വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാത്ത എഴുത്തുകാരിയാണെന്ന് മാധവിക്കുട്ടിയെപ്പറ്റി പറയാം. സ്ത്രീയും പുരുഷനും സ്പര്‍ശിക്കുന്നതെല്ലാം സമുദായത്തിന്റെ ധര്‍മ്മം എന്ന് സൂക്ഷ്മമായി നിരന്തരം നിര്‍വചിക്കപ്പെട്ടിരിക്കുന്നുവെന്നു കാണാം. ഒരു വ്യാപാരസമുദായത്തില്‍ വധു വില്‍ക്കാനൊരുക്കിവച്ച കൈയൊഴിക്കാൻ തിടുക്കം കൂട്ടുന്ന ഒരു പണ്ടമാണ്. ഒരു സാധനം. സ്ത്രീകള്‍ എഴുതുമ്പോള്‍ അടയാളങ്ങള്‍ മാഞ്ഞുപോകുകയാണ് ചെയ്യുന്നത്. ചെറിയ ഒരു നീക്കങ്ങള്‍കൊണ്ട് വലിയ ചതുരംഗകളികളെ അട്ടിമറിക്കുന്ന രീതിയാണിത്. ജീവിതകാലം മുഴുവന്‍ വിവാദങ്ങളില്‍ അഭിരമിക്കുകയും വിവാദങ്ങള്‍ തന്റെ ജീവിത ദൗത്യനിര്‍വഹണത്തിന്റെ ഒരു ഉപാധിയായി മാറ്റുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു കമലാ സുരയ്യ. മലയാളത്തില്‍ സുന്ദരമായ കഥകളും ഇംഗ്ലീഷ് ഭാഷയില്‍ കവിതകളും രചിച്ചു മാധവിക്കുട്ടി. അനേകം പുരസ്കാരങ്ങള്‍ അവരെ തേടിയെത്തി.
ആധുനിക മാനവ ചേതനയ്ക്കൊപ്പം സാഹിത്യത്തെ വളര്‍ത്തിക്കൊണ്ടുവന്ന പുതിയ തലമുറക്കാരില്‍ നിന്ന് മാധവിക്കുട്ടി ഒറ്റപ്പെട്ടുനില്‍ക്കുന്നു. മാധവിക്കുട്ടിയുടെ കഥകള്‍ക്ക് മുന്‍കൂറായി ഒരു തുടക്കവും സങ്കല്പവുമില്ല. പല കഥകളും വായിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നു, ഒടുക്കം തീര്‍ത്തും അപ്രതീക്ഷിതമാണ്. ആദ്യ സമാഹാരമായ മതിലുകളിലെ പല കഥകളും വായിച്ചാല്‍ മനസിലാകും കുഞ്ഞുകുഞ്ഞ് മനഃശാസ്ത്രം അതില്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന്. ഗോസായി തന്ത, അലാവുദീന്‍, നുണകള്‍, പ്രഭാതം, വേനലിന്റെ ഒടുവില്‍ എന്നിവയിലൊക്കെ കുഞ്ഞുമനസുകളുടെ വ്യാപാരങ്ങളെ സമര്‍ത്ഥമായി പ്രതിഫലിപ്പിക്കുന്നു. അതോടൊപ്പം കുഞ്ഞുമനസുകളില്‍ കൂടി സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വവും ദരിദ്രദുഃഖവും അവരുടെ ഹൃദയത്തില്‍ ഉണ്ടാവുന്ന മുറിവകുളും സ്വഭാവ വൈകല്യങ്ങളും ആവിഷ്കരിക്കുന്നുവെന്നും കാണാം.
സുഗ്രാഹ്യവും സാമൂഹികവും ജീവിതഗന്ധിയും ആയ കഥകള്‍ക്കൊപ്പം ദുര്‍ഗ്രഹമായ ഭ്രമകല്പനകളാല്‍ നെയ്തെടുത്ത കഥകളും മാധവിക്കുട്ടിയുടേതായുണ്ട്. പക്ഷിയുടെ മണം എന്ന കഥ അത്തരത്തിലുള്ളതാണ്. മാധവിക്കുട്ടിയുടെ കഥകളില്‍ ഒട്ടുമുക്കാല്‍ പങ്കും ഒരേയൊരു വിഷയത്തെ ചൊല്ലിയുള്ളതാണ്. സ്ത്രീ എന്ന വിഷയം. അവളുടെ പ്രേമം, വിവാഹം, കുടുംബജീവിതം, ഭര്‍തൃസ്നേഹം, ഭര്‍ത്താവിന്റെ സ്നേഹശൂന്യത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉണ്ടതില്‍.
മഹാനഗരങ്ങളിലെ സമ്പന്നങ്ങളായ ഡ്രായിങ് റൂമുകളില്‍ അഭിനയിക്കപ്പെടുന്ന വിലക്ഷണ പ്രേമങ്ങളാണ് കാഥികയ്ക്ക് പരിചയവും പ്രിയവും. അപ്പോള്‍ പ്രേമം ആരുതമ്മിലാണ്. ഒരുവന്റെ ഭാര്യയും മറ്റൊരുവളുടെ ഭര്‍ത്താവും തമ്മില്‍. ഭര്‍തൃമതിയായ സ്ത്രീയും സഭാര്യനായ പുരുഷനും തമ്മില്‍.
സ്ത്രീപുരുഷ ബന്ധങ്ങള്‍ കാലിച്ചന്തയിലെ സ്നേഹബന്ധമാണന്ന് മാധവിക്കുട്ടി തന്റെ കഥകളിലൂടെ സമര്‍ത്ഥിക്കുന്നു. ദാമ്പത്യ ബന്ധങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ കാളവണ്ടികളാണെന്ന് ഈ എഴുത്തുകാരി തന്റെ കഥകളിലൂടെ പറയുന്നു. ഭദ്രത നല്‍കാത്തവയോ സ്വസ്ഥത നല്‍കാത്തവയോ ആണെന്ന് മാധവിക്കുട്ടി കാട്ടിത്തരുന്നു. ഇന്നലെയെന്നോണം വിവാഹത്തെ നാം കണ്ടത് കതിര്‍ക്കുലകളും നിറപറയും നിലവിളക്കുമുള്ള മംഗളമുഹൂര്‍ത്തത്തിലെ പാവന കര്‍മ്മമായാണ്. എന്നാല്‍ മാധവിക്കുട്ടി പറയുന്നത് വിവാഹമെന്നത് വ്യഭിചാരം എന്നാണ്.
ഈ വലിയ എഴുത്തുകാരി മലയാളകഥയില്‍ ഉപേക്ഷിച്ചുപോയത് ഏകാന്തതയും ധീരവുമായ എഴുത്തിന്റെ രാജപാതയാണ്. സ്ത്രീ എഴുതുമ്പോള്‍ പുരുഷനില്‍ നിന്നും വ്യത്യസ്തമായി ഘോരമായ അനുഭവങ്ങള്‍ എങ്ങനെ മാറുന്നു, ചരിത്രനിര്‍മ്മിതിയും അവര്‍ നടത്തുന്ന ഇടപെടലുകളും എങ്ങനെ വ്യവസ്ഥാ വിരുദ്ധവും വിപ്ലവകരവുമാകുന്നു എന്ന് സരസ്വതിയമ്മയ്ക്കുശേഷം നാം തിരിച്ചറിയുന്നത് മാധവിക്കുട്ടിയിലൂടെയാണ്.
നിയമങ്ങള്‍ക്കനുസരിച്ചുമാത്രം പ്രവര്‍ത്തിച്ചുപോന്ന സാഹിത്യത്തെ സ്ത്രീസ്വത്വത്തിന്റെ പുതിയ ഭൂമിയും ആകാശവും കൊണ്ട് അവര്‍ വിപുലവും ദീപ്തവും ആക്കി. കുണ്ഡിതമായ ലൈംഗിക ചോദനകള്‍ ശമിപ്പിക്കാനുള്ള ഒരിടം എന്നതിലുപരി, സ്ത്രീയുടെ ശരീരവും മനസും അധീശാധികാരങ്ങളെ ചെറുക്കുന്ന ആശയവും ആയുധവുമാക്കിതീര്‍ത്തത് ആദ്യമായി നാം അറിഞ്ഞത് മാധവിക്കുട്ടിയുടെ കഥകളിലൂടെയാണ്. മലയാളികളുടെ പരമ്പരാഗതമായ സദാചാര സങ്കല്പങ്ങളില്‍ ഇത്രയേറെ അഴിച്ചുപണി നടത്തിയ മറ്റൊരെഴുത്തുകാരിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.