
കായിക കേരളത്തിലെ ഭാവി വാഗ്ദാനങ്ങൾക്ക് പുതിയ ചിറകുകൾ നൽകുന്ന അറിവിന്റെയും ആരോഗ്യത്തിന്റെയും ശാസ്ത്രീയപരിപാലനത്തിന്റെയും പച്ചത്തുരുത്തുകളാണ് സ്കൂൾ കായികമേളകൾ. തീവ്ര മത്സരാത്മക സമീപനത്തിൽനിന്നും വേറിട്ട ഈ കായിക മഹോത്സവം വിദ്യാർത്ഥികളിൽ ആരോഗ്യപരമായ മത്സരബുദ്ധി, അചഞ്ചലമായ ഐക്യം, അതുല്യമായ കായികക്ഷമത, മായാത്ത സൗഹൃദത്തിന്റെ മാധുര്യം തുടങ്ങിയ മഹത്തായ മൂല്യങ്ങൾ തളിർക്കാനും പൂവണിയാനുംകൂടി പ്രേരണയാകുന്നു. ഭാഗ്യചിഹ്നങ്ങൾ ഓരോ കായികമേളയുടെയും അന്തഃസത്ത പൂർണമായും പ്രകടിപ്പിക്കുന്ന ചലിക്കുന്ന മുഖപത്രങ്ങളായാണ് പൊതുവെ അവതരിപ്പിക്കുന്നത്. കായികമേളയുടെ ഭാഗ്യചിഹ്നങ്ങൾ മത്സരത്തിന്റെ പടവുകൾകയറുന്ന മത്സരാർത്ഥികളിലും ഗാലറിയിലിരുന്ന് ആർപ്പുവിളിക്കുന്ന കാണികളിലും ഒരുപോലെ അദമ്യമായ ഉത്സാഹവും ആവേശത്തിന്റെ അലകളും പകരുന്നു. ഈ മായാരൂപങ്ങളുടെ മൗലികമായ ലക്ഷ്യംതന്നെ കുട്ടികളെ കളിക്കളത്തിന്റെ മാന്ത്രികലോകത്തേക്ക് ക്ഷണിച്ച് അവരുടെ ഉള്ളിൽ ആത്മവിശ്വാസത്തിന്റെ ദീപംകൊളുത്തുക എന്നതാണ്. കായികശേഷി, പരിസ്ഥിതിസൗഹൃദം, സാമൂഹികസമത്വം തുടങ്ങിയ മഹത്തായ മൂല്യങ്ങളെ ലളിതവും എന്നാൽ അതീവ ആകർഷകവുമായ ശൈലിയിൽ സമൂഹത്തിലേക്ക് സംക്രമിപ്പിക്കുവാൻ ഓരോ ഭാഗ്യചിഹ്നത്തിനും സാധിക്കുന്നു. ലോഗോ, തീം സോങ് എന്നിവയെപ്പോലെ തന്നെ ഭാഗ്യചിഹ്നങ്ങളും മേളയുടെ അവിഭാജ്യഘടകമായി.
1968ൽ ഫ്രാൻസിലെ ഗ്രെനോബിളിൽ നടന്ന ശൈത്യകാല ഒളിമ്പിക്സിലാണ് ഷൂസ് എന്ന പേരിൽ ആദ്യ ഭാഗ്യചിഹ്നം അവതരിപ്പിച്ചത്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ഔദ്യോഗികമായി ഇതിനെ അംഗീകരിച്ചില്ലെങ്കിലും ഭാഗ്യചിഹ്നങ്ങളുടെ പാരമ്പര്യത്തിന് തുടക്കം കുറിക്കുവാൻ ഇതിലൂടെ സാധിച്ചു. ഒരു കായികമേളയുടെ ഭാഗമായി ഭാഗ്യചിഹ്നത്തിനും പ്രസക്തിയുണ്ട് എന്ന ആശയത്തെ ഫലപ്രദമായി അവതരിപ്പിക്കുവാനും ജനകീയമാക്കുവാനും ഇതിന് കഴിഞ്ഞു. തുടർന്ന് 1972ൽ ജർമ്മനിയിലെ മ്യൂണിക്കിൽ വച്ചുനടന്ന ഒളിമ്പിക്സിൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ച ആദ്യ ഔദ്യോഗിക ഭാഗ്യചിഹ്നമായ വാൽഡി അവതരിപ്പിക്കപ്പെട്ടു. ജർമ്മനിയിൽ വളരെ പ്രചാരമുള്ള നായ ഇനത്തിന്റെ മാതൃകയായിരുന്നു ഇത്. നീളംകുറഞ്ഞ കാലുകളും നീളമുള്ള ശരീരവും ചെവിയുമുള്ള ഇവ സഹിഷ്ണുത, പ്രതിരോധശേഷി, സ്ഥിരത, എന്നീ ഗുണങ്ങൾക്ക് പേരുകേട്ടവ കൂടിയായിരുന്നു. പിന്നീടിങ്ങോട്ട് ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച ഓരോ രാജ്യവും അവരുടെ സംസ്കാരം, ചരിത്രം എന്നിവയെ പ്രതിനിധീകരിക്കുന്ന ഒളിമ്പിക് ഭാഗ്യചിഹ്നം അവതരിപ്പിച്ചിട്ടുണ്ട്. സമീപകാലത്ത് 2024ൽ ഫ്രാൻസിലെ പാരിസിൽ വച്ചുനടന്ന ഒളിമ്പിക്സിൽ പരമ്പരാഗത ഫ്രിജിയൻ തൊപ്പികളെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ഒളിമ്പിക് ഫ്രൈജ് ആയിരുന്നു ഭാഗ്യചിഹ്നം. ഓരോ ഭാഗ്യചിഹ്നത്തിനും കൃത്യമായ പ്രമേയവിഷയം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ കുട്ടികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുവാൻ ഓരോ ഭാഗ്യചിഹ്നത്തിനും കഴിയുന്നു. പ്രധാനമായും ആതിഥേയ രാഷ്ട്രവുമായി ബന്ധപ്പെട്ട ഒരു കഥാപാത്രത്തെയോ മൃഗത്തെയോ കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ രൂപീകരണം. കാലക്രമേണ രൂപകല്പനയിലും വിപണനത്തിലും പുരോഗമനം ഉണ്ടായതിലൂടെ വ്യത്യസ്ത ആശയങ്ങൾ, മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന പശ്ചാത്തലങ്ങൾ, വ്യക്തിത്വങ്ങൾ, ഒന്നിലധികം കഥാപാത്രങ്ങൾ എന്നിവയെല്ലാം സൃഷ്ടിക്കപ്പെട്ടു. 1966ൽ ഇംഗ്ലണ്ടിൽ വച്ചുനടന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് മുതൽ ആതിഥേയ രാജ്യത്തിന്റെ ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്ന ഭാഗ്യചിഹ്നം അവതരിപ്പിക്കുവാൻ ലോക ഫുട്ബോൾ സംഘടനയായ ഫിഫ തീരുമാനിച്ചു. 1978 മുതൽ കോമൺവെൽത്ത് ഗെയിംസിലും ഭാഗ്യചിഹ്നങ്ങൾ രൂപകല്പന ചെയ്ത് അവതരിപ്പിക്കപ്പെട്ടു. 1982ൽ ഡൽഹിയിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പൈതൃകത്തെ പ്രതിനിധീകരിച്ച അപ്പു എന്ന ആനക്കുട്ടിയായിരുന്നു ഭാഗ്യചിഹ്നം. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ആദ്യ ഭാഗ്യചിഹ്നമായിരുന്നു ഇത്. കേരളത്തിൽ 2015ൽ നടന്ന 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം സംസ്ഥാനപക്ഷിയായ മലമുഴക്കി വേഴാമ്പലിനെ അനുസ്മരിപ്പിക്കുന്ന അമ്മു ആയിരുന്നു. ഇത്തരത്തിൽ ഓരോ ഭാഗ്യചിഹ്നവും ആരാധകരുമായി ഇടപഴകി സാംസ്കാരികമാനങ്ങൾ തീർത്ത് പുത്തൻ കായികാനുഭവം പ്രദാനം ചെയ്യുന്നു.
സംസ്ഥാന സ്കൂൾ കായികമേളയുടെ 67 വർഷത്തെ ചരിത്രം പരിശോധിക്കുമ്പോൾ 2024ൽ ഒളിമ്പിക്സ് മാതൃകയിൽ എറണാകുളത്ത് വച്ചുനടന്ന കേരള സ്കൂൾ കായികമേളയുടെ ഭാഗമായി, കേരളസർക്കാർ തക്കുടു എന്ന അണ്ണാറക്കണ്ണനെയാണ് ഭാഗ്യചിഹ്നമായി അവതരിപ്പിച്ചത്. ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നമായി ‘തങ്കു’ എന്ന മുയലിന്റെ തിരഞ്ഞെടുപ്പും ഏറെ ഔചിത്യപൂർണമാണ്. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കപ്പെടുന്ന ഈ മേളയുടെ ലക്ഷ്യങ്ങൾക്കും ആശയങ്ങൾക്കും പൂർണപിന്തുണ നൽകുന്ന രൂപമാണിത്. മുയൽ എന്നത് പ്രകൃത്യാതന്നെ അതിവേഗത്തിന്റെയും ചടുലതയുടെയും പ്രതീകമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.