19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 1, 2024
September 20, 2024
June 9, 2024
March 23, 2024
February 7, 2024
August 2, 2023
February 15, 2023
January 22, 2023
January 17, 2023
December 12, 2022

മഹാരാഷ്ട്രീയം തെരുവില്‍

വ്യാപക അക്രമം
മുംബെെയിലും താനെയിലും നിരോധ‌നാജ്ഞ
16 എംഎല്‍എമാര്‍ക്ക് അയോഗ്യതാ നോട്ടീസ
Janayugom Webdesk
June 25, 2022 11:00 pm

ബിജെപിയെ കൂട്ടുപിടിച്ച് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാരിനെ അട്ടിമറിക്കാനുള്ള ഏകനാഥ് ഷിൻഡെയുടെ നീക്കത്തിനിടെ സംഘടനയിൽ ആധിപത്യം ഉറപ്പിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബിജെപിയുടെ വിഘടനാ നീക്കങ്ങൾക്ക് തടയിടാനുള്ള നടപടികളിൽ ശിവസേന ഉദ്ധവിനൊപ്പമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ശനിയാഴ്ചയിലെ സംഭവവികാസങ്ങൾ. അതിനിടയില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തെരുവിലേക്ക് വ്യാപിച്ചു. സംസ്ഥാനവ്യാപകമായി വിമത നേതാക്കളുടെയും എംഎൽഎ, എംപിമാരുടെയും ഓഫീസുകൾക്ക് നേരെ അക്രമം നടന്നു. മുംബെെയിലും താനെയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു.

വിമത എംഎൽഎ തനാജി സാവന്തിന്റെ ഓഫീസ് ശിവസേന പ്രവർത്തകർ തകർത്തു. സാവന്തിന്റെ ഉടമസ്ഥതയിലുള്ള കടരാജ് ഏരിയയിലെ ഭൈരവ്നാഥ് പഞ്ചസാര മില്ലിന്റെ ഓഫീസിലേക്ക് ഒരു സംഘം അതിക്രമിച്ച് കയറുകയും ഓഫീസ് തകർക്കുകയുമായിരുന്നു. അതേസമയം സാവന്തിന്റെ ഓഫീസ് തകര്‍ത്തത് തുടക്കം മാത്രമാണെന്നും എല്ലാ രാജ്യദ്രോഹികളുടെയും ഓഫീസുകൾ വരും ദിവസങ്ങളിൽ നശിപ്പിക്കപ്പെടുമെന്ന് സേനാ നേതാവായ വിശാൽ ധനവാഡെ പറഞ്ഞു.

മഹേഷ് കുണ്ഡൽക്കര്‍ എംഎൽഎയുടെ കുർളയിലെ ഓഫീസിലെ നെയിം ബോർഡ് നശിപ്പിച്ചതില്‍ ഇരുപതോളം പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉല്ലാസ് നഗറിലെ തന്റെ ഓഫീസ് നശിപ്പിച്ചതായും ഏകനാഥ് ഷിൻഡെയുടെ ഫോട്ടോകൾ നശിപ്പിച്ചതായും വിമത നേതാവ് ശ്രീകാന്ത് ഷിൻഡെ പറഞ്ഞു.  അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ശിവസേനാ നേതാക്കളുടേയും മഹാവികാസ് അഘാഡി നേതാക്കളുടെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. വിമത എംഎല്‍എമാരുടെയും ഏകനാഥ് ഷിന്‍ഡെയുടെ വീടിനും സുരക്ഷ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ തനിക്കൊപ്പമുളള 38 നേതാക്കളുടെ വീടുകളുടെ സുരക്ഷ ഉദ്ധവ് താക്കറെ ഇടപെട്ട് കുറച്ചിരിക്കുകയാണെന്ന് ഷിന്‍ഡെ ആരോപിച്ചു.
മുംബൈ പാെലീസ് കമ്മിഷണർ സഞ്ജയ് പാണ്ഡെയുടെ അധ്യക്ഷതയിൽ മുതിർന്ന ഉദ്യോഗസ്ഥർ യോഗം ചേര്‍ന്ന് കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്കി.

മുംബെെയില്‍ ജൂൺ ആദ്യവാരം സിറ്റി പൊലീസ് പുറപ്പെടുവിച്ച നിരോധന ഉത്തരവ് ജൂലൈ 10 വരെ തുടരാനും തീരുമാനിച്ചു. ഏകനാഥ് ഷിന്‍ഡെയുടെ ശക്തികേന്ദ്രമായ താനെയില്‍ 30 വരെ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചു. രാഷ്ട്രീയ പ്രകടനങ്ങള്‍ക്ക് അനുമതി ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുളള ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതും പോസ്റ്ററുകളോ കോലങ്ങളോ കത്തിക്കുന്നതും നിരോധിച്ചതായി ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അയോഗ്യരാക്കാന്‍ നടപടി തുടങ്ങി; ഉദ്ധവിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന ദേശീയ എക്സിക്യൂട്ടീവ്

ഷിൻഡെ ക്യാമ്പിലെ 16 എംഎൽഎമാരെ അയോഗ്യരാക്കുന്നതിന് ഡെപ്യൂട്ടി സ്പീക്കർ നോട്ടീസ് അയച്ചു. തിങ്കളാഴ്ചയ്ക്കകം രേഖാമൂലം മറുപടി നൽകണം. വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷം നേരത്തെ കത്ത് നൽകിയിരുന്നു. നാല് പേരെക്കൂടി അയോഗ്യരാക്കണമെന്ന് ഇന്നലെ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടി സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ പേര് വിമതപക്ഷം ഉപയോഗിക്കുന്നത് തടയാനും ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന ശിവസേന ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന ബാലാസാഹേബ് എന്ന പുതിയ പാർട്ടി രൂപീകരിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രമേയം പാസാക്കിയത്. തെരഞ്ഞെടുപ്പ് കമ്മിഷനെയും ഔദ്യോഗികപക്ഷം സമീപിച്ചിട്ടുണ്ട്. എൻസിപി അധ്യക്ഷൻ ശരദ് പവാറും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Eng­lish Summary:maharastra pol­i­tics and parties
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.