ഒരു മാരി സെൽവരാജ് ചിത്രം. മാമന്നന് ടിക്കറ്റെടുക്കാൻ ഇതു തന്നെ മതി കാരണം. 2022 മാർച്ചിലാണ് സിനിമ പ്രഖ്യാപിച്ചത്. ഒരു വർഷത്തിനിപ്പുറം ചിത്രം റിലീസ് ചെയ്യുമ്പോൾ പ്രേക്ഷകർക്ക് കാത്തിരിപ്പിന്റെ ചൂട് ലേശം പോലും കുറഞ്ഞിട്ടില്ല. വിഭവ സമൃദ്ധമായ ദൃശ്യവിരുന്നാണ് ആ കാത്തിരിപ്പിന്റെ ഫലം എന്ന് നിസംശയം പറയാം.
മാമന്നൻ എന്ന ചിത്രത്തെ ഉറ്റുനോക്കാൻ കാണികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ പലതാണ്. വടിവേലു, ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു എന്നതാണ് സിനിമയുടെ മുഖ്യ ആകർഷണം. ചിത്രത്തിന്റെ സമ്പന്നമായ അണിയറപ്രവർത്തകരാണ് മറ്റൊരു കാരണം.
പരിയേരും പെരുമാളും കർണ്ണനും മാരി സെൽവരാജിന്റെ മുൻ സിനിമാസൃഷ്ടികളാണ്. ഏറെ കലാമൂല്യമുള്ളതും സാമൂഹികപ്രസക്തിയുള്ളതുമായ വിഷയങ്ങളാണ് രണ്ട് ചിത്രങ്ങളും കൈകാര്യം ചെയ്തിട്ടുള്ളത്. ഇരു സിനിമകളും വേറിട്ട ട്രീറ്റ്മെന്റ് കൊണ്ട് ശ്രദ്ധയാകർഷിച്ചവയാണ്. കാണികളെ റിയലിസ്റ്റിക് പാറ്റേണിൽ ആകാംഷയോടെ പിടിച്ചിരുത്തുന്നതിലുള്ള ഫിലിംമേക്കറുടെ ക്രാഫ്റ്റ് ഇവയിൽ നിന്ന് നിരീക്ഷിക്കാം.
മൂന്നാമത്തെ ചിത്രത്തിലെത്തുമ്പോഴും മാരി എന്ന പ്രതിഭ തന്റെ മുഖമുദ്ര കാത്തുസൂക്ഷിക്കുന്നുണ്ട്. റോ ആയി സഞ്ചരിച്ച് പ്രേക്ഷകമനസിൽ ചിന്തയ്ക്ക് വകവച്ചുകൊണ്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്. കാണികളുടെ മനസിൽ പല രംഗങ്ങളും തളംകെട്ടിനിൽക്കും. അവരെ അത് പിൻതുടർന്ന് വേട്ടയാടും. അതാണ് ഈ സംവിധായകന്റെ കയ്യൊപ്പായി മാറുന്നത്.
ടൈറ്റിൽ സീനിൽ തന്നെ പ്രധാനപ്പെട്ട കഥാപാത്രങ്ങളുടെ ഏകദേശരൂപം വരച്ചുകാട്ടുന്നു. ഒരേ പാതയിലൂടെ രണ്ട് വ്യത്യസ്തങ്ങളായ ദിശകളിലേക്ക് സഞ്ചരിക്കുന്ന ആന്റഗോണിസ്റ്റും പ്രൊട്ടഗോണിസ്റ്റും. അവർ സംഗമിക്കുന്നത് പ്രവചനങ്ങൾക്ക് അതീതമായ ഇടങ്ങളിലാണ്. രണ്ട് ശക്തികൾക്കുമിടയിലുള്ള നന്മ തിന്മകൾക്ക് പുതിയൊരു മാനദണ്ഡമാണ് ചിത്രത്തിൽ കൽപ്പിക്കപ്പെടുന്നത്. ത്രില്ലർ സിനിമകളിലെ സ്ഥിരം ഫോർമുലയിൽ നിന്നും വിഭിന്നമായിട്ടാണ് റൂട്ട് ഡ്രാഫ്റ്റ് ചെയ്തിട്ടുള്ളത്.
മാമന്നൻ അഥവാ മണ്ണ് തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ നിലവിൽ എംഎൽഎയാണ്. അദ്ദേഹത്തിന്റെ മകനായ അതിവീരനാകട്ടെ ചെയ്യുന്ന തൊഴിലിനെ ലാളിക്കുന്നവനും. പന്നിവളർത്തലിനൊപ്പം അടിമുറയും പരിശീലിപ്പിച്ചുവരുന്ന വീരൻ അഭിമാനിയാണ്. പന്നികളുടെ ഇടയിൽപ്പെട്ടവൻ എന്ന നാട്ടുകാരുടെ തോന്നലിനെ പിതാവ് വകവയ്ക്കുന്നില്ല. മാത്രവുമല്ല മകനുമായി നീണ്ട കാലത്തെ അകൽച്ചയും ഇരുവർക്കുമിടയിലുണ്ട്.
അധികാരം കയ്യിലുണ്ടെങ്കിലും രത്നവേലുവിന്റെ നിയന്ത്രണത്തിലാണ് മാമന്നന്റെ രാഷ്ട്രീയ ജീവിതം.
പതിറ്റാണ്ടുകളായി തുടർന്നുവന്ന രീതി അയാളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. തലമുറകളായി തുടർന്നുവന്ന മാടമ്പിത്തത്തെ പുതുതലമുറയിലെ രത്നവേലു ഒരു കോട്ടവും തട്ടാതെ പരിപാലിച്ച് വരികയാണ്.
മാമണ്ണനെ കീഴാളനായി പ്രതിഷ്ഠിച്ച രത്നവേലുവിന്റെ പ്രവൃത്തി ഒരിക്കൽ അതിവീരൻ കാണാൻ ഇടയാകുന്നു. പിതാവിനു നേരെ വീരൻ തെളിച്ചമുള്ള കണ്ണാടി ഉയർത്തിപ്പിടിക്കുന്നു. അതിലെ പ്രതിബിംബം കാണുമ്പോൾ മാമന്നനുണ്ടാകുന്ന തിരിച്ചറിവ് അയാളുടെ ചിന്തകളിൽ മാറ്റങ്ങളുണ്ടാക്കി.
തഴമ്പിച്ച രീതികളിൽ നിന്ന് മോചിതനായ മാമന്നൻ. യുക്തിക്കു വിരുദ്ധമായ അനീതികളെ ചോദ്യം ചെയ്യുന്ന മകനായ അതിവീരൻ. ഈ രണ്ട് ശക്തികളെയും പിടിച്ചുകെട്ടാനുള്ള രത്നവേലിന്റെ പരാക്രമങ്ങളാണ് ചിത്രത്തിന്റെ ഗതി മാറ്റി മറിക്കുന്നത്. എന്തിനും പോന്ന സ്വഭാവക്കാരനായ എതിരാളിയെ ശക്തിക്കപ്പുറമുള്ള പോരിനായി മാമണ്ണൻ വെല്ലുവിളിക്കുന്നു. ഇന്ന് ഭാരതത്തിൽ ഏറ്റവും മൂല്യമുള്ള നാണയമായ പൗരൻമാരുടെ വോട്ടിനെ കൈക്കലാക്കുക എന്ന ഉദ്ദേശം ഇരുവർക്കും മുന്നിൽ ചോദ്യചിഹ്നമായി മാറുന്നു.
അതിവീരന്റെയും പിതാവിന്റെയും ഭൂതകാലം അവരുടെ ജീവിതത്തിലെ ഇരുണ്ട അദ്ധ്യായമാണ്. മൺമറഞ്ഞെന്ന് കരുതുന്ന പല ഓർമ്മകളും അവരോടൊപ്പം സഞ്ചരിക്കുന്നുണ്ട്. ദുർഘടങ്ങൾ നിറഞ്ഞ നീണ്ട പാത താണ്ടിയെത്തിയ ഇരുവരും ഇനിയും ജീവിതത്തിനു മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറല്ല.
സാമുദായികപരമായ രാഷ്ട്രീയ പിന്തുണ ഒരു മറയായി രത്നവേൽ ഉപയോഗിക്കുന്നുണ്ട്. വിവേചനത്തിന്റെ വിത്തുകൾ പാകിയിട്ട് വ്യക്തിപരമായ താൽപര്യങ്ങൾ അയാൾ അവസരത്തിനൊത്ത് നേടിയെടുക്കുന്നു. ചെയ്തികളെ ചോദ്യം ചെയ്യാൻ പോന്ന യുവതയുടെ ശബ്ദങ്ങളെ അയാൾ തഞ്ചത്തിൽ വേരോടെ പിഴുതെറിയാൻ പഠിച്ചിട്ടുണ്ട്. പാർട്ടിനയങ്ങൾക്കും ഭരണത്തിനുമിടയിൽ മറയിട്ട് രത്നവേൽ പ്രകടിപ്പിക്കുന്ന ഏകാധിപത്യ മനോഭാവം അയാളുടെ സംഭാഷണങ്ങൾക്കിടയിലൂടെ വായിച്ചെടുക്കാം.
പ്രകടനങ്ങൾക്കൊണ്ട് മുൻപന്തിയിൽ നിൽക്കുന്ന സിനിമയാണ് മാമന്നൻ. ഒന്നിനൊന്ന് മികച്ചതായി നിൽക്കുന്ന തരത്തിലാണ് ഓരോ അഭിനേതാവും തങ്ങളുടെ ദൗത്യങ്ങൾ നിറവേറ്റിയിട്ടുള്ളത്. വടിവേലു എന്ന പകരംവയ്ക്കാനാവാത്ത കലാപ്രതിഭയുടെ വേറിട്ട മാനറിസമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. രചിച്ച കഥാപാത്രത്തിനപ്പുറത്തുള്ള ഔട്ട്പുട്ടാണ് അദ്ദേഹം നൽകിയിട്ടുള്ളത് എന്നതിൽ സംശയമില്ല. മാമന്നൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ വടിവേലു അത്രമേൽ കൃത്യതയോടെയാണ് വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഒരോ മുഹൂർത്തങ്ങളിലും പുരോഗമിക്കുന്ന കഥാപാത്രമായതിനാൽ മാമന്നന് സൂക്ഷ്മമായ വികാരങ്ങളുടെ കോർത്തിണക്കൽ ആവശ്യമാണ്. ക്യാരക്ടർ ഡിമാന്റ് എത്രത്തോളമാണോ അതിനെ വടിവേലു നിശ്ചിത മീറ്ററിൽ അളന്ന് അഭിനയിച്ചിട്ടുണ്ട്.
ഉദയനിധി സ്റ്റാലിനാണ് മാമന്നന്റെ മകനായ അതിവീരൻ എന്ന കഥാപാത്രമായി എത്തുന്നത്. വടിവേലുവിന്റെ കഥാപാത്രത്തോട് ഏറെ ഇഴുകിച്ചേരേണ്ട റോളാണ് ഇത്. അതേസമയം അച്ഛനും മകനുമായുള്ള അകൽച്ച സട്ടിലായി കാണിക്കുകയും വേണം. ചുരുക്കംപറഞ്ഞാൽ ഇതിനു രണ്ടിനുമിടയിലെ സമാന്തരരേഖയിലൂടെ സഞ്ചരിക്കുന്ന ഒരു കഥാപാത്രമാണ് വീരൻ. ഉദയനിധിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി ഇതിനെ നോക്കിക്കാണാം. തുടർന്നുവന്ന ആക്ടിങ് പാറ്റേണിൽ നിന്നും പൂർണമായും അഴിച്ചുപണിനടത്തിക്കൊണ്ടുള്ള ഭാവാഭിനയമാണ് ഉദയനിധി കാഴ്ചവെച്ചിട്ടുള്ളത്.
മാമന്നനിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്നവേൽ എന്ന കഥാപാത്രമാകും പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പതിഞ്ഞ് കിടക്കുക. സിനിമ കാണുമ്പോഴോ അതിന് ശേഷമോ കാണികൾക്ക് അതിലെ വില്ലൻ കഥാപാത്രത്തോട് അമർഷം തോന്നുന്നുണ്ടെങ്കിൽ ഉറപ്പിക്കാം താരം വില്ലനാണെന്ന്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനം ഏവരേയും പിടിച്ചിരുത്തുന്ന ഒന്നാണ്. രക്തത്തിൽ അഭിനയത്തിന്റെ ജീനുകൾ അലിഞ്ഞുചേർന്നിട്ടുള്ള മലയാളസിനിമയുടെ മികച്ച സമ്പത്താണ് ഫഹദ്. രൂപപരിണാമങ്ങൾ ഒന്നുമില്ലാതെ തന്നെ നീണ്ടകാലം പല കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതിലെ സിദ്ധി ഇന്നത്തെ യുവനടന്മാരിൽ മറ്റാർക്കും നിലവിൽ സാധിക്കില്ലെന്നു തന്നെ പറയാം. രത്നവേലിന്റെ സ്വഭാവസവിശേഷതകളെ വളരെ ആഴത്തിൽ നിന്ന് ഫഹദ് വീക്ഷിച്ചിട്ടുണ്ടെന്നത് തീർച്ച.
പ്രകടനത്തിലെ കയ്യടികൾ മുൻനിര നായകൻമാർ ഏറ്റുവാങ്ങുമ്പോൾ അതിനോടൊപ്പം കിടപിടിക്കുകയാണ് കീർത്തി സുരേഷും. ലീല എന്ന യുവതിയെ കീർത്തിയുടെ സ്ക്രീൻ പ്രസൻസ് കൊണ്ട് മികച്ചതാക്കി. ഗീതാ കൈലാസം, രവീണാ രവി എന്നിവർ ദ്വന്ദ്വവശങ്ങളിലെ സ്ത്രീ ശബ്ദങ്ങൾ മികവുറ്റതാക്കിയിട്ടുണ്ട്. ചിത്രത്തിൽ ലാൽ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വേഷമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. സ്ക്രീൻ ടൈമിൽ ലാലിന്റെ സാന്നിധ്യം ഗാംഭീര്യമുള്ളതായി ശ്രദ്ധിക്കപ്പെടുന്നുണ്ട്.
മാരി സെൽവരാജിന്റെ ക്രാഫറ്റ് തിരക്കഥയുടെ ഔട്ട് ലൈൻ ഡ്രാഫ്റ്റിൽത്തന്നെ വ്യക്തമാണ്. കഥയെ എങ്ങനെ ചിട്ടപ്പെടുത്തണം. തുടർന്ന് കൊണ്ടുപോകുന്ന രീതി. കലാമൂല്യമുള്ളതാക്കൽ. അതേസമയം എൻറർടൈൻമെന്റ് ലെവലിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാവാതിരിക്കുക. ഇങ്ങനെയുള്ള വേറിട്ട പ്രമാണസൂത്രങ്ങളിലൂടെയാണ് മാരി എഴുത്തിന്റെ വഴിയിൽ സഞ്ചരിച്ചിട്ടുള്ളത്. പലരും പറയാൻ മടിക്കുന്ന കാര്യങ്ങളെ അതിനെ പ്രധാന്യം നഷ്ടപ്പെടുത്താത്ത സർക്കാസ്റ്റിക്ക് സെൻസിൽ കൊണ്ടുപോയിരിക്കുന്നു.
എക്സിക്യൂഷൻ രംഗത്തും മാരിയുടെ നൈപുണ്യം പ്രത്യേകമായ അഭിനന്ദനത്തിന് അർഹമാണ്. സംവിധായകന്റെ കണ്ണിലൂടെ സിനിമ വെട്ടിത്തുറന്ന വഴി പ്രേക്ഷകരിലേക്ക് ഫലപ്രദമായി എത്തിച്ചുനൽകിയിട്ടുണ്ട്.
രചനയിൽ സസൂക്ഷ്മം നട്ടുപിടിപ്പിച്ച പല സന്ദർഭങ്ങളും കാണാം. മാരിയുടെ എഴുത്തിന്റെ ശക്തി ഓരോ തവണയും കഥയുടെ ഒഴുക്കിനെ പുഷ്ടിപ്പെടുത്തുന്നു. കഥ സ്ഥാപിച്ച ഭൂമികയും ഏറെ അനുയോജ്യമായിടത്താണ്. സംഭാഷങ്ങൾ ആഴത്തിൽ പതിഞ്ഞ് കേൾക്കുന്നവയാണ്.
തേനി ഈശ്വറിന്റെ ചായാഗ്രഹണം തിരക്കഥയുടെ നാനാവശങ്ങളെ മുറുകെപ്പിടിക്കുന്നുണ്ട്. സെൽവ ആർ കെയുടെ എഡിറ്റിങ് മാരിയുടെ ഭാവനയെ തളർത്താതെ കൈകാര്യം ചെയ്തിട്ടുണ്ട്. എ ആർ റഹ്മാന്റെ സംഗീതം എളിമയോടെ ചിട്ടപ്പെടുത്തിയ ഒന്നാണ്.
മനുഷ്യ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ചില ചിന്തകളാണ് എപ്പോഴും മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അവകാശങ്ങൾ ഔദാര്യമല്ല. മറിച്ച് അർഹതയാണ്. അത് കിട്ടാത്ത പക്ഷം പിടിച്ച് തന്നെ വാങ്ങണം. എല്ലാ ജീവജാലങ്ങളും കാലൂന്നി നിൽക്കുന്നത് ഒരേ മണ്ണിലാണ്. അവിടെ ആരും ആർക്കും മീതെയല്ല നിലകൊള്ളുന്നത്. മാമന്നൻ ചർച്ചചെയ്യുന്ന രാഷ്ട്രീയം അതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.