
നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാത 66 കൂരിയാടില്‍ ഏകദേശം 600 മീറ്റർ സര്‍വീസ് റോഡ് തകര്‍ന്നു. ദേശീയപാതയുടെ ഭിത്തിയും തകർന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. റോഡിൽ വിള്ളലുണ്ടായ കാര്യം നേരത്തെ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. കാലവർഷം അടുത്തിരിക്കെ ദേശീയപാതയോട് അടുത്ത് ജീവിക്കാനും യാത്ര ചെയ്യാനും ഭയമാണെന്നും പ്രദേശവാസികൾ പറയുന്നു. റോഡ് തകർന്നതിനെ തുടർന്ന് നാട്ടുകാർ ദേശീയപാത അതോറിട്ടിക്കെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.
സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറുവരി പാതയുടെ ഭാഗവും സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണു. മലപ്പുറം ജില്ലയിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. ഇതുവഴി സഞ്ചരിച്ചിരുന്ന കാറുകൾക്ക് മുകളിലേക്കാണ് ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണത്. കാറുകള്‍ക്ക് കേടുപാടുകളുണ്ടായെങ്കിലും തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. നിർമ്മാണത്തിന് ഉപയോഗിച്ച മണ്ണുമാന്തി യന്ത്രവും കുഴിയിൽ അകപ്പെട്ടു. റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. അപകടമുണ്ടായി മണിക്കൂറുകൾ പിന്നിട്ടിട്ടും ദേശീയപാതാ അധികൃതർ സംഭവസ്ഥലത്ത് എത്താത്തതും പ്രതിഷേധത്തിന് കാരണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.