മതമില്ലാത്ത നാടുണ്ടോ എന്ന് സംശയമാണ്. മതം എന്ന വാക്കിനെ രണ്ട് രീതിയിൽ കാണേണ്ടതുണ്ട്. ഒന്നാമത് പൊതു വാക്യാർത്ഥത്തിൽ, അഭിപ്രായം എന്ന് പരാവർത്തനം ചെയ്യാം. പൊതുവ്യവഹാരത്തിൽ അതിനെ വിശ്വാസവുമായി ബന്ധപ്പെടുത്തി ഒരു പ്രത്യേക ചിന്താ-ആചാര ശൈലീ സമൂഹത്തെ പ്രതിനിധീകരിക്കുന്ന പദമായും കാണാവുന്നതാണ്. ഒരേ സമയത്ത് അതൊരഭിപ്രായമാണ്, അതേ സമയം ഒരു ചിന്താ-ആചാര ധാരയുമാണ്. ഇവിടെ അഭിപ്രായം ഒരു വിശ്വാസത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് രൂപീകരിക്കപ്പെടുന്നു. വിശ്വാസം ഭൗതികത്തിനുപരിയായ ഒരു ശക്തിയെ ആധാരമാക്കി ഉള്ളതാകാം അല്ലാതെയുമാകാം. ബുദ്ധചിന്ത പോലുള്ള മതങ്ങളിൽ ദൈവം അഥവാ അദൃശ്യശക്തിയിലുള്ള വിശ്വാസത്തിന് സ്ഥാനമില്ല. എന്നാൽ ലോകത്തിൽ അറിയപ്പെടുന്ന പ്രധാന മതങ്ങളിലെല്ലാം ഒന്നോ അതിലധികമോ അദൃശ്യ ശക്തിയിലുള്ള വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് മതധാരണകൾ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ഈ ലോകം, മനുഷ്യർ, ജീവിത സാഹചര്യങ്ങൾ, ഈ സാഹചര്യങ്ങളിൽ അനുവർത്തിക്കേണ്ട ജീവിത ശൈലി, ബന്ധങ്ങളുടെ സ്വഭാവം, വിവിധ ഭാവങ്ങൾ തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ട ഒരു വിധം എല്ലാ കാര്യങ്ങളോടൊപ്പവും മതങ്ങൾക്ക് നിർദേശങ്ങളുണ്ടാകും. അതോടൊപ്പം തങ്ങളുടെ വിശ്വാസത്തിന്റെ ആധാരമായിരിക്കുന്ന അദൃശ്യ ശക്തിയെക്കുറിച്ചു ധാരണ സൃഷ്ടിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നു മതങ്ങൾ. മുൻപറഞ്ഞ ജീവിത സാഹചര്യങ്ങളെയും അവയുടെ ഭാവങ്ങളെയും അദൃശ്യശക്തിയെക്കുറിച്ചുള്ള ധാരണകളുടെയും അഭിപ്രായങ്ങളുടെയും അടിത്തറയിലായിരിക്കും നിർണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത്.
ക്രൈസ്തവർ ദൈവം സ്നേഹമാണ് എന്ന് വിശ്വസിക്കുകയും മറ്റേതുമായിട്ടുള്ള മനുഷ്യന്റെ ബന്ധങ്ങളെ ഈ സ്നേഹത്തിന്റെ അടിത്തറയിലാണ് കെട്ടിപ്പടുക്കേണ്ടത് എന്ന് നിർണയിക്കുകയും ചെയ്യുന്നു. എന്നാൽ അതേ വിശ്വാസസമൂഹം തന്നെ വിശുദ്ധ ഗ്രന്ഥമായി സ്വീകരിക്കുന്ന പഴയനിയമത്തിൽ ദൈവം എന്ന അദൃശ്യശക്തി ശത്രുക്കളെ ഇല്ലാതാക്കാൻ നിർദേശിക്കുകയും സഹായിക്കുകയും ചെയ്യുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ പുതിയ നിയമ ഗ്രന്ഥങ്ങളിലും തെറ്റു ചെയ്യുന്നവർ ‘പുറത്തെ അന്ധകാരത്തി‘ലേക്ക് തള്ളപ്പെടും എന്ന പ്രതികാര ഭാവവും പ്രകാശിപ്പിക്കുന്നുണ്ട്. ഇതൊക്കെ തങ്ങൾ വിശ്വസിക്കുന്ന ദൈവമോ ദൈവത്തിന്റെ പ്രതിനിധികളോ അറിയിച്ചതായിട്ടാണ് സാക്ഷ്യം. സമാനമായ ചിന്തകളും വിശദീകരണങ്ങളും ഇതര മതങ്ങളിലും കാണും. ചിലർ ഇതിനെ ചോദ്യങ്ങൾ കൂടാതെ അംഗീകരിക്കുമ്പോൾ ചിലർ, ഒരു ദൈവത്തിന് ഇപ്രകാരം രണ്ട് സ്വഭാവങ്ങളുണ്ടാകാമോ എന്ന സ്വാഭാവിക ചോദ്യം ഉന്നയിക്കുന്നു. ഈ വേദഭാഗങ്ങളുടെ ശാസ്ത്രീയ പഠനം നടത്തുന്നവർ ഇതും ഇതുപോലുള്ള വേദഭാവങ്ങളും മനുഷ്യന്റെ കാഴ്ചപ്പാടിൽ നിന്നുണ്ടായതാണ് എന്നും ദൈവത്തിന് ഇതിൽ ഒരു പങ്കാളിത്തവും ഇല്ല എന്നും ധാരണയിൽ എത്തുന്നു. അവിടെയാണ് ഈ രേഖകളുടെ ചരിത്രപരമായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നത്. ഇവിടെ കാണുന്ന പല കാര്യങ്ങളും അതതുകാലത്ത് നിലനിന്ന ദൈവബോധത്താൽ സൃഷ്ടിക്കപ്പെട്ടതും അതുകൊണ്ടുതന്നെ ശാസ്ത്രീയ നിരീക്ഷണത്തിന് വഴങ്ങാത്തതുമാണ്.
ക്രൈസ്തവർ പഴയ നിയമം എന്നും ആ ഗ്രന്ഥശേഖരത്തിന്റെ പ്രാഥമിക ഉടമസ്ഥരായ യഹൂദർ ‘താനഖ്’ (തോറ‑നിയമം, നബിയീം-പ്രവാചകന്മാർ, ഖെതൂബീം-എഴുത്തുകൾ എന്നതിന്റെ ആദ്യ അക്ഷരങ്ങളാൽ രൂപീകരിക്കപ്പെട്ട വാക്ക്) എന്നും വിളിക്കുന്ന പുസ്തകശേഖരത്തിന്റെ പഠനമാണ് ഈ ലേഖകൻ ശ്രദ്ധിച്ചത്. അതിൽ ലോകസൃഷ്ടിയെക്കുറിച്ച് പരാമർശമുണ്ട്. അതെഴുതിയ കാലത്തെ ലോകദർശന പശ്ചാത്തലത്തിലുള്ള വിവരണങ്ങളാണ് അതിൽ കാണുന്നത്. ജലം, അതിന് അതിർനിൽക്കുന്ന ഭൂമി, അതിനുമുകളിൽ വായു അഥവാ ആകാശം അതിനു മുകളിലുള്ള വിതാനം, അതിനു മുകളിലുള്ള ജലം ഇങ്ങനെയൊക്കെയാണ് പ്രകൃതിയുടെ രൂപം എന്നാണ് വിശദീകരണം. എന്നാൽ ഭൂമിക്ക് മുകളിൽ വിതാനമൊന്നുമില്ല, ഉള്ളത് മറ്റ് ഗോളങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും തമോഗർത്തങ്ങളും വാതകങ്ങളും വാതക ശ്രേണികളും ഒക്കെയാണ് എന്ന് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു. സർവവും ദൈവസൃഷ്ടി ആണെന്നും അത് വിശദീകരിക്കേണ്ടതുണ്ട് എന്നും കരുതിയ മനുഷ്യന്റെ വിശദീകരണമാണിത്. എന്നാൽ ആ താല്പര്യത്തെ അക്കാലത്തെ ലോക വീക്ഷണത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തിൽ പറയാൻ ശ്രമിച്ചതാണ് ആ പഴയ ഗ്രന്ഥങ്ങളിൽ കാണുന്ന വിശദീകരണങ്ങൾ എന്നും അവ ഇന്നത്തെ അറിവുമായി ഒത്തുപോകണമെന്നില്ല എന്നും ദൈവവിശ്വാസികളായവർക്കും ഇന്ന് ബോധ്യമുള്ള കാര്യമാണ്. ഈ ഗ്രന്ഥശേഖരത്തിൽ കാണുന്ന പലതും യഹൂദരുടെ ബാബിലോണിലെ, ക്രിസ്തുവിന് മുമ്പ് അഞ്ചാം നൂറ്റാണ്ടിലെ പ്രവാസ നാളുകളിൽ, അവിടത്തെ നാടൻ കഥകളെ തങ്ങളുടെ ദൈവ വിശ്വാസത്തിനനുസരിച്ച് പുനരാഖ്യാനം ചെയ്ത് അവതരിപ്പിച്ചിട്ടുള്ളതാണ് എന്ന് ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തിൽ ഇക്കാലത്ത് വേദ വിദ്യാർത്ഥികള്‍ അറിയുന്നു. അതിനെ ആധുനിക ശാസ്ത്രവുമായി താരതമ്യം ചെയ്ത് സാധൂകരിക്കാൻ ശ്രമിക്കുന്നത് വലിയ അബദ്ധമായിരിക്കും. ഇവിടെയാണ് മതബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും ധാരണകളിൽ തിരുത്തലുകൾ ആവശ്യമായി വരുന്നത്. ഒന്നാമത് ദൈവം, ഈശ്വരൻ എന്നൊക്കെയുള്ള വിവക്ഷയിൽ കൃത്യമായി എന്താണ് വിവക്ഷിക്കുന്നത് എന്ന കാര്യം നാം പുനർ വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. മതം ഒരു അദൃശ്യശക്തിയിലാണ് വിശ്വസിക്കുന്നതെങ്കിൽ അതോ അതിന്റെ ഭാവങ്ങളോ പ്രവർത്തന ശൈലികളോ പൂർണമായും മനുഷ്യന്റെ ധാരണയുടെ പരിധിയിൽ അല്ലെന്നും, മാനുഷിക പരിധിയിൽ നിന്നുകൊണ്ട് ആ ശക്തിക്ക് ഏന്തെല്ലാം വ്യാഖ്യാനങ്ങളും രൂപങ്ങളും നൽകിയാലും അവയെല്ലാം മനുഷ്യന്റെ നിലനിൽക്കുന്ന സാംസ്കാരികവും സാഹചര്യപരവുമായ ധാരണകളുടെ പരിധിയിൽ മാത്രമുള്ളതാണ് എന്നും അവയെ അപ്രമാദിത്തമുള്ള അവസാന വാക്കായി കാണാൻ കഴിയില്ല എന്നും ധരിക്കേണ്ടതുണ്ട്. മതം എന്നാൽ വിശ്വാസത്തിന്റെ നൽകപ്പെട്ട സാംസ്കാരിക പശ്ചാത്തലത്തിലെ പ്രകട രൂപമാണ്. പക്ഷെ മനുഷ്യ ജീവിത സാഹചര്യം നിരന്തരം പരിവർത്തനപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. യഹൂദന്റെ വേദത്തിൽ പറയുന്നതുപോലെ ലോകം മുഴുവൻ മൂടുന്ന ഒരു ജലപ്രളയം ഉണ്ടായി എന്നും അതിൽ നിന്നും രക്ഷപ്പെടാൻ ഒരു വിശ്വാസി ഒരു പെട്ടകം ഉണ്ടാക്കി എന്നും ആ പെട്ടകത്തിൽ ലോകത്തുള്ള സകല ജീവികളും ഇണയായി സംരക്ഷിക്കപ്പെട്ടു എന്നും പറഞ്ഞാൽ ഒരു ദൈവ വിശ്വാസിക്ക് പോലും ഇക്കാലത്ത് അംഗീകരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. എന്നാൽ അതിന്റെ മിത്തോളജിക്കൽ വിപുലതയെയും കാവ്യഭാവത്തെയും പ്രാദേശികമായ ഒരു സംഭവത്തെക്കുറിച്ചുള്ള ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരണത്തെയും അംഗീകരിക്കേണ്ടതുമുണ്ട്. ദൈവം മനുഷ്യന് നൽകിയിട്ടുള്ള ബുദ്ധിയും, അന്വേഷണത്തിനും വിലയിരുത്തലിനും പഠനത്തിനുമുള്ള കഴിവും ആ ദൈവം തന്നെ നിരന്തരം പുതുക്കിയും പരിഷ്കരിച്ചും കൊണ്ടിരിക്കുന്നുവെന്ന് അറിയേണ്ടതുണ്ട്.
ഒരു സർപ്പം വന്ന് മനുഷ്യനെ തെറ്റിന് പ്രേരിപ്പിച്ചു എന്ന് പറയുമ്പോൾ അത് പാമ്പിന്റെ രൂപത്തിൽ വന്ന പിശാചായിരുന്നു എന്ന് വ്യാഖ്യാനിച്ചാൽ ഇക്കാലത്ത് വൈദ്യശാസ്ത്രത്തിന്റെ പ്രതീകമായി ആ പാമ്പിന്റെ ഇരട്ട രൂപം ഉപയോഗിക്കുന്നത് മറ്റൊരു തരത്തിൽ കാണേണ്ടിവരും. ആ പിശാച് ഇരട്ടി ശക്തിയോടെ അവതരിച്ചതാണ് വൈദ്യശാസ്ത്രം എന്നോ മറ്റോ അങ്ങനെയുള്ളവർ വ്യാഖ്യാനിച്ചേക്കാം. പക്ഷെ ആശുപത്രികളെ രോഗശമനത്തിനായി സമീപിക്കുന്ന ആരെങ്കിലും ഇക്കാലത്ത് വാതിൽക്കൽ ഈ ഇരട്ടപ്പാമ്പിന്റെ രൂപം കണ്ട് തിരികെ പോരും എന്ന് കരുതുന്നില്ല. ഈശ്വരന് വൈദ്യശാസ്ത്രത്തിന്റെ വളർച്ചയുടെ മേഖലയിലും മനുഷ്യനെയും ഇതര ജീവജാലങ്ങളെയും കരുതാൻ കഴിയും എന്നേ ഒരു ദൈവവിശ്വാസി കരുതൂ. അന്വേഷണ ത്വരയെ ശാസ്ത്രം എന്നും ദൈവബോധത്തെ വിശ്വാസം എന്നും വിളിക്കുകയും അവ പരസ്പരം കലഹിക്കാതെ, ഈശ്വരദാനമെന്ന് ശാസ്ത്രത്തെ അംഗീകരിച്ച് ആ ദൈവബോധത്തിൽ നിന്നുകൊണ്ട് പ്രകൃതിയെയും അതിലുള്ള സകലത്തെയും അറിയാനും അംഗീകരിക്കാനും തയ്യാറാവുകയുമാണ് വിശ്വാസി ചെയ്യേണ്ടത്. ശാസ്ത്രവുമായി കലഹിക്കുകയല്ല, ശാസ്ത്രത്തെയും, ശാസ്ത്രീയപഠനം മൂലം ഉണ്ടാകുന്ന ധാരണകളുടെ തിരുത്തലിനെയും അംഗീകരിക്കുകയാണ് വിവേകശാലിയായ വിശ്വാസി ചെയ്യേണ്ടത്. അങ്ങനെയാണ് ലോകത്തിൽ മനുഷ്യൻ ജീവിക്കേണ്ടതും ഈശ്വരൻ ലക്ഷ്യമിടുന്നതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.