15 November 2024, Friday
KSFE Galaxy Chits Banner 2

Related news

December 11, 2023
September 23, 2023
September 23, 2023
February 18, 2022
February 13, 2022
February 4, 2022
February 2, 2022
January 30, 2022
January 29, 2022

മധുവിന്റെ മരണം: നീതി ഉറപ്പാക്കണം

Janayugom Webdesk
January 29, 2022 4:38 am

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചതായിരുന്നു അട്ടപ്പാടിയിൽ ആദിവാസി ഊരിലെ മധുവെന്ന ചെറുപ്പക്കാരൻ ആൾക്കൂട്ട അക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവം. വിശപ്പും മാനസിക വൈകല്യവും കാരണം ആരുടെയോ വസ്തുക്കള്‍ മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് 2018 ഫെബ്രുവരി 22നായിരുന്നു അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി കോളനിയിലെ മധു എന്ന യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി മരിക്കുന്നത്. മധുവിന്റെ കയ്യിലുണ്ടായിരുന്നത് മോഷണ വസ്തുക്കളാണെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചശേഷം പൊലീസില്‍ ഏല്പിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റുവെന്ന് മനസിലാക്കിയ പൊലീസ് മധുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിക്കുക മാത്രമല്ല അതിന്റെ ദൃശ്യങ്ങള്‍പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. ആള്‍ക്കൂട്ടം തന്റെ കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും തന്നെ അക്രമിക്കുകയും ചോദ്യം ചെയ്യുകയുമൊക്കെ ചെയ്യുമ്പോള്‍ നിസംഗമായി നോക്കിനില്ക്കുകയും നിഷ്കളങ്കമായി പ്രതികരിക്കുകയും ചെയ്തിരുന്ന മധുവിന്റെ ചിത്രം അന്ന് കണ്ടവരുടെ മനസില്‍ നിന്ന് മാഞ്ഞുപോകില്ല. സാക്ഷരതയിലും പുരോഗമന ചിന്താഗതിയിലും മാത്രമല്ല ഭരണനയങ്ങളുടെ ഫലമായി നേടിയെടുത്ത വികസനവഴിയിലും സംസ്ഥാനം ആര്‍ജിച്ച നേട്ടങ്ങളെ തിരസ്കരിക്കുന്നതിനുള്ള പേരായി പ്രതിലോമകാരികളും വലതുപക്ഷ മാധ്യമങ്ങളും മധുവിന്റെ പേര് പിന്നീട് വളരെക്കാലം ഉപയോഗിച്ചു. ആദിവാസി ജനവിഭാഗത്തിന്റെയാകെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കപ്പെട്ടു. പുരോഗമന കേരളത്തിന്റെ കറുത്ത പാടായി മധുവിന്റെ പേരും ചിത്രവും അടയാളപ്പെട്ടു. അങ്ങനെയൊരാളെ മോഷ്ടാവാക്കി ചിത്രീകരിച്ച് മരണത്തിലേക്ക് തള്ളിയ സംഭവത്തില്‍ ഇതുവരെ വിചാരണ നടപടികള്‍ ആരംഭിച്ചില്ലെന്ന വാര്‍ത്ത പുതിയ വേദനയായി വന്നെത്തിയിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ: കളിയാക്കിച്ചിരിക്കുന്ന ശിഷ്ടങ്ങൾ


സംഭവം നടന്ന് നാലു വര്‍ഷമാവുകയാണ്. മധുവെന്ന ആദിവാസി യുവാവിന്റെ കൊലപാതകത്തിന്റെ പേരില്‍ ചുമത്തിയ കേസില്‍ ഇതുവരെ വിചാരണ നടപടികള്‍ ആരംഭിച്ചില്ലെന്നതു മാത്രമല്ല വാദിഭാഗം അഭിഭാഷകന്‍ ഹാജരായില്ലെന്നതും ഗൗരവതരമാണ്. സാങ്കേതികമായ കാരണങ്ങളാണ് ഇതുസംബന്ധിച്ച് വിശദീകരണങ്ങളായി പുറത്തുവന്നിട്ടുള്ളത്. പക്ഷേ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് വിചാരണ കോടതിക്കു ചോദിക്കേണ്ടിവന്നു. അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടത് ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ അനുചിതമായി. കേസ് പല തവണ പരിഗണനയ്ക്കു വന്നപ്പോഴും ഹാജരാകാതിരുന്നത് എന്ത് വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായാലും സംഭവിക്കുവാന്‍ പാടില്ലാത്തതുതന്നെയാണ്. അതുകൊണ്ട് മധുവിന്റെ മരണത്തിനു കാരണമായ സംഭവത്തെക്കുറിച്ചുള്ള നീതിനിര്‍വഹണം ഇനിയെങ്കിലും വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവണം. നിലവിലുള്ള പ്രോസിക്യൂട്ടര്‍ക്കു പകരം പുതിയ അഭിഭാഷകനെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന നിയമവകുപ്പും സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷനും പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അടിയന്തരമായി നിയമിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. കോടതിയില്‍ നിന്ന് അന്വേഷണം ഉണ്ടായതിനെ തുടര്‍ന്നാണെങ്കിലും മധുവിന്റെ കുടുംബത്തിന്റെ താല്പര്യം കൂടി കണക്കിലെടുത്ത് പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അറിയിച്ചു. മൂന്ന് അഭിഭാഷകരുടെ പേരുകൾ നിർദേശിക്കാൻ മധുവിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.


ഇതുകൂടി വായിക്കൂ:  എന്‍മകജെ കേരളത്തിലാണ്


എന്നാല്‍ കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന പരാതി ബന്ധുക്കള്‍ ഉന്നയിച്ചിരിക്കുകയാണ്. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കുവാന്‍ ശ്രമം നടക്കുന്നതായും വിചാരണ വൈകിപ്പിക്കുവാന്‍ നീക്കം നടക്കുന്നുവെന്നുമാണ് മധുവിന്റെ സഹോദരി സരസു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിക്കുന്നത്. മുഖം മറച്ച് വീട്ടിലെത്തിയ രണ്ടുപേര്‍ തന്നെ ഭീഷണി­പ്പെടുത്തിയെന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സരസു പറയുന്നുണ്ട്. കേസിന്റെ പിന്നാലെ പോകാനും സമ്മർദം ചെലുത്താനും തങ്ങൾക്ക് ആരു­മില്ലെന്നും എങ്കിലും മകന് നീതി ലഭിക്കണമെന്നും മധുവിന്റെ അമ്മ മല്ലി നേരത്തെ നടത്തിയ പ്രതി­കരണവും നമ്മുടെ മുന്നിലുണ്ട്. സിബിഐ അന്വേഷണം എന്ന ആവശ്യവും ചില കോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. എന്തു കാ­ര­ണ­ത്ത­ാലായാലും പാര്‍ശ്വവല്ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ അര­ക്ഷിതാവസ്ഥ കൂടിയാണ് ആ അമ്മയു­ടെയും സഹോദരിയുടെയും പ്രതികരണങ്ങളില്‍ മുഴച്ചുനില്ക്കുന്നത്. കോട­തിയുടെ ചോദ്യം കൂടി അതിനൊപ്പം ഉയരുമ്പോള്‍ ഗൗരവം വര്‍ധിക്കുന്നു. ഈ പശ്ചാ­ത്തലത്തില്‍, നാലു വര്‍ഷമായിട്ടും വിചാരണ നടപടികള്‍ പോലും അനിശ്ചിതമായി തുടരുന്ന കേസായി മധുവിന്റെ മരണം നമ്മുടെ നിയമത്തിന്റെയും പൊതുബോധത്തിന്റെയും നേരെ­യാണ് ഇപ്പോള്‍ പല്ലിളിച്ചുനില്ക്കുന്നത്. അതുകൊണ്ട് മധുവിന്റെ മരണ­വുമായി ബന്ധപ്പെട്ട നീതിനിര്‍വഹണ നടപടികള്‍ക്ക് വേഗമു­ണ്ടാകണം. കുറ്റക്കാരു­ണ്ടെ­ങ്കില്‍ അവര്‍ക്കു ശിക്ഷ ലഭിക്കുകയും വേണം. കേര­ളത്തിലെ സര്‍ക്കാരും പുരോഗമന — ജനാധിപത്യ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും മധുവിന്റെ നിരാലംബ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി കൂടെ നില്ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.