
ചില പഴഞ്ചൊല്ലുകളും സിനിമാ സംഭാഷണങ്ങളും എല്ലാ കാലവും അർത്ഥവത്തായി നിൽക്കും. അതിൽ രണ്ടെണ്ണമാണ്, മലപ്പുറം കത്തി അമ്പും വില്ലും ഒടുവിലെന്തായി പവനായി ശവമായി, കൂറ് അങ്ങും ചോറ് ഇങ്ങും എന്നിവ. അതിലൊന്നിന് ഭാഷാഭേദം വരുന്നതാണ് നിലമ്പൂരിൽ കാണുന്നത്. മലപ്പുറം കത്തി, അമ്പും വില്ലും… ഒടുവിലെന്തായി അൻവറായി എന്ന്.
ഒരു കാലത്ത് നിലമ്പൂരിന്റെ പോരിമ നിലമ്പൂർ തേക്കിന്റെ പേരിലായിരുന്നു. രണ്ടും മൂന്നും പേർ ഒത്തുപിടിച്ചാൽ പോലും തികയാത്തത്രയും വണ്ണമുള്ള പോരിമ വിദേശത്തും പരന്നിരുന്നു. ബ്രിട്ടീഷുകാർ നിലമ്പൂരിൽ നിന്ന് വെട്ടിക്കൊണ്ടുപോയി പണിത്തരങ്ങളാക്കിയ ഉരുപ്പടികൾ ബ്രിട്ടീഷ് കൊട്ടാരത്തിലും കാണുമെന്നാണ് പറയപ്പെടുന്നത്. പിന്നീട് പുഴയിലൂടെ പലവട്ടം വെള്ളമൊഴുകിപ്പോകുകയും നിലമ്പൂരിന് പ്രസിദ്ധിക്കൊപ്പം കുപ്രസിദ്ധിയും കൈവരികയും ചെയ്തു. അതിലൊന്ന് നിലമ്പൂർ കാടുകളിലായിരുന്നു മാവോയിസ്റ്റായിരുന്ന കുപ്പു ദേവരാജടക്കം കൊല്ലപ്പെട്ടത് എന്നതാണ്. മറ്റൊന്നാണ് ഇപ്പോൾ മേല്പറഞ്ഞ ചൊല്ലിനെ അർത്ഥവത്താക്കിയിരിക്കുന്നത്.
എന്തൊക്കെയായിരുന്നു… സിനിമാ ഡയലോഗിൽ പറഞ്ഞ മലപ്പുറം കത്തി, അമ്പും വില്ലും എന്നിവ മാത്രമായിരുന്നില്ല; എകെ ഫോർട്ടിസെവൻ, പീരങ്കിത്തോക്ക്, സർജിക്കൽ സ്ട്രൈക്ക്… പ്രാകൃതവും ആധുനികവുമായ എല്ലാ ആയുധങ്ങളും തന്റെ കയ്യിലുണ്ടെന്നും ഓപ്പറേഷൻ തുടങ്ങിയെന്നും പറഞ്ഞപ്പോൾ മലയാളത്തിൽ മാത്രമല്ല, ഭൂലോകത്തിലുള്ള മാധ്യമങ്ങൾവരെ അൻവറിന്റെ വീരാപദാനങ്ങൾ വാഴ്ത്തി. ലൈവ് ഷോകൾ കാട്ടി മലയാളികളെ അവർ അഭിരമിപ്പിച്ചു. മരം മുറിയായാലും കാട്ടുമൃഗം കാടിറങ്ങിയാലും വന്യജീവിയെപ്പോലെ അൻവർ ആക്രോശിച്ചു. എല്ലാത്തിനും കാരണം എൽഡിഎഫ് സർക്കാരാണെന്നുകൂടി പറഞ്ഞപ്പോൾ വലതുപക്ഷ മാധ്യമങ്ങൾക്കും എൽഡിഎഫ് വിരുദ്ധർക്കും പായസം നുണഞ്ഞതിന്റെ സുഖമുണ്ടായി. ഗാലറിയിലിരുന്ന യുഡിഎഫ് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
നിലമ്പൂരിലെ എംഎൽഎ സ്ഥാനം ഉപേക്ഷിച്ച് മഹാത്യാഗം ചെയ്ത അൻവർ കൂടുതൽ കരുത്തനായെന്ന് പറഞ്ഞവരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമുണ്ടായിരുന്നു. സമയാസമയം പോലെ വിഷയങ്ങളെടുത്ത് കയ്യടി നേടാനുള്ള തന്ത്രം അൻവർ നന്നായി പ്രയോഗിക്കുകയും ചിലരത് ആസ്വദിക്കുകയും ചെയ്തു. നാം ഇതുവരെ കേട്ടിട്ടില്ലാത്ത അപസർപ്പക കഥകളായിരുന്നു അദ്ദേഹം വിളമ്പിയത്. സ്വർണക്കടത്തിന്റെ ലൈവ് ഷോകൾ, കാരിയർമാരെയിരുത്തി ഒളികാമറാ ദൃശ്യങ്ങൾ, വനംവകുപ്പ് ഓഫിസിൽ കയറി കയ്യാങ്കളികൾ, നാടുനീളെ നടന്ന് ഉള്ളതും ഇല്ലാത്തതുമായ എല്ലാ പ്രശ്നങ്ങളിലും തലവയ്ക്കൽ, ഇതാ ശക്തമായ പ്രതിപക്ഷം ഉരുവപ്പെടുന്നുവെന്ന് കീർത്തിപ്പെടുത്തൽ.
ഇടതുമുന്നണിയെ നിലംപരിശാക്കിയേ അടങ്ങൂ എന്ന ഭീഷ്മപ്രതിജ്ഞ. അതിന് ആദ്യം സ്വന്തമായൊരു പാർട്ടി. നിലനില്പില്ലെന്ന് വന്നപ്പോൾ തമിഴ്‍നാട്ടിലേക്ക് വണ്ടികയറി അവിടെയുള്ള ഏതെങ്കിലും പാർട്ടിയിൽ ചേക്കേറാനുള്ള ശ്രമം. അത് ഫലിക്കാതെ വന്നപ്പോൾ വടക്കുപടിഞ്ഞാറോട്ടേക്ക് വിമാനം കയറി. അവിടെയും ഇവിടെയുമുള്ള രാഷ്ട്രീയ പാർട്ടികളുടെ തിണ്ണ നിരങ്ങി തളർന്നിരിക്കുമ്പോഴാണ് ബംഗാൾ ദീദി, പിടിക്കാൻ ചേലത്തുമ്പ് നീട്ടിനൽകിയത്. അങ്ങനെ കേരളത്തിൽ ടിഎംസി എന്ന പാർട്ടിയുണ്ടാക്കി മുടിചൂടാമന്നനായി. പക്ഷേ അതുകൊണ്ട് രക്ഷയില്ലെന്ന് അൻവറിനെപ്പോലെ അറിയാവുന്നയാളില്ല. ഇടതുമുന്നണിയിൽ നിന്നിറങ്ങി. ടിഎംസി കൊണ്ട് കേരളത്തിൽ നിലം തൊടാനുമാകില്ല.
അങ്ങനെയാണ് യുഡിഎഫിൽ കയറിക്കൂടാനുള്ള ചിന്തയുമായി അവരെ പ്രകീർത്തിച്ച് നടന്നുതുടങ്ങിയത്. ചെലവില്ലാതെ കിട്ടുന്ന പ്രശംസയല്ലേ എന്ന് കരുതി യുഡിഎഫും നന്നായി കയ്യടിച്ചു. അതുകൊണ്ടുതന്നെ അൻവർ വല്ലാതെ പ്രതീക്ഷിച്ചുവെന്നത് നേരാണ്. യുഡിഎഫിൽ ഘടകകക്ഷിയാകണമെന്ന മോഹമുദിച്ചതോടെ അൻവർ ആകാവുന്ന എല്ലാ തന്ത്രവും പയറ്റി നോക്കി. ആദ്യം ഘടക കക്ഷിയാക്കണമെന്ന ആവശ്യം. അതു നടക്കില്ലെന്ന് വന്നപ്പോഴാണ് കച്ചവടക്കാരനായ അൻവറിന്റെ മനസിൽ കച്ചവടബുദ്ധി ഉദിച്ചത്. വൻകിട കച്ചവട സ്ഥാപനങ്ങളിലും ക്ലബ്ബുകളിലുമൊക്കെയുള്ളതുപോലെ അസോസിയേറ്റ് മെമ്പറെങ്കിലുമാക്കണം. ആദ്യം യുഡിഎഫിലെ ഒരുവിഭാഗത്തിനെങ്കിലും അത് ശരിയാണെന്ന് തോന്നിയെങ്കിലും പിന്നെയല്ലേ ഉള്ളിലിരിപ്പ് സതീശന് മനസിലായത്. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉറപ്പായ സീറ്റില്ലെങ്കിൽ നിലമ്പൂരിൽ യുഡിഎഫിന് പിന്തുണയില്ല. അതോടെ സതീശൻ മലക്കം മറിഞ്ഞു. സതീശനൊഴികെ ബാക്കിയുള്ളവർക്ക് — പ്രത്യേകിച്ച് ലീഗിന് — കാര്യം പിടികിട്ടിയില്ല.
ആകെ 41 സീറ്റാണുള്ളത് യുഡിഎഫിന്റെ കയ്യിൽ. അതിൽതന്നെ എത്രയെണ്ണം അടുത്ത തവണ ജയിച്ചുവരുമെന്നതിൽ ഒരുറപ്പുമില്ല. അപ്പോൾപ്പിന്നെ അതിലൊന്ന് കൊടുത്താൽ എന്താകും സ്ഥിതി. അതുകൊണ്ട് അൻവറിനെയെടുക്കണമെന്ന രണ്ട് മനസുമായി കുറേ കോൺഗ്രസുകാരും മറ്റ് ഘടകക്ഷികളും നിന്നപ്പോഴും സതീശൻ നൈസായി പാലം വലിച്ചു. സതീശൻ മാത്രം അമ്പിനും വില്ലിനും അടുത്തില്ല. ഇപ്പോഴെന്തായി എന്നറിയണമെങ്കിൽ അൻവറിന്റെ വിലാപഗാനം കേട്ടാൽ മതി. സതീശനെതിരെ അല്പം തെറിപ്രയോഗങ്ങളുമൊക്കെയായി നല്ല മസാലപ്പടം കാണുന്ന ചേല് നാട്ടുകാർക്ക്.
നാട്ടിലെവിടെ എന്തുണ്ടായാലും അഭിപ്രായം തേടി മാധ്യമങ്ങൾ അൻവറിന്റെ വസതിക്ക് മുമ്പിൽ മൈക്കും കാമറയുമായി വരിനിന്നു. ഒടുവിൽ വരിയുടച്ചതുപോലെ അൻവർ വിലപിക്കുന്നതാണ് നാം കാണുന്നത്.
രണ്ട് തോണിയിൽ കാലുവയ്ക്കുക, കൂറ് അങ്ങും ചോറ് ഇങ്ങും എന്നീ പ്രയോഗങ്ങൾക്ക് സമാനാർത്ഥമാണ്. മനുഷ്യർക്ക് കാല് രണ്ടെണ്ണം എന്തിനാണെന്ന് ചോദിച്ചാൽ കുട്ടികൾ പോലും പറയുക, നടക്കാനെന്നാണ്. തിരുവനന്തപുരത്ത് നിന്ന് ജയിച്ചുപോയ ആഗോള പുരുഷൻ ശശി തരൂർ പറയുക രണ്ട് തോണിയിൽ ഒരേസമയം വയ്ക്കാനെന്നായിരിക്കും. അദ്ദേഹത്തിന്റെ ഈ നിലപാട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മോഡി സ്തുതി, ബിജെപിയുടെ നയങ്ങളെ പിന്തുണയ്ക്കൽ എന്നിവ ആഗോള പുരുഷനിൽ നിന്ന് ആവോളം നാം കേട്ടിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനുശേഷം അത് വർധിച്ചുവെന്നേയുള്ളൂ. അതിന് കാരണം രണ്ടുണ്ട്. ഒന്ന് ഭൗതികവും രണ്ട് മാനസികവും. രണ്ടാമത്തെ കാര്യം അല്പം മസാലയുള്ളതിനാൽ ഇവിടെ പറയാൻ കൊള്ളില്ല.
2009ലാണ് തരൂർ തിരുവനന്തപുരത്തുനിന്ന് ആദ്യമായി ലോക്‌സഭയിലെത്തിയത്. പിന്നീട് 14, 19, 24 വർഷങ്ങളിൽ തുടർച്ചയായി തട്ടിമുട്ടിയാണ് ജയിച്ചത്. കഴിഞ്ഞ തവണ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് കടന്നുകയറിയത്. അതുകൊണ്ടുതന്നെ അടുത്ത തവണത്തെ വിജയം തീരെ ഉറപ്പില്ല. എന്നുമാത്രമല്ല കോൺഗ്രസ് സീറ്റ് നൽകണമെന്നുമില്ല. കഴിഞ്ഞ തവണ തന്നെ മറ്റൊരുപാട് പേർ സ്ഥാനമോഹികളായി രംഗത്തുണ്ടായിരുന്നു. മണ്ഡലത്തിലെ തരൂരിന്റെ അസാന്നിധ്യമുൾപ്പെടെ കാരണങ്ങൾ എതിരാകുമെന്ന ഭയം കാരണം മാറ്റണമെന്ന അഭിപ്രായം സംസ്ഥാന കോൺഗ്രസിലും ശക്തമായിരുന്നു. പക്ഷേ നിലവിലുള്ള എല്ലാവരും മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദേശത്തിൽ ശശി തരൂരിന് തന്നെ നറുക്ക് വീഴുകയായിരുന്നു.
അടുത്ത തവണ അങ്ങനെയാകണമെന്നില്ല. ഒന്നുകിൽ സീറ്റ് കിട്ടില്ല. അല്ലെങ്കിൽ ജയിക്കില്ല. മുൻകൂട്ടി കണ്ട് പണ്ടാരോ പറഞ്ഞതുപോലെ പുഴ വറ്റുകയും പട്ടി വരികയും ചെയ്താലോ എന്ന് കരുതിയുള്ള അദ്ദേഹത്തിന്റെ നീട്ടിയേറാണിതെന്നാണ് അന്തഃപുര വൃത്താന്തം. ഒരു കാല് മാത്രം അടുത്ത തോണിയിൽ വച്ച് വീഴാതെ പോകുക. പിന്നെയെല്ലാം മോഡിയുടെ കയ്യിൽ ഭദ്രം. ചൊറിയലിൽ അവർക്കും സുഖം, അടുത്ത തവണ തന്റെ കാര്യമുറപ്പ്. ബിജെപിക്കാകട്ടെ ഏത് പുരുഷനായാലും ഒരു സീറ്റ് കേരളത്തിൽ നിന്ന് നേടാനായാൽ അതുതന്നെ മെച്ചം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.