
സമാധാനമെന്ന വാക്കിന്റെ ശോഭ തന്നെ കെടുത്തി നൊബേല്‍ പുരസ്കാര പ്രഖ്യാപനം. കടുത്ത അമേരിക്കൻ പക്ഷപാതിയും ഇസ്രയേൽ സയണിസ്റ്റ് സർക്കാരിന്റെ ഉറ്റസുഹൃത്തുമായ മരിയ കൊരീന മച്ചാഡോയ്ക്കാണ് ഇത്തവണത്തെ നൊബേല്‍ പുരസ്കാരം. വര്‍ഷങ്ങളായി വെനസ്വേലയിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ആഭ്യന്തരമായി ശ്രമിക്കുകയും അതിനായുള്ള യുഎസ് നീക്കങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യക്തിയാണ് മരിയ കൊരീന മച്ചാഡോ.
വെനസ്വേലയിലെ ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തിയെന്ന് നൊബേൽ കമ്മിറ്റി മച്ചാഡോയെ വിശേഷിപ്പിക്കുന്നു. എന്നാല്‍ നവലിബറലിസത്തിന്റെ വെനസ്വേലയിലെ ഏറ്റവും പ്രബലയായ നേതാവാണ് മരിയ കൊരീന മച്ചാഡോ. അവരുടെ ഈ സ്ഥാനത്തേക്കുള്ള ഉയര്‍ച്ചയില്‍ യുഎസ് എപ്പോഴും പ്രധാന പങ്ക് വഹിച്ചിരുന്നു. ബുഷ്, ട്രംപ്, ബൈഡൻ ഭരണകൂടങ്ങളെല്ലാം അഭിപ്രായ വ്യത്യാസമില്ലാതെ ഇവരെ പിന്തുണച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ തീവ്ര വലതുപക്ഷത്തിന്റെ പിന്തുണയും ഇവര്‍ക്ക് യഥേഷ്ടം ലഭിക്കുന്നു.
1967 ഒക്ടോബർ ഏഴിന് കാരാക്കസിലാണ് മരിയ കൊരീന മച്ചാഡോ ജനിച്ചത്. ഇൻഡസ്ട്രിയൽ എന്‍ജിനീയറിങ്ങിൽ ബിരുദവും ധനരാര്യത്തില്‍ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. 2002ൽ സുമതെ എന്ന സംഘടന സ്ഥാപിച്ചുകൊണ്ടാണ് മച്ചാഡോ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. 2013 ൽ അവർ സ്ഥാപിച്ച ലിബറൽ രാഷ്ട്രീയ പാർട്ടിയായ വെന്റേ വെനസ്വേലയുടെ ദേശീയ കോ-ഓർഡിനേറ്ററായി.
ഹ്യൂഗോ ഷാവേസ്, നിക്കോളാസ് മഡുറോ ഭരണകൂടങ്ങളുടെ ശക്തമായ വിമർശകയായി മരിയ പാശ്ചാത്യമാധ്യമങ്ങളില്‍ തിളങ്ങിനിന്നു. 2011‑ൽ ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മരിയ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ടു. തുടർന്ന് ക്രിമിനൽ അന്വേഷണങ്ങൾ നേരിടേണ്ടതായി വന്നു. 2023 ല്‍ സുപ്രീം ട്രിബ്യൂണൽ ഓഫ് ജസ്റ്റിസ് മച്ചാഡോയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
2012 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രൈമറികളിൽ മരിയയ്ക്ക് നാല് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. എന്നാല്‍ 2023 പ്രൈമറിയില്‍ 92% വോട്ട് നേടുന്ന അനിഷേധ്യയായി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ താല്പര്യങ്ങളാണ്.
രാഷ്ട്രീയമായി വെനസ്വേലന്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ മച്ചോഡോയ്ക്ക് സാധിച്ചുവെന്ന വിലയിരുത്തല്‍ നൊബേല്‍ പുരസ്കാര നിര്‍ണയ സമിതി നടത്തി. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെ അടക്കി ഭരിക്കുന്ന നയമാണ് മച്ചാഡോ പിന്തുടരുന്നതെന്നതും ശ്രദ്ധേയം. യുഎസിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും പിന്തുണയോടെ അവര്‍ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയിലെ മധ്യ വലതുപക്ഷ നേതാക്കൾ കീഴടങ്ങി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകാതെ വന്നപ്പോള്‍ മുൻ നയതന്ത്രജ്ഞനായ എഡ്മുണ്ടോ ഗോൺസാലസ് ഉറുട്ടിയയെ പിന്‍ഗാമിയായി മരിയ പ്രഖ്യാപിച്ചു. ഇതിലെല്ലാം അവസാന വാക്ക് മച്ചാഡോയുടേതായിരുന്നു.
യുഎസിനെ അനുകൂലിക്കുന്നതിനൊപ്പം റഷ്യ, ചൈന, ഇറാൻ എന്നിവയുൾപ്പെടെയുള്ള അവരുടെ എതിരാളികളോട് മച്ചാഡോയുടെ ശത്രുതയും പരസ്യമാണ്. ഗാസയിലെ ഇസ്രയേല്‍ വംശഹത്യയെ അവർ പരസ്യമായി പിന്തുണച്ചിരുന്നു. ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് വെനസ്വേലയിൽ സൈനിക ഇടപെടൽ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വെനസ്വേലക്കെതിരെ യുഎസും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ ഉപരോധങ്ങളെ അവര്‍ പിന്തുണച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവല്‍ക്കരിക്കണമെന്നും സോഷ്യലിസത്തിന് പകരം ജനകീയ മുതലാളിത്തം സ്വീകരിക്കണമെന്നും മച്ചാഡോ ആവശ്യപ്പെടുന്നു.
ഡൊണാള്‍ഡ് ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന സംഘടിതമായ ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നതാണ്. ട്രംപ് തന്നെ ഇത്തരത്തിലുള്ള പ്രചരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചില്ല. എങ്കിലും വെനസ്വേലയില്‍ തന്റെ ഇംഗിതങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന മരിയക്ക് അത് ലഭിച്ചതിലൂടെ ട്രംപിന് പുരസ്കാരം ലഭിച്ചതിന് സമാനമാകുന്നു. ലോകസമാധാനത്തിന് എക്കാലവും ഭീഷണിയായ യുഎസ് സാമ്രാജ്യത്വവും സയണിസ്റ്റ് വംശഹത്യാ സംഘവും അംഗീകരിക്കപ്പെടുകയാണ് മരിയയുടെ പുരസ്കാര നേട്ടത്തിലൂടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.