ഗൗതം അഡാനിയുടെ കമ്പനി ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഉയര്‍ന്ന വിലയ്ക്ക് വിറ്റ സംഭവത്തില്‍ പൊതുഖജനാവിന് കോടിക്കണക്കിന് രൂപ നഷ്ടവും പരിസ്ഥിതി നാശവും സംഭവിച്ചതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മോഡിക്ക് അഡാനിയും അംബാനിയുമായുള്ള ബന്ധവും ശതകോടീശ്വരന്മാര്‍ക്ക് വേണ്ടിയുള്ള ഭരണമാണ് ബിജെപി നടത്തുന്നതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രതിപക്ഷം പ്രധാന ചര്‍ച്ചയാക്കുന്നതിനിടെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. ബിജെപിക്കും നരേന്ദ്ര മോഡിക്കും ഇത് വലിയ തിരിച്ചടിയാകും.
2013 ഡിസംബറിൽ, എംവി കല്ലിയോപ്പി എൽ എന്ന കപ്പൽ, ഒരു ടണ്ണിന് 28 ഡോളർ (2,331 രൂപ) വിലയുള്ള കൽക്കരിയുമായി ഇന്തോനേഷ്യയിൽ നിന്ന് പുറപ്പെട്ടെന്നും പുതുവർഷത്തിൽ ഇന്ത്യയിലെത്തിയ ശേഷം അഡാനി ഗ്രൂപ്പ് ടണ്ണിന് 92 ഡോളറിന് (7,660 രൂപ) തമിഴ‌്നാട് ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്ക് വിറ്റു എന്നതിന്റെയും തെളിവുകള്‍ ലഭിച്ചെന്നുമാണ് വാര്‍ത്തയിലുള്ളത്.
ഇന്തോനേഷ്യൻ മൈനിങ് ഗ്രൂപ്പായ പി ടി ജോൺലിൻ സപ്ലൈസിൽ നിന്നാണ് അഡാനി ആദ്യം കൽക്കരി വാങ്ങിയത്. അവരുടെ രേഖകളനുസരിച്ച് കല്‍ക്കരി അവസാനം വാങ്ങുന്നത് തമിഴ‌്നാട് ഡിസ്ട്രിബ്യൂഷന്‍ കമ്പനി ആണെന്നും അഡാനിയെ സംബന്ധിച്ച വിശദാംശങ്ങൾ ഒരു ഇടനിലക്കാരനായി മാത്രമാണെന്നും വ്യക്തമാക്കുന്നു. എന്നാൽ ജോൺലിന്റെ ഇൻവോയ്‌സ് അഥവാ ചരക്ക് അയയ്ക്കുന്ന കണക്കുകള്‍ പ്രകാരം ബ്രിട്ടീഷ് വിർജിൻ ഐലന്റ്‌സ് ആസ്ഥാനമായുള്ള സുപ്രീം യൂണിയൻ എന്ന നിക്ഷേപകർക്കാണ് ആദ്യം കല്‍ക്കരി എത്തിച്ചത്. ടണ്ണിന് 28 ഡോളറാണ് ഈടാക്കിയിരുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ, സുപ്രീം യൂണിയൻ നിക്ഷേപകർ സിംഗപ്പൂരിലെ അഡാനി ഗ്രൂപ്പിന് ഇതേ കല്‍ക്കരി ടണ്ണിന് 34 ഡോളറിന് കയറ്റുമതി ചെയ്തു. അഡാനി ഗ്രൂപ്പ് തമിഴ‌്നാട് ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്ക് ഈ കല്‍ക്കരി 92 ഡോളറിനാണ് വിറ്റതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 22 തവണ ഇത്തരത്തില്‍ കല്‍ക്കരി എത്തിച്ചതിലൂടെ 700 ലക്ഷം ഡോളര്‍ ലഭിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. കിലോയ്ക്ക് 3,500 കലോറി അടങ്ങിയ കൽക്കരിയുടെ ഗുണനിലവാരം 6,000 കലോറിയായി ഉയർത്തിക്കാട്ടിയാണ് കൂടിയ വില നിശ്ചയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
തമിഴ‌്നാട് ഡിസ്ട്രിബ്യൂഷന്‍ കമ്പനി ഉയര്‍ന്ന വിലയ്ക്ക് കല്‍ക്കരി വാങ്ങിയതിലൂടെ സര്‍ക്കാരിന് നഷ്ടം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരു സന്നദ്ധ സംഘടന തമിഴ‌്നാട് വിജിലന്‍സിന് 2018ല്‍ പരാതി നല്‍കിയിരുന്നു. മുമ്പും ഇത് സംബന്ധിച്ച വാര്‍ത്ത ഇതേ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇടപാടിനെ കുറിച്ച് ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) അന്വേഷിച്ച് കണ്ടെത്തിയ രേഖകള്‍ തങ്ങള്‍ പരിശോധിച്ചെന്നും അതിലെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും പത്രം പറയുന്നു.
English Summary:low quality coal; The Adani scam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.