18 December 2024, Wednesday
KSFE Galaxy Chits Banner 2

ലുലയുടെ തിരിച്ചുവരവ് കാലത്തിന്റെ കാവ്യനീതി

Janayugom Webdesk
November 1, 2022 5:00 am

ബ്രസീലിനെ ഏറ്റവുമധികം ലോകം കൊണ്ടാടിയത് കാല്‍പന്തുകളിയുടെ പേരിലായിരുന്നു. ആമസോണ്‍ മഴക്കാടുകളുടെ 60 ശതമാനവും സ്ഥിതി ചെയ്യുന്ന തെക്കനമേരിക്കന്‍ നാടെന്ന നിലയിലും ആ രാജ്യത്തിന് കീര്‍ത്തിയുണ്ട്. നവമുതലാളിത്തത്തിന്റെ കാലത്ത് ഏറ്റവും വലിയ സാമ്പത്തിക ഉന്നമനോപാധിയായി പ്രകൃതി വിഭവങ്ങളുടെ ചൂഷണം മാറിയപ്പോള്‍ ആമസോണ്‍ മഴക്കാടുകളടെ ചൂഷണത്തിനും അതിനെതിരെ സംരക്ഷണത്തിനുമായി നിലകൊള്ളുന്ന വിഭജിത ജനവിഭാഗങ്ങളുടെയും നാടായി ബ്രസീല്‍. അതുകൊണ്ടുതന്നെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും ബീഭത്സമായ ഭരണകൂട നടപടികളും പദ്ധതികളും ബ്രസീലിന്റെ സമീപകാല കാഴ്ചകളായിരുന്നു. കോവിഡെന്ന മഹാമാരി ലോകത്തെ വിറപ്പിച്ചുനിര്‍ത്തിയ 2020 മുതല്‍ രോഗാണുവിനെ നേരിടുന്നതിലും രോഗികളെ രക്ഷിക്കുന്നതിലും ഏറ്റവും പരാജയപ്പെട്ട ഭരണാധികാരികളുള്ള ലോകരാജ്യങ്ങളില്‍ യുഎസിനും ഇന്ത്യക്കുമൊപ്പം ആദ്യ സ്ഥാനങ്ങളിലായിരുന്നു ബ്രസീലിന്റെ പേരുണ്ടായിരുന്നത്. അവിടെ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടതുപക്ഷ വര്‍ക്കേഴ്സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ലുല ഡ സില്‍വ പ്രസിഡന്റ് സ്ഥാനത്തെത്തുകയാണ്. ഒക്ടോബര്‍ രണ്ടിന് നടന്ന ആദ്യഘട്ടവോട്ടെടുപ്പില്‍ ലുലയ്ക്ക് 48.3, എതിര്‍സ്ഥാനാര്‍ത്ഥി നിലവിലുള്ള പ്രസിഡന്റ് ജെയ്ര്‍ ബൊള്‍സൊനാരൊയ്ക്ക് 43.3 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. വോട്ടു ചെയ്യുന്നവരിലെ 50 ശതമാനത്തിലധികം പേര്‍ അംഗീകരിക്കുന്നവരാണ് തെരഞ്ഞെടുക്കപ്പെടുക. അതുകൊണ്ട് വോട്ടെടുപ്പ് ഒക്ടോബര്‍ 30 ന് രണ്ടാം ഘട്ടത്തിലേക്ക് നീളുകയായിരുന്നു. ഈ ഘട്ടത്തില്‍ ലുല 51.9, ബൊള്‍സൊനാരൊ 49.1 ശതമാനം വോട്ടുകള്‍ നേടുകയും ലുല തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ യുഎസ് തെര‍ഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന പ്രസിഡന്റ് ട്രംപിനെ പോലെ ബൊള്‍സൊനാരൊയും തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയെപോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രസീലിയന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുള്ള പ്രത്യേകത അത് കൂടുതല്‍ ജനാധിപത്യപരമാണെന്നതാണ്. ഇന്ത്യയില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിന് വോട്ട് ശതമാനത്തിന്റെ കണക്കെടുത്താല്‍ 37.36 ശതമാനത്തിന്റെ പിന്തുണയേയുള്ളൂ. രാഷ്ട്രപതിയെ തെരഞ്ഞെടുക്കുമ്പോഴും ജനപ്രതിനിധികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍പോലും, ജനങ്ങളുടെ യഥാര്‍ത്ഥ ഭൂരിപക്ഷം ലഭിക്കുന്നില്ലെന്ന പരിമിതി നിലനില്ക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ:  ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ ബ്രസീല്‍ പ്രസിഡന്റ്


ജീവിതത്തിന്റെ പ്രാരാബ്ധങ്ങളെല്ലാം ഏറ്റുവാങ്ങിയൊരു ബാല്യവുമായാണ് ലുല ജീവിതം തുടങ്ങുന്നത്. നാലാം ക്ലാസില്‍ വിദ്യാഭ്യാസമുപേക്ഷിച്ച് കുടുംബത്തെ സഹായിക്കുന്നതിനായി ലോഹത്തൊഴിലാളിയായി മാറേണ്ടി വന്നിടത്തുനിന്നാണ് തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിലേയ്ക്ക് അദ്ദേഹം വഴിമാറുന്നത്. 1970കളില്‍ തൊഴിലാളി നേതാവായി മാറിയ ലുല അവകാശസമരങ്ങളുടെ മുന്നില്‍നിന്നു. രാജ്യത്തെ ഭരണാധികാരികളുടെ എതിര്‍പ്പിനിടയിലും തൊഴിലാളി സമരങ്ങളും ഇടതുപക്ഷ ആഭിമുഖ്യവും കാട്ടുന്ന സംഘടനകളും അദ്ദേഹത്തെ ആകര്‍ഷിച്ചു. 1980ൽ, ലുല ഉൾപ്പെടെ തൊഴിലാളി യൂണിയൻ നേതാക്കളും അക്കാദമിക് വിദഗ്ധരും ബുദ്ധിജീവികളും രാജ്യത്ത് നിലവിലുണ്ടായിരുന്ന സൈനിക ഭരണാധികാരികളെ വെല്ലുവിളിച്ചുകൊണ്ട് വർക്കേഴ്സ് പാർട്ടി രൂപീകരിക്കുകയും വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ബ്രസീല്‍ അതിന്റെ സ്വേച്ഛാധിപത്യ മുഖം ഉപേക്ഷിച്ച് ജനാധിപത്യ ക്രമത്തിലേക്ക് തിരിയുന്നത്. 1989ല്‍ ആദ്യ തെരഞ്ഞെടുപ്പിലും പിന്നീട് രണ്ടുതവണയും പരാജയമറിഞ്ഞ ലുല പക്ഷേ, 2003ൽ പ്രസിഡന്റായി.


ഇതുകൂടി വായിക്കൂ:  ബ്രസീല്‍ വീണ്ടും പട്ടാളത്തിന്റെ കാല്‍ച്ചുവട്ടില്‍


തന്റെ ഭരണകാലത്ത്, ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഉന്നത വിദ്യാഭ്യാസമേഖലയിലും അദ്ദേഹം ശ്രദ്ധയൂന്നി. രാജ്യത്തെ ദാരിദ്ര്യലഘൂകരണത്തിനുള്ള പദ്ധതികളും ആവിഷ്കരിച്ചു. ബ്രസീല്‍ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുന്നത് അക്കാലയളവിലായിരുന്നു. പിന്നീട് ഒരുതവണ കൂടി ലുല സ്ഥാനത്തെത്തി. പിന്നീടാണ് ബൊള്‍സൊനാരൊ പ്രസിഡന്റാകുന്നത്. പക്ഷേ ഭരണത്തിന്റെ ആദ്യകാലത്തുതന്നെ അദ്ദേഹത്തിന്റെ നയങ്ങള്‍ ലുലയുടെ കാലത്തേതില്‍ നിന്നുള്ള പിറകോട്ടുപോക്കായിരുന്നു. അത് തിരിച്ചറിഞ്ഞ ജനങ്ങള്‍ ലുലയ്ക്കുവേണ്ടി രംഗത്തിറങ്ങിയെങ്കിലും അദ്ദേഹത്തെ തെരഞ്ഞെടുപ്പ് രംഗത്തുനിന്നുതന്നെ മാറ്റിനിര്‍ത്തുന്നതിനുള്ള നടപടികളാണ് ബൊള്‍സൊനാരൊ കൈക്കൊണ്ടത്. 2018ല്‍ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെ വ്യാജക്കുറ്റങ്ങള്‍ ചുമത്തി ലുലയെ തടവിലാക്കി. അതുകൊണ്ടുതന്നെ 2018ലെ തെരഞ്ഞെടുപ്പില്‍ ലുലയില്ലാതെ നടന്ന മത്സരത്തില്‍ ബൊള്‍സൊനാരൊ അധികാരം നിലനിര്‍ത്തി. പക്ഷേ നീതിപീഠങ്ങള്‍ ലുലയ്ക്കും ജനങ്ങള്‍ക്കുമൊപ്പമായിരുന്നു. 18മാസത്തെ ജയില്‍ വാസത്തിനൊടുവില്‍ 2019ല്‍ വിമോചിതനായ ലുല വീരപരിവേഷത്തോടെ ബ്രസീല്‍ രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കുകയും രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും ബൊള്‍സൊനാരൊയുടെ നേതൃത്വത്തിലുള്ള ഭരണം നടത്തിയെങ്കിലും ആത്യന്തിക വിജയം ലുലയ്ക്കും ജനാധിപത്യത്തിനും തന്നെയാവുകയും ചെയ്തു. അതുകൊണ്ടുതന്നെ ലുല ഡ സില്‍വയുടെ തിരിച്ചുവരവ് കാലത്തിന്റെ കാവ്യനീതി കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.