10 January 2026, Saturday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

ഗാന്ധിജിയില്ലാത്ത 75 വര്‍ഷങ്ങള്‍

Janayugom Webdesk
January 30, 2023 5:00 am

രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേരുമാറ്റം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഗാന്ധിജിയില്ലാത്ത 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നത്. വിദ്വേഷത്തിന്റെയും ചരിത്ര നിരാസത്തിന്റെയും സാമുദായിക ധ്രുവീകരണ ശ്രമങ്ങളുടെയും ആസുരമായ കാലത്ത് ആ 75 വര്‍ഷത്തിന് വലിയ പ്രാധാന്യമുണ്ട്. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന്, നിര്‍വചിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്ത മനുഷ്യനായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യപ്രാപ്തിക്ക് ഒരുവര്‍ഷംപോലും തികയുന്നതിന് മുമ്പാണ് ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്സെ എന്ന വര്‍ഗീയവാദിയെ പറഞ്ഞയച്ച് ഹിന്ദുത്വ തീവ്രവാദികള്‍ കൊലചെയ്യുന്നത്, 1948 ജനുവരി 30ന്. കൊല്ലപ്പെടുമ്പോള്‍ ഗാന്ധിജിക്ക് 79 വയസായിരുന്നു. എങ്കിലും കുറച്ചുവര്‍ഷങ്ങള്‍ കൂടി ഗാന്ധിജി ജീവിച്ചിരുന്നുവെങ്കില്‍ എന്ന് സങ്കല്പിക്കുമ്പോഴാണ് ആ ജീവിതത്തിന്റെ പ്രാധാന്യവും ഇന്നത്തെ ഇന്ത്യയുടെ ദുരന്തവും നമുക്ക് ബോധ്യപ്പെടുക. കോളനിവാഴ്ചയ്ക്കെതിരെ അഹിംസയിലൂന്നിയ സമരരീതികള്‍ക്കാണ് ഗാന്ധിജി പ്രാമുഖ്യം നല്കിയത്. അതുമാത്രമായിരുന്നില്ല, തീക്ഷ്ണമായ സമരരീതികളും ചേര്‍ന്നപ്പോഴാണ് സ്വാതന്ത്ര്യനേട്ടത്തിനു കാരണമായത്. ഇന്നിപ്പോള്‍ ഹിംസാത്മകമായ ഭരണ നടപടികള്‍ രാജ്യത്തെ വല്ലാതെ ഭയപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിന്ന് അകന്നുപോയതിന്റെ ശൂന്യത വല്ലാതെ നമ്മുടെ രാജ്യം അനുഭവിക്കുന്നുണ്ട്. അഹിംസയ്ക്കൊപ്പം അദ്ദേഹം തന്റെ ജീവിതത്തിന്റെ സന്ദേശങ്ങളായി ഉയര്‍ത്തിപ്പിടിച്ചത് മതനിരപേക്ഷത, സഹജീവി സ്നേഹം, സത്യസന്ധത, ജീവിത ലാളിത്യം, ഗ്രാമീണ ജീവിതങ്ങളുടെ ഉന്നമനം തുടങ്ങിയവയായിരുന്നു. കോണ്‍ഗ്രസ് പോലും ഗാന്ധിജിയില്‍ നിന്ന് അകലുന്നതിന് രാജ്യം സാക്ഷിയായി.

ഗാന്ധിജിയുടെ കൂടി ആശയങ്ങളുടെ ഫലമായി രൂപപ്പെട്ട രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് കളങ്കമായി അടിയന്തരാവസ്ഥയും പൊതുമേഖലാ സംരംഭങ്ങളുടെ വില്പനയ്ക്കും ശതകോടീശ്വരന്മാരുടെ വന്‍ വളര്‍ച്ചയ്ക്കും അസമത്വത്തിനും കളമൊരുക്കിയ പുത്തന്‍ സാമ്പത്തിക നയങ്ങളും മൃദുഹിന്ദുത്വ സമീപനങ്ങളും ഗാന്ധിജിയില്‍ നിന്നുള്ള വഴിതെറ്റി നടക്കലിന്റെ കോണ്‍ഗ്രസ് കാല ഉദാഹരണങ്ങളാണ്. കോണ്‍ഗ്രസിന് ശേഷം അധികാരത്തിലെത്തിയ സംഘ്പരിവാര്‍ ഭരണകാലയളവ് അതിനെക്കാള്‍ വലിയ നയവ്യതിയാനങ്ങളുടേതായിരുന്നു. ഭരണകാര്യങ്ങളില്‍ മാത്രമല്ല, സ്വന്തം ജീവിതത്തില്‍ പോലും സത്യസന്ധത സൂക്ഷിക്കാത്ത, കേന്ദ്രത്തിലെയും അവരുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള പല സംസ്ഥാനങ്ങളിലെയും ഭരണാധികാരികളുടെ ജീവിതവും നയങ്ങളും പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. സവര്‍ണ ഹിന്ദുത്വ ആശയങ്ങളാണ് ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്നതെന്ന് ബിജെപി മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുള്‍പ്പെടെ കേന്ദ്രമന്ത്രിമാരും ആവര്‍ത്തിക്കുന്ന കാലത്താണ് നാമിപ്പോഴുള്ളത്. മഹാത്മജിയുടെ മതനിരപേക്ഷത എന്ന ആശയത്തില്‍ നിന്ന് നമ്മുടെ അധികാരികള്‍ വളരെ വളരെ അകന്നുപോയിരിക്കുന്നു എന്നതിന് ഇതിനപുറം തെളിവെന്തുവേണം. വെറുപ്പിന്റെയും അന്യമത വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്നുകൊണ്ട് കലാപങ്ങളും അക്രമങ്ങളും സൃഷ്ടിക്കുന്നവരുടെ പുതിയകാലത്ത് ഗാന്ധിജിയുടെ സഹജീവി സ്നേഹത്തില്‍ നിന്നും ഭരണാധികാരികള്‍ കാതങ്ങളോളം ദൂരെയാണ്.


ഇതുകൂടി വായിക്കൂ: മോഹൻദാസ് എന്ന കർമ്മചന്ദ്രൻ


സത്യസന്ധത ഗാന്ധിജിയുടെ മറ്റൊരു പ്രത്യേകതയായിരുന്നു. കൗമാര ചാപല്യത്താല്‍ ചെയ്തുപോയ തെറ്റുകള്‍ പോലും ജീവിതകഥയില്‍ അദ്ദേഹം കുറിച്ചിട്ടത് ആ സത്യന്ധതയുടെ വെളിപ്പെടുത്തലാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ കൗമാരകാലത്തെ ചായക്കടകളുടെ വസ്തുതാന്വേഷണം, ഗാന്ധിജിയുടെ സത്യസന്ധതയെ നോക്കി പല്ലിളിക്കുകയാണ്. 1947 ഓഗസ്റ്റ് 15ല്‍ സ്വാതന്ത്ര്യ ലബ്ധിയുടെ വലിയ ആഘോഷങ്ങളില്‍ ഇന്ത്യന്‍ ജനത എല്ലാം മറന്ന് പങ്കാളികളാകുമ്പോള്‍ അതിന്റെ ഭാഗമാകാതെ സാമുദായിക സംഘര്‍ഷങ്ങളുടെ ചോരയൊഴുകിയ പ്രദേശങ്ങളില്‍ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി സഞ്ചരിക്കുകയായിരുന്നു ഗാന്ധിജി. സംഘ്പരിവാര്‍ അധികാരത്തിന്റെ അടിത്തറ ബലപ്പെടുത്തുന്നതിന് ജീവനും ചോരയും വീഴ്ത്തിയ 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും കത്തി നില്ക്കുമ്പോഴാണ് ഗാന്ധി വധത്തിന്റെ ഓര്‍മ്മകള്‍ക്ക് മുക്കാല്‍ നൂറ്റാണ്ട് തികയുന്നത്. ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിലെ ആ കലാപത്തിന്റെ പാപക്കറ മായാതെ കിടക്കുന്ന ഭരണാധികാരികളാണ് രാജ്യവും ഗുജറാത്ത് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഭരിക്കുന്നത് എന്ന വൈരുധ്യവും ഗാന്ധിജിയില്ലാത്ത 75 വര്‍ഷങ്ങള്‍ തീര്‍ത്ത ശൂന്യതയും വളരെ വലുതാണ്. അതുകൊണ്ട് ജനുവരി 30 ന് പ്രതീകാത്മകമായി നടത്തുന്നതിനപ്പുറം, ഗാന്ധിജിയുടെ സ്വപ്നങ്ങളും രാജ്യത്തിന്റെ നന്മകളും തിരികെ പിടിക്കുന്നതിന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വസ്ത്രങ്ങള്‍ നെയ്തെടുക്കുന്ന, പുതിയ ചര്‍ക്കകളും തറികളും അനിവാര്യമാകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.