‍ കര്‍ശന യോഗ്യത കാരണം കൂട്ടത്തോടെ പിരിച്ചുവിടുമോ എന്ന ഭയത്തിലാണ് അധ്യാപകര്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.