ഓഹരി വിപണി നിയന്ത്രകരായ സെബിയുടെ തലപ്പത്തിരിക്കെ മാധബി പുരി ബുച്ച് ചട്ടവിരുദ്ധമായി കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തി വരുമാനം നേടിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
സ്വതന്ത്ര പ്രവര്‍ത്തനാധികാരമുളള സ്ഥാപനത്തിന്റെ ഉന്നത സ്ഥാനത്ത് എത്തിയതിന് ശേഷവും സ്വന്തം കമ്പനിയിലെ ഓഹരി നിക്ഷേപം തുടര്‍ന്നത് ഗുരുതര ചട്ടലംഘനമാണെന്നാണ് വിലയിരുത്തല്‍. മാധബി ബുച്ചിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തൽ.
അഡാനി ഗ്രൂപ്പിനെതിരെ സെബിയുടെ അന്വേഷണം കാര്യമായി മുന്നോട്ടുപോകാത്തത് മാധബിയുടെ സ്വാധീനം കൊണ്ടാണെന്നും വിവിധ ഷെല്‍ കമ്പനികളില്‍ മാധവി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നും കഴിഞ്ഞ ആഴ്ച ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. മാധബിക്ക് അഗോറ അഡ്വൈസറി എന്ന പേരില്‍ ഇന്ത്യയില്‍ കണ്‍സണ്‍ട്ടന്‍സി സ്ഥാപനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു.
2017ല്‍ സെബിയിലെത്തിയ മാധബി 2022ല്‍ ഉന്നത പദവിയിലുമെത്തി. ഈ സമയത്ത് അഗോറ അഡ്വൈസറി നേടിയത് 3.71 കോടി രൂപയുടെ വരുമാനമാണെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളില്‍ വ്യക്തം. മാധബി ബുച്ചിന് 99 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണിത്. 2008ലെ സെബി ചട്ട പ്രകാരം സ്ഥാപനത്തിലെ അംഗങ്ങള്‍ പ്രതിഫലം പറ്റുന്ന ജോലികള്‍ ചെയ്യരുതെന്ന് കൃത്യമായി പറയുന്നുണ്ട്. ഇതിന്റെ ലംഘനമാണ് മാധബിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അഗോറ പാര്‍ട്‌ണേഴ്‌സ് എന്ന പേരില്‍ സിംഗപ്പൂര്‍ ആസ്ഥാനമായ മറ്റൊരു കമ്പനിയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. രണ്ട് കമ്പനികളും സ്ഥാപിച്ചിരിക്കുന്നത് 2013ലാണ്. സിംഗപ്പൂര്‍ കമ്പനിയിലെ ഭൂരിഭാഗം ഓഹരികളും മാര്‍ച്ച് 2022ന് മുമ്പ് ഭര്‍ത്താവ് ധവാല്‍ ബുച്ചിന്റെ പേരിലേക്ക് മാറ്റി. സെബി മേധാവിയായി ചുമതലയേറ്റ് രണ്ടാഴ്ചക്കുള്ളിലായിരുന്നു ഈ മാറ്റം. ഇന്ത്യന്‍ കമ്പനിയിലെ നിക്ഷേപം മാധബി തുടര്‍ന്നു. 2019ല്‍ യൂണിലിവറില്‍ നിന്നും വിരമിച്ച ശേഷം ഭര്‍ത്താവ് ധവാല്‍ ബുച്ചാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നോക്കിനടത്തുന്നതെന്നാണ് മാധബിയുടെ വാദം.
മാധബി പുരി ബുച്ചും ഭർത്താവ് ധവാൽ ബുച്ചും അഡാനിയുടെ ഷെൽ കമ്പനികളിൽ 2015ലും 2018ലും നിക്ഷേപം നടത്തിയെന്നായിരുന്നു ഹിൻഡൻബർഗിന്റെ പ്രധാന വെളിപ്പെടുത്തല്‍. ബർമുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളിൽ ഇവർ നിക്ഷേപം നടത്തിയെന്നും ഈ കമ്പനികൾ പിന്നീട് അഡാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കാളികളായെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.