30 December 2025, Tuesday

ഇന്ത്യൻ എഴുത്തിന്റെ മലയാളഭൂപടം

”അസഹിഷ്ണുതയല്ല വാസ്തവത്തിൽ പ്രശ്നം. സഹിഷ്ണുതയായിരുന്നു. സഹിഷ്ണുത കാണിക്കാനരുതാത്തതിനോടൊക്കെ നാം സഹിഷ്ണുത കാണിച്ചുകൊണ്ടിരുന്നു” ‑ആനന്ദ്
ഇളവൂർ ശ്രീകുമാർ
December 7, 2025 7:00 am

ഴുത്തിന്റെ ഏറ്റവും ശക്തമായ ഇന്ത്യൻ മുഖമാണ് ആനന്ദ്. അതുകൊണ്ടാണ് ആനന്ദിന്റെ എഴുത്തുകൾക്ക് മലയാളത്തിനപ്പുറം ഒരു ദേശീയമാനം ലഭിക്കുന്നത്. അല്ലെങ്കിൽത്തന്നെ ഭാഷയുടെയോ അതിർത്തികളുടെയോ പരിധികൾക്കുള്ളിൽ തളച്ചിടാൻ കഴിയുന്നതല്ലല്ലോ ആനന്ദിന്റെ വിചാരലോകം. അത് സംസാരിക്കുന്നത് ലോകത്തെമ്പാടുമുള്ള മനുഷ്യാവസ്ഥയുടെ ഭാഷയല്ലേ. മുദ്രാവാക്യങ്ങളും ഛന്ദസ്കൃതഭാഷയുടെ സൗന്ദര്യവുമില്ലാതെ, വൈകാരികതയുടെ കവിഞ്ഞൊഴുകലുകളില്ലാതെ, ഭാഷയുടെ കോമളപദാവലികളില്ലാതെ ആനന്ദ് സംസാരിക്കുന്നതത്രയും എക്കാലത്തെയും മനുഷ്യാവസ്ഥയുടെ സങ്കടങ്കങ്ങളെക്കുറിച്ചായിരുന്നല്ലോ. 

ഒരിക്കലും അഭയം കിട്ടാതെ തീപിടിച്ചോടുന്ന നീതിയുടെ നിലവിളികളായിരുന്നു ആനന്ദിനെ എക്കാലത്തും പൊള്ളിച്ചുകൊണ്ടിരുന്നത്. ഒരിടത്തും വേരുകളാഴ്ത്താൻ കഴിയാതെ അരികുവല്ക്കരിക്കപ്പെട്ട പുറമ്പോക്കുമനുഷ്യരെക്കുറിച്ച്, വേട്ടക്കാരനുമുന്നിൽ പേടിച്ചരണ്ട കണ്ണുകളുമായി നിൽക്കുന്ന അവരുടെ നിസഹായതയെക്കുറിച്ച്, അധികാരസ്ഥാപനങ്ങളുടെ ഇരകളാകാൻ മാത്രം ജനിച്ച അവരുടെ ദുർവിധികളെപ്പറ്റി ഒട്ടും അതിഭാവുകത്വമില്ലാതെ ആനന്ദിന്റെ കൃതികൾ നമ്മോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. അത് നമ്മെ നടുക്കിയുണർ ത്തുന്നു. സ്വാസ്ഥ്യം കെടുത്തുന്നു. ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാവുന്ന ഇരയുടെ സുരക്ഷിതത്വം മാത്രമേ നമുക്കുള്ളുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആനന്ദിനെ വായിക്കുമ്പോൾ അന്തമില്ലാത്ത ഒരു ഗർത്തത്തിന്റെ മുനമ്പിൽ നിൽക്കുന്ന നമ്മെത്തന്നെ നാം കണ്ടെത്തുന്നു. 

‘ആൾക്കൂട്ട’ത്തിൽനിന്നാരംഭിച്ച ആനന്ദിന്റെ എഴുത്തുജീവിതം അതേ വീവ്രതയോടെ ഇപ്പോഴും നിലനിൽക്കുന്നുവെങ്കിൽ അതിനർത്ഥം തന്റെ കൃതികളിലൂടെ ആനന്ദ് ഉയർത്തിയ പ്രശ്നങ്ങൾ അതേപടി, അല്ലെങ്കിൽ അതിനെക്കാൾ തീവ്രമായി ഇപ്പോഴും തുടരുന്നുവെന്നാണ്. നിയമം, നീതി, അധികാരം, സർക്കാർ, ഇര, വേട്ടക്കാരൻ… ഇതിനിടയിൽപ്പെട്ട് ചതഞ്ഞരയുന്ന സാധാരണ മനുഷ്യർ. അവരിലേക്കാണ് ആനന്ദിലെ എഴുത്തുകാരൻറെ നോട്ടം എപ്പോഴും ചെന്നെത്തുന്നത്. അധികാരവും ഭരണകൂടവും രാക്ഷസീയാകാരം പൂണ്ട് നിർദോഷികളുടെ മേൽ നിരന്തരം ഇടിമിന്നൽ വീഴ്ത്തുന്നതിൻറെ ഭയാനകമായ കലാരേഖയായിരുന്നു ‘മരുഭൂമികൾ ഉണ്ടാകുന്നത്. ’ ‘മരുഭൂമി‘കളിൽ ആനന്ദവതരിപ്പിച്ച ചരിത്രദർശനം കാലദേശങ്ങൾക്കതീതമായ വിപുലമായൊരു ക്യാൻവാസിലേക്ക് പകർത്തുകയാണ് ‘ഗോവർദ്ധൻറെ യാത്രകൾ’. ”നിയമവും അധികാരവും രണ്ടാണ്. നിയമം അതിൻറെ വഴിക്ക് പോകുന്നു. പോവുകയും വേണം. സർക്കാരിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ അതിന്റെ പക്കലുള്ളത് അധികാരമാണ്. ആ അധികാരം അത് അതിന്റെ ഉദ്യോഗസ്ഥരിൽ വിതരണം ചെയ്തിരിക്കുന്നു.” (മരുഭൂമികൾ ഉണ്ടാകുന്നത്) ശിക്ഷിക്കുന്നതിലൂടെയാണ് ഏതൊരു സർക്കാരും അതിന്റെ അധികാരത്തെ പ്രകടമാക്കുന്നതെന്നും ഇരകളില്ലാതെ അതിന് നിലനില്‍ക്കാനാകില്ലെന്നും അധികാരപ്രയോഗം എത്രത്തോളം നിഷ്ഠൂരമാകുന്നുവോ അത്രത്തോളം സർക്കാർ ശക്തമാണെന്ന് വരുത്തിത്തീർക്കുകയാണെന്നും കുന്ദന്റെ അനുഭവപരമ്പര നമ്മെ ബോധ്യപ്പെടുത്തുന്നു.
”മുമ്പും പിമ്പുമില്ലാത്ത ഇടവും വലവുമില്ലാത്ത ഭൂതവും ഭാവിയും തിരച്ചറിയാത്ത ഈ സ്ഥലത്ത് എവിടെയാണ് രക്ഷ എന്ന് ആർക്ക് പറയാം…?” ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത തടവറയ്ക്കുള്ളിൽ അടയ്ക്കപ്പെട്ട, നാലുവശത്തുനിന്നും ഓരോസമയം അടുത്തുകൊണ്ടിരിക്കുന്ന ഭിത്തികൾക്കുള്ളിൽപെട്ട് ചതഞ്ഞരയേണ്ടി വരുന്ന മനുഷ്യാവസ്ഥയെക്കുറിച്ച് തന്നെയാണ് ഗോവർധന്റെ യാത്രകളിലും ആനന്ദ് എഴുതുന്നത്. നീതിബോധത്തിന്റെ ഭാഷ നഷ്ടപ്പെട്ട സംസ്കാരമാണ് നമ്മുടേത്. ‘ഗോവർധന്റെയാത്രക’ളിൽ ആനന്ദ് നോവലിനുവേണ്ട കേന്ദ്രബീജം സ്വീകരിച്ചിരിക്കുന്നത് ഒരു പ്രഹസനത്തിൽ നിന്നാണെന്ന കാര്യം ശ്രദ്ധേയമാണ്. എഴുതപ്പെട്ടിട്ടുള്ള ഏറ്റവും വലിയ പ്രഹസനം ‘ചരിത്രം’ തന്നെയാണെന്ന് ബോധ്യപ്പെടുമ്പോൾ ഇതിന്റെ ഔചിത്യം കൂടുതൽ ദീപ്തമാകും. കുറ്റവാളിയുടെ ശിരസ് കുരുക്കിൽ കടക്കാത്തതുകൊണ്ട്, കുരുക്കിൽ കടക്കുന്ന ശിരസുള്ള നിരപരാധിയായ ഗോവർധനെ തൂക്കിലേറ്റാൻ വിധിക്കുന്ന ചൗപട് രാജാവിൻറെ വിധിന്യായത്തിൽ പ്രഹസത്തിന്റെയും ദുരന്തത്തിന്റെയും സൗന്ദര്യാത്മക സമസ്യയുണ്ട്. ”അധികാരം, അത് എത്രത്തോളം ലഘുവായ അളവിലായാലും പ്രയോഗിക്കപ്പെടുമ്പോൾ, അതിന്റെ മുമ്പിലുള്ള ഇടം സ്വയം രണ്ടായി വിഭജിക്കപ്പെടുന്നു അധികാരം പ്രയോഗിക്കുന്നവന്റെ ഇടവും അധികാരം ആരുടെ മേൽ പ്രയോഗിക്കപ്പെടുന്നുവോ അവന്റെ ഇടവുമായി.”
ഗോവർധന്റെ വിധി അധികാരത്തിന്റെ തണൽ ലഭിക്കാത്ത ഏതു കാലത്തെയും മനുഷ്യരുടെ വിധിയാണെന്ന് നോവൽ ഓർമ്മിപ്പിക്കുന്നു.
”ജീവിതത്തിൽ തന്നെ വരാന്തയിലല്ലേ നമ്മൾ? വീടുകളിൽനിന്ന് നമ്മൾ എന്നേ പുറത്താക്കപ്പെട്ടവരാണ്…? വെറും വരാന്ത മനുഷ്യരാണ് നമ്മൾ.” 

ഈ വരാന്തമനുഷ്യരുടെ കഥയാണല്ലോ എക്കലാവും ആനന്ദ് നമ്മോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്.
”സർക്കാരിന്റെ ആവശ്യങ്ങളാണെല്ലാറ്റിനുമുപരി. സർക്കാരിന്റെ താല്പര്യത്തിന് ഒരു മനുഷ്യന്റെ കഴുത്തിൽ കുരുക്കിടണമെങ്കിൽ അവനെത്ര നിരപരാധിയാണെങ്കിലും അതു വീഴുക തന്നെ ചെയ്യും. അല്ലെങ്കിലോ കൊലമരത്തിൽ നിന്നുതന്നെ നാം അവനെ ഇറക്കിക്കൊണ്ടുവരും” ഈ കുടിലനീതിയുടെ ഉൾപ്പിരിവുകളാണ് ആനന്ദിന്റെ വാക്കുകളെ ചുട്ടുപൊള്ളിക്കുന്നത്.
നഗരജീവിതത്തിൽ മുഖം നഷ്ടപ്പെട്ട്, സ്വപ്നങ്ങൾ നഷ്ടപ്പെട്ട്, സ്വത്വസംഘർഷത്തിൽ പെട്ട് എവിടെയാണ് അഭയമെന്നറിയാൻ കഴിയാത്ത ഇന്ത്യൻ യുവതയുടെ ദുരന്തജീവിതത്തിന്റെ ഇതിഹാസ തുല്യമായ ആവിഷ്കരമാണ് ‘ആൾക്കൂട്ടം. ’ മലയാളിയുടെ നോവൽ സങ്കൽപ്പത്തെ തച്ചുടച്ച ഈ കൃതി നോവൽ എങ്ങനെയായിരിക്കണമെന്ന മലയാളിയുടെ അഭിജാതസങ്കൽപ്പത്തെ മുഴുവൻ ഒറ്റനോവൽകൊണ്ട് റദ്ദുചെയ്യുകകയായിരുന്നു ആനന്ദ്. മനുഷ്യാവസ്ഥയെക്കുറിച്ചും ബന്ധങ്ങളുടെ നിയതത്വമില്ലായ്മയെക്കുറിച്ചും അസ്തിത്വവ്യഥയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള ആനന്ദിന്റെ മൗലികമായ നിരീക്ഷണങ്ങൾ ഈ കൃതിയിൽത്തന്നെ ആരംഭിക്കുന്നുണ്ട്. പിന്നീട് വരുന്ന കൃതികളിൽ അത് ദാക്ഷിണ്യ മില്ലാത്തവിധം തീവ്രസ്വഭാവമാർജിക്കുന്നു. 

‘അഭയാർത്ഥിക’ളിലാകട്ടെ, ആശയസംവാദങ്ങൾക്കാണ് ആനന്ദ് മുൻതൂക്കം നൽകുന്നത്. നോവലിന്റെ ഘടനാപരമായ സങ്കൽപത്തെ വീണ്ടും നിർദയം തകർത്തുതരിപ്പണമാക്കുകയായിരുന്നു ഈ നോവലിലും ആനന്ദ്. ഈ കൃതിയെ നോവലെന്നു വിളിക്കാൻതന്നെ മലരും മടിച്ചു. വിപ്ലവം, യുദ്ധം, മതം, തത്വചിന്ത, രാഷ്ട്രീയം, വ്യക്തി, സമൂഹം തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള സംവാദങ്ങളും കത്തുകളും ചർച്ചകളുമായി മുന്നോട്ട് നീങ്ങുന്ന നോവൽ അഭയാർത്ഥികളായി മാറുന്ന മാറുന്ന മനുഷ്യരുടെ നിത്യമായ പ്രശ്നങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. ഇതിൻറെ ഘടനാരീതി ഇന്നും മലയാളികളെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തെയും വിദ്യയെയും ജനാധിപത്യത്തെയും കുറിച്ചുള്ള തൻറെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ വീണ്ടും പുതിയൊരാഖ്യാനശൈലി കണ്ടെത്തുകയാണ് ‘വ്യാസനും വിഘ്നേശ്വരനും’ എന്ന നോവലിലൂടെ ആനന്ദ്. പുരാണങ്ങളിലോ ഉപപുരാണങ്ങളിലോ കണ്ടെത്താനാകാത്ത ‘നിഷാദപുരാണ’മെന്ന കൃതിയെ മുൻനിർത്തി നടത്തുന്ന ചില ചിന്തകളും വ്യാഖ്യാനങ്ങളുമാണ്, രണ്ടുഭാഗങ്ങളുള്ള നോവലിലെ ആദ്യഭാഗമായ ‘കൃതി‘യിൽ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. എന്താണ് സ്വാതന്ത്ര്യമെന്ന ചോദ്യത്തിൽനിന്ന് ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങളിലേക്ക് വളരുന്ന സംഭാഷണമാണ് ഈ നോവലിന്റെ കാതൽ. യുദ്ധസമയത്ത് ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവും ഏകലവ്യനും തമ്മിലാണ് ഈ സംഭാഷണം. ബ്രിട്ടീഷുകാരായ കച്ചവടക്കാരിൽനിന്ന് രക്ഷപ്പെടാനായി തള്ളവിരൽ മുറിക്കുന്ന നെയ്ത്തുകാരെയും ഗുരുശാപത്തിൽനിന്ന് രക്ഷനേടാൻ തള്ളവിരൽ ഛേദിച്ചുനൽകുന്ന ഏകലവ്യനെയും ബന്ധപ്പെടുത്തിയാണ് വിദ്യയും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തിന്റെ സൈദ്ധാന്തികവും ദാർശനികവുമായ മേഖലകളിലേക്ക് ചർച്ച വളരരുന്നത്. രണ്ടുപേരും സ്വാതന്ത്ര്യത്തിനുവേണ്ടി തങ്ങൾക്കറിയാവുന്ന വിദ്യയെ നഷ്ടപ്പെടുത്തുകയായിരുന്നു. ഒരുവൻ സ്വതന്ത്രനാവണമെങ്കിൽ അവൻ നേടിയ വിദ്യ ത്യജിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ പുതിയൊരു സംവാദസാദ്ധ്യത തുറന്നിടുകയാണ് നോവലിസ്റ്റ്. രണ്ടാം ഭാഗമായ ‘കാലം’ ഇന്ത്യൻ അവസ്ഥയെ മുൻനിർത്തി ജനാധിപത്യത്തെക്കുറിച്ചുള്ള വിശകലനങ്ങളാണ്. അംബപാലി എന്ന യുവതി, ജനാധിപത്യം അപകടത്തിലാണെന്ന് പറഞ്ഞതിൻറെ പേരിൽ നഗരവധുവാക്കപ്പെടുന്നു. ജനാധിപത്യവാദികളുടെ ഈ ശിക്ഷയെ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നു. ആനന്ദ് ഉന്നയിക്കുന്ന ചോദ്യമിതാണ്: ഭൂരിപക്ഷം പിന്തുണച്ചുവെന്നതുകൊണ്ട് ഒരു കാര്യം ജനാധിപത്യപരമാകുമോ? അങ്ങനെയെങ്കിൽ അത് ഫാസിസത്തിൽനിന്ന് വ്യത്യസ്തമല്ല. ഭാവിയെക്കുറിച്ച് പ്രവചനങ്ങൾ നടത്തുന്നൻ ഭ്രാന്തനായും തിരസ്കൃതനായും മുദ്രകുത്തപ്പെടുന്ന ജനാധിപത്യത്തിൻറെ സാഡിസം വർത്തമാനകാലത്തിൽ എത്രമാത്രം ശക്തമായിരിക്കുന്നുവെന്നറി യുമ്പൊഴാണ് ഈ നോവലിന്റെ കരുത്തും ദീർഘവീക്ഷണവും നാമറിയുന്നത്. 

ജൈവപ്രകൃതി, നവനാഗരികത, പലായനം, സ്വാതന്ത്ര്യം എന്നിവയെ മാറിയ കാലത്തിന്റെ പശ്ചാത്തലത്തിൽ പുനരന്വേഷണത്തിന് വിധേമാക്കുകയാണ് ‘അപഹരിക്കപ്പെട്ട ദെവ’ങ്ങളിൽ ആനന്ദ്. ഒന്നിനും തെളിവില്ലാതാകുന്ന, എല്ലാം യുക്തിരഹിതമാകുന്ന, ജീവിതംതന്നെ നിരർത്ഥകതയിൽതിന്ന് നിരർത്ഥകതയിലേക്കുള്ള യാത്രയായി മാറുന്ന മനുഷ്യാവസ്ഥയുടെ കഥയാണ് ‘മരണസർട്ടിഫിക്കറ്റി‘ൽ തെളിയുന്നത്. പരിണാമത്തിന്റെ ഭൂതങ്ങൾ, ഉത്തരായനം, ദ്വീപുകളും തീരങ്ങളും, വിഭജനങ്ങൾ, സംഹാരത്തിന്റെ പുസ്തകം തുടങ്ങിയ നോവലുകളിലും ആനന്ദ് അവതരിപ്പിക്കുന്നത് വേറിട്ട വഴികളിലൂടെ സമാനമായ വിഷയങ്ങളുടെ വ്യത്യസ്തമായ പാഠഭേദങ്ങളാണ്. കഥയിലും ആനന്ദിൻറെ വഴികൾ ആനന്ദിൻറേതുമാത്രമായിരുന്നു. അത് കഥയുടെ വ്യവസ്ഥാപിത രീതികളെ പാടേ നിരാകരിച്ചു. പകരം മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഉന്നതമായ താത്വിക സംവാദങ്ങളും ആശയചർച്ചകളുമായി. അവ വായനക്കാരെ ചവിട്ടിയകറ്റിയും വലിച്ചടുപ്പിച്ചും നിർമമരാക്കിയും താർക്കിക സൗന്ദര്യത്തിൻറെയും അശാന്തിയുടെയും ഞെട്ടലുകളുടെയും പുതിയ ഭൂപടങ്ങൾ നിർമ്മിച്ചു. കഥയിലും നോവലിലും ആനന്ദിൻറെ സഞ്ചാരവഴി ഒന്നുതന്നെയായികരുന്നു. അവ എപ്പോഴും നീതിക്ക് വേണ്ടി നിലവിളിച്ചുകൊണ്ടുരുന്നു, ഒരിക്കലും ലഭ്യമാകില്ലെന്നറിഞ്ഞിട്ടും. സ്വസ്ഥത മരണമാണ്. സ്വാസ്ഥ്യമില്ലാത്ത സന്ദേഹങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം സൃഷ്ടിക്കുമ്പോഴാണ് കൃതി എഴുത്തുകാരനെ അപ്രസക്തമാക്കി ഭാവിയിലേക്ക് വളരുന്നത്. അർത്ഥവത്തായ സംവാദങ്ങളിലൂടെ അത്തരം കൃതികൾ കാലത്തിൻറെ പരിമിതികളെ ലംഘിക്കുന്നു. ആൾക്കൂട്ടത്തിന്റെ അഭിരുചികളിൽ രമിക്കാൻ ഇഷ്ടപ്പെടാതെ കഠിനയാഥാർത്ഥ്യങ്ങളുടെ ഉഷ്ണരഥ്യകളിലൂടെ മനസിനെ നയിക്കുന്ന ആനന്ദിന് എഴുത്ത് എപ്പോഴും ചിന്തയുടെ സ്വാതന്ത്ര്യമാണ്. നമ്മുടെ കാലത്തിലെ പിഴച്ചുപോയ മൂല്യബോധത്തോടും അപമാനവീകരണത്തോടും സന്ധിയില്ലാതെ പ്രതിവചിക്കുന്ന ആനന്ദിന്റെ ബൗദ്ധിക ഇടപെടലുകൾ മലയാളിയുടെ അലസമനസിനെ എപ്പോഴും ജാഗ്രതയിലേക്ക് ഉണർത്തുന്നു. ആനന്ദിന്റെ ലേഖനങ്ങളുടെ സമാഹാരങ്ങളായ കണ്ണാടിലോകം, ജൈവമനമുഷ്യൻ, ചരിത്രപാഠങ്ങൾ, വേട്ടക്കാരനും വിരുന്നുകാരനും എന്നിവ നിരീക്ഷണങ്ങളുടെ മൗലികതകൊണ്ടും യുക്തിയുടെ കർക്കശവിചാരങ്ങൾകൊണ്ടും ചരിത്രപരതകൊണ്ടും വേറിട്ടുനിൽക്കുന്നു. 

വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും അറുത്തുകളഞ്ഞ്, പ്രചാരണത്തിന്റെ കൗശലങ്ങളാൽ മനുഷ്യമനസിനെ പാകപ്പെടുത്തി, തങ്ങൾക്കനുകൂലമായി ഇരകളെ വാർത്തെടുക്കുന്നതിൽ ജനാധിപത്യസർക്കാരുകളും ഫാസിസ്റ്റുസർക്കാരുകളും തമ്മിൽ വ്യത്യാസമില്ലന്ന് ‘ജൈവമനുഷ്യ’നിലൂടെ ആനന്ദ് ബോധ്യപ്പെടുത്തുന്നുണ്ട്. ശാസ്ത്രം, യുക്തി, സാങ്കേതികവിദ്യ, യുദ്ധം, ചരിത്രം, രാഷ്ട്രതന്ത്രം എന്നിവയെല്ലാം ഇവിടെ ചർച്ചാവിഷയമാകുന്നു. എന്നാൽ എല്ലാറ്റിന്റെയും അടിത്തട്ടിൽ മനുഷ്യൻ എന്ന ജൈവസങ്കൽപ്പം കുടികൊള്ളുന്നു. മനുഷ്യന്റെ പ്രവർത്തികളുടെയും അവ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെയും വിശാലമായ ഒരു ലോകത്തേയ്ക്ക് വായനക്കാരെ തുറന്നുവിടുകയാണ് ജൈവമനുഷ്യനിലൂടെ ആനന്ദ്. അവ സൃഷ്ടിക്കുന്ന മുഴക്കങ്ങൾ പെട്ടന്നൊന്നും നിശബ്ദമാകില്ല. മതതീവ്രവാദത്തെയും അതുയർത്തുന്ന അപകടങ്ങളെയും സംബന്ധിച്ചുള്ള അന്വേഷണങ്ങളും നിലപാടുകളും അവതരിപ്പിക്കുന്ന ‘ഇരയും വേട്ടക്കാരനും’ എന്ന കൃതിയും നമ്മുടെ സ്വസ്ഥനിദ്രയ്ക്ക് മേൽ അലിവില്ലാത്ത പ്രഹരമാണേൽപ്പിക്കുന്നത്. ‘പ്രകൃതി പരിസ്ഥിതി ദാരിദ്ര്യം ജലം ഊർജ്ജം’ എന്ന കൃതി പേര് സൂചിപ്പിക്കുംപോലെ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും അവയുടെ ഉപയോഗത്തെയും മുൻനിർത്തി എങ്ങനെയാണ് വരും കാലങ്ങളിൽ അതിജീവനത്തിന്റെ സാധ്യതകളിലേക്ക് മനുഷ്യൻ ചെന്നെത്താൻ പോകുന്നതെന്ന് വിശദീകരിക്കുകയാണ്. കാര്യങ്ങളെ നാമെത്ര അലസതയോടെയാണ് കാണുന്നതെന്ന ഓർപ്പെടുത്തൽ കൂടിയാണ് ഈ കൃതി. ”പടയോട്ടങ്ങളും മതസ്ഥാപനങ്ങളും വിപ്ലവങ്ങളും മാത്രമല്ല ചരിത്രം. ഇത്തരം വൻസംരംഭങ്ങൾ ഏൽപ്പിക്കുന്ന പീഡനങ്ങളുടെയും മരണത്തിന്റെയും അടിമത്തത്തിന്റെയും കയ്പുനീർ കുടിക്കലിന്റെയും അനുഭവങ്ങൾ കൂടിയാണ്. അനുഭവങ്ങൾ പലപ്പോഴും വിസ്മരിക്കപ്പെടുന്നു.” സന്ദർഭങ്ങൾ സന്ദേഹങ്ങൾ എന്ന കൃതിയിൽ ആനന്ദ് എഴുതുന്നു. വ്യക്തിപരമായ അനുഭവങ്ങളുടെ തീക്ഷ്ണരഥ്യകളിലൂടെയുള്ള ആനന്ദിന്റെ സഞ്ചാരമാണ് ഈ കൃതി. 

ആൾക്കൂട്ടത്തിൻറെ കഥയെഴുതിയ ആനന്ദ് പക്ഷേ, ആൾക്കൂട്ടത്തിന്റെ അഭിരുചികളെ തെല്ലും മാനിച്ചില്ല. തന്റെ കൃതികൾ എങ്ങനെ സ്വീകരിക്കപ്പെടുമെന്നതിനെക്കുറിച്ച് ഈ എഴുത്തുകാരന് തെല്ലും ആശങ്കയില്ലായിരുന്നു. എഴുത്തും വായനയും ആനന്ദിന് നേരമ്പോക്കിനുള്ള ഉപാധികളല്ലായിരുന്നു. അവ ധൈഷണിക സംവാദത്തിന്റെ ഇടങ്ങളായിരുന്നു. ലളിതമായ സമവാക്യങ്ങൾകൊണ്ട് നിർധാരണം ചെയ്യാവുന്ന സമസ്യകളായിരുന്നില്ല അവ. ഏതുനേരവും പൊട്ടിവീഴാവുന്ന മൂർച്ചയേറിയ കൂർത്ത വാളിനു കീഴെ ഏറ്റവും സുരക്ഷിതമായ ഇടത്തിലാണ് താനെന്ന മിഥ്യാധാരണയുനായി കഴിയുന്ന മനുഷ്യനെ മുകളിലേക്ക് നോക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ആനന്ദ്. രക്ഷപ്പെടാൻ ശ്രമിക്കുകയും എന്നാൽ ഒരിക്കലും തനിക്കിവിടെ നിന്ന് രക്ഷപ്പെടാൻ കഴിയുകയില്ലെന്ന് ഒരാന്തലോടെ തിരിച്ചറിയുകയും ചെയ്യുന്ന മനുഷ്യരുടെ സന്ത്രാസവും നിലവിളിയും പിടച്ചിലും നമ്മെ അനുഭവിപ്പിക്കുയാണ് ഓരോ കൃതിയിലൂടെയും ആനന്ദ്.
മലയാളിയുടെ എഴുത്തുഭാഷയെയും ഭാവനയെയും ആഖ്യാനത്തെയും കീഴ്മേൽ മറിച്ചുകൊണ്ട് ആനന്ദ് തന്റേതായ വഴി കണ്ടെത്തി. അതിലൂടെ നടന്നവർ പലരും മടുത്തും ഭയന്നും പാതിവഴിയിൽ വച്ചോ, ചിലർ തുടക്കത്തിൽതന്നെയോ പിന്തിരിഞ്ഞോടി. എന്നാൽ അവയെ ഒരു വെല്ലുവിളിപോലെ കീഴടക്കിയവർ മലയാളത്തിലെ എക്കാലത്തെയും മികച്ച സാഹിത്യാനുഭവങ്ങളാണ് ആനന്ദിന്റെ കൃതികളെന്ന് മനസിലാക്കി. അവയേൽപ്പിച്ച ആഘാതത്തിൽനിന്നും ഇനിയും മുക്തരാകാത്തവർ എത്രയോ ആണ്. ആനന്ദിന്റെ ഒരു പുസ്തകവും അവസാനം കുറിക്കുന്നില്ല. അവ നമ്മുടെ മൗനത്തെ വിചാരണ ചെയ്യുന്നു. വായന നിസാരമായ ഒരു പ്രക്രിയ അല്ലെന്ന് ആനന്ദ് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു നല്ല കൃതിയുടെ വായന എഴുത്തുപോലെ ശ്രമകരമായ ഒരു സർഗപ്രക്രിയയാണ്. അതുകൊണ്ടു തന്നെ അലസവായനക്കാരുടെ വിലാപങ്ങൾ ആനന്ദ് ഒരു കാലത്തും ശ്രദ്ധിച്ചതേയില്ല. അവർക്കുവേണ്ടിയല്ല താനെഴുതുന്നതെന്ന് അദ്ദേഹത്തിന് നന്നായറിയാമായിരുന്നു. അങ്ങനെ ആനന്ദ് അദ്ദേഹത്തിന്റേത് മാത്രമായ ഒരു വായനാസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയായിരുന്നു. വർത്തമാനകാലത്തിന്റെ വ്യാഖാനങ്ങളെന്നതിനെക്കാൾ വരുംകാലത്തെക്കുറിച്ചുള്ള പേടികളാണ് ആനന്ദിനെ വായിക്കുമ്പോൾ നമ്മെ ഗ്രസിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.