
നടിയെ ആക്രമിച്ച കേസിൽ സർക്കാരിന്റെ അപ്പീൽ തീരുമാനത്തെ പരിഹസിച്ച യു ഡി എഫ് കൺവീനർ അടൂർ പ്രകാശിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സർക്കാർ അതിജീവിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ, അതിനെ തുരങ്കം വെക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്.
കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഇതിനെതിരെ “സർക്കാരിന് വേറെ പണിയില്ലേ” എന്ന് ചോദിക്കുന്നതിലൂടെ യു ഡി എഫ് കൺവീനർ ആർക്കൊപ്പമാണ് നിൽക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. നീതി തേടിയുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തെ ‘പണിയില്ലായ്മ’യായി കാണുന്ന മനോഭാവം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. ഈ വെളിപ്പെടുത്തലിലൂടെ യു ഡി എഫ് അതിജീവിതയ്ക്കൊപ്പമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. ഇരയ്ക്കൊപ്പം നിൽക്കുന്നു എന്ന് പറയുകയും രഹസ്യമായി വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന യുഡിഎഫിന്റെ ഇരട്ടത്താപ്പാണ് ഇവിടെ പുറത്തുവന്നത്.
നടിയെ ആക്രമിച്ച കേസിൽ കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാനും ഇരയ്ക്ക് നീതി ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ഈ നിയമപോരാട്ടത്തെ ലഘൂകരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളെയുമാണ് യു ഡി എഫും കൺവീനറും അപമാനിച്ചിരിക്കുന്നത്. സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലരാകുന്നവരുടെ തനിനിറമാണ് അടൂർ പ്രകാശിന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. സ്ത്രീവിരുദ്ധമായ ഈ പ്രസ്താവന പിൻവലിച്ച് കേരളത്തിലെ പൊതുസമൂഹത്തോട്, പ്രത്യേകിച്ച് സ്ത്രീകളോട് മാപ്പ് പറയാൻ യു ഡി എഫ് നേതൃത്വം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.