26 December 2024, Thursday
KSFE Galaxy Chits Banner 2

മനുഷ്യൻ മനുഷ്യനാകണം

അജിത് കൊളാടി
വാക്ക്
January 1, 2022 6:00 am

പുതുവർഷം പിറക്കുമ്പോൾ മാത്രമല്ല, ജീവിത നവീകരണത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. തീയതികൾ മാറി, മറ്റൊരു ദിനം വരുന്നു. പക്ഷെ ആന്തരിക നവീകരണം നടത്തുവാൻ പലരും തയാറല്ല. മനുഷ്യർ മനുഷ്യരെക്കുറിച്ച് നിഷേധാത്മക കാഴ്ചപ്പാടാണോ വച്ചുപുലർത്തുന്നത്. ചിന്തകളും ദർശനങ്ങളും നമ്മെ പഠിപ്പിച്ചത് അടുത്തിരിക്കുന്നവനെ വിശ്വസിക്കാനും സ്നേഹിക്കാനുമാണ്. അതാണ് നമ്മുടെ സഹജാവബോധം. പക്ഷെ, ഈ മനോഭാവത്തിൽ എന്തേ മാറ്റം വരുന്നു. പല മതങ്ങളും മനുഷ്യൻ പാപത്തിൽ മുങ്ങുന്നവനാണ് എന്നും ശപിക്കപ്പെട്ടവനാണ് എന്നും പറയുന്നു. കുത്തക മൂലധന ശക്തികൾ കരുതുന്നത് നമ്മളെയെല്ലാം പ്രചോദിപ്പിക്കുന്നത് സ്വാർത്ഥ താല്പര്യമാണ് എന്നാണ്. സർവനാശത്തിന്റെ പ്രതീകങ്ങളായി പലരും മനുഷ്യരെ കാണുന്നു. പക്ഷെ ഇതേ മനുഷ്യർ പ്രളയജലത്തിൽ നിന്നും ആളുകളെ രക്ഷിക്കുന്നതിനായി, കേരളത്തിലും ഉത്തരാഖണ്ഡിലും ടെക്സാസിലും ജർമ്മനിയിലും ആത്മാർത്ഥമായി പരിശ്രമിച്ചു. ദുരന്തബാധിതര്‍ക്ക് അവർ ഭക്ഷണവും വസ്ത്രവും മരുന്നും നൽകി. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ സ്വാർത്ഥതാല്പര്യമോ അരാജകത്വമോ അഴിഞ്ഞാടിയില്ല. മറിച്ച് അവിടങ്ങളിൽ കവിഞ്ഞൊഴുകിയത് മനോധൈര്യവും ദയാർദ്രതയുമായിരുന്നു. വിനാശങ്ങൾ ആളുകളിലെ നന്മ പുറത്തു കൊണ്ടുവരുന്നു എന്നാണ് ഡെലോ വെയർ സർവകലാശാലയിലെയും മറ്റു പല സർവകലാശാലകളിലെയും ഡിസാസ്റ്റർ റിസർച്ച് സെന്ററിലുള്ള ഗവേഷകർ എത്തിച്ചേർന്ന നിഗമനം. പണ്ടുമുതലെ മനുഷ്യർ സ്വാർത്ഥരാണെന്ന വാദം വളരെ ശക്തമായി പ്രാബല്യത്തിലുണ്ട്. തോമസ് ഹോബ്സ്, മാക്കെവെല്ലി, നീഷേ തുടങ്ങിയവർ അതു പറഞ്ഞു. അങ്ങനെ പലരും. നിയമം നിലനില്ക്കുമ്പോഴും മറ്റുള്ളവരെ ദ്രോഹിക്കാൻ തയാറായി നില്‍ക്കുന്ന മനുഷ്യപ്രകൃതിയെക്കുറിച്ച് പറയുന്നതോടൊപ്പം, ആ ദ്രോഹപ്രകൃതിയുടെ തനിനിറം പുറത്തുകാട്ടാൻ മനുഷ്യർ മടിക്കില്ല എന്നും ഇവർ പറഞ്ഞിട്ടുണ്ട്. ഇത്തരം ആൾക്കാരെ മഹാഭാരതത്തിലും രാമായണത്തിലുംപോലും കാണാം. മാക്കെവെല്ലി ഒന്നുകൂടി പറഞ്ഞു “ഒരവസരം കിട്ടിയാൽ എല്ലാ മനുഷ്യരും പ്രജാ പീഡകരാവും” എന്ന്. കാൽവിൻ, ഹെൻറി ഹക്സിലി തുടങ്ങിയവർ പറഞ്ഞു, ”മനുഷ്യൻ മനുഷ്യനെതിരായും രാജ്യം രാജ്യത്തിനെതിരായും നടത്തുന്ന ഒരു മഹായുദ്ധമാണ് ജീവിതമെന്നത് “. നന്മയുള്ളവനായിരിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. നന്മയാകണം ജീവിതം. പക്ഷെ ഇന്ന് എത്രപേർ ഇത് കാംക്ഷിക്കുന്നു. ഏതൊക്കെ പ്രവർത്തനപഥം തുറക്കപ്പെടുന്നതും മനുഷ്യരുടെ ബാഹ്യവും ആഭ്യന്തരവുമായ പരിഷ്കാരത്തിനും അഭ്യുദയത്തിനും വേണ്ടിയാണെന്നുള്ളതിൽ പ­ക്ഷാന്തരമുണ്ടാകില്ല. ഈശ്വരവിശ്വാസിയും നിരീശ്വരവാദിയും മനുഷ്യനന്മയെ കാംക്ഷിക്കുന്നു. എന്നാൽ ആരുംതന്നെ എന്തു പ്രവർത്തിച്ചാലും, മനുഷ്യർ സ്വയം മനുഷ്യരാകാൻ പ്രവർത്തിക്കുന്നതുവരെ ഇവിടെ ആമോദിക്കത്തക്കവണ്ണമുള്ള മാറ്റം കാണപ്പെടുകയില്ലെന്നതിനു ഇന്നും ഭൂമി ഒട്ടാകെതന്നെ പ്രസ്പഷ്ട ദൃഷ്ടാന്തമാണ്. വളരെ സൂക്ഷ്‌മമായി പരിശോധിച്ചാൽ മനുഷ്യരുടെ നില ദയനീയമാണ്. അന്യന്റെ സുഖത്തെ തടയരുത്, മറ്റൊരുവനെ വഞ്ചിക്കരുത്, പരസ്യമായി അപഹസിക്കരുത്, ജനങ്ങളെ സമ്പത്തിനും അധികാരത്തിനും വേണ്ടി തമ്മിൽ തല്ലിക്കരുത്, വേദനിക്കുന്നവരെ സഹായിക്കണം, സ്വജനപക്ഷപാതമരുത്, സ്തുതിപാഠകരെ അടുപ്പിക്കരുത്, ഇതൊന്നും അറിഞ്ഞുകൂടാത്ത ഒരു നിരക്ഷരനെങ്കിലും ഈ ലോകത്ത് ജീവിക്കുന്നുണ്ടോ? എന്നിട്ടും എന്ത് പ്രയോജനം? ഭഗീരഥപ്രയത്നം ചെയ്തിട്ടെങ്കിലും അന്യന്മാരുടെ ഗതി തടഞ്ഞ് സ്വന്തം സുഖം സാധിക്കുവാൻ എത്രയധികം പേരാണ് പ്രയത്നിക്കുന്നത്. അർഹതയുള്ളവരെയും വിവേകമുള്ളവരെയും മാറ്റി നിർത്തി, എത്ര എത്ര അല്പജ്ഞാനികളും സ്തുതിപാഠകരും ആണ് അർഹിക്കാത്ത പദവിയിൽ ഇരിക്കുന്നതും നാടിനെ ഭരിക്കുന്നതും. കക്ഷികൾ നോക്കിനിൽക്കെ കൈക്കൂലി വാങ്ങിയും മറ്റുള്ളവരുടെ ചുമരു തുരന്നും എത്രപേർ പൊതുജനങ്ങളെ വഞ്ചിക്കുന്നു? നുണ പറഞ്ഞ് ജനങ്ങളെ തമ്മിൽ തല്ലിക്കുന്നത് മിക്കവാറും ഏവരും നിത്യത്തൊഴിലാക്കി. സ്ത്രീ പീഡനവും കുട്ടികളെ പീഡിപ്പിക്കലും സാധാരണ സംഭവങ്ങളായി. മനുഷ്യർ മൃഗസ്വഭാവം കൈയ്യാളുന്നു. മേൽപ്പറഞ്ഞവയുടെ പ്രധാന കാരണം “ഞാൻ” എന്ന അഹംഭാവമാണ്. “ഞാൻ” എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത് ഏറ്റവും വലിയ തെറ്റിനെയാണ്. അതേസമയം ആ വാക്ക് ഗഹനമായ സത്യത്തിന്റെയും മൂർത്തീകരണമാണ്. സാധാരണ ഭാഷണങ്ങളിലെല്ലാം ആ വാക്ക് കടന്നുവരുന്നു എന്റേത്, എന്റെ എന്നൊക്കെ അതിനോടനുബന്ധ വാക്കുകൾ. സാധാരണ ഭാഷണത്തിൽ “ഞാൻ” എന്നുള്ളത് മൗലികമായ തെറ്റാണ്. അത് നിങ്ങളുടെ സ്വത്വത്തെക്കുറിച്ച്, മിഥ്യയായ ധാരണ പരത്തും. അതാണ് ആ വാക്ക് ഉപയോഗിക്കുമ്പോൾ പലപ്പോഴും ഉണ്ടാകുന്ന ഫലം. അതാണ് അഹംബോധം, അഹങ്കാരമായി ഭവിക്കുന്നത്. അവനവനെക്കുറിച്ചുള്ള മിഥ്യയായ ബോധം ജീവിതത്തിലുടനീളം വ്യാഖ്യാനങ്ങൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഇടനൽകും. നമ്മുടെ ചിന്തയെ, ബന്ധങ്ങളെ, സൗഹൃദത്തെ, ആശയസംവാദങ്ങളെ, ദൈനംദിന പ്രക്രിയകളെ എല്ലാം അഹംബോധം സ്വാധീനിക്കും. അപ്പോൾ നമ്മുടെ മുന്നിലുള്ള യാഥാർത്ഥ്യങ്ങൾ ഈ അഹംബോധത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. ഈ അഹങ്കാരത്തെ എന്ന് ഇല്ലാതാക്കാൻ പറ്റുന്നുവോ അന്നേ യഥാർത്ഥ വസ്തുതയിലേക്ക് നമ്മൾ മടങ്ങൂ. ഇവിടെ സംഘർഷങ്ങളും കലാപങ്ങളും വിഭാഗീയതകളും അധികാരത്തിനു വേണ്ടിയുള്ള മത്സരവും മറ്റുള്ളവരെ വഞ്ചിക്കലും എല്ലാം ഉരുത്തിരിഞ്ഞു വരുന്നത് അടിസ്ഥാനപരമായി “ഞാൻ” എന്ന ബോധത്തിൽ നിന്നാണ്. “ഞാൻ” നിലനില്ക്കുന്നത് അതാണ് യാഥാർത്ഥ്യം എന്നു കരുതുന്നതുകൊണ്ടാണ്. നിങ്ങൾ അതല്ല എന്ന് മനസിലാക്കുമ്പോൾ യഥാർത്ഥ നിങ്ങൾ പുറത്തുവരും. പക്ഷെ ഇവിടെ ആരും അങ്ങനെ ചിന്തിക്കുന്നില്ല. കാരണം മനുഷ്യനന്മക്കു വേണ്ടി ചിന്തിക്കുന്നവരുടെ എണ്ണം കുറയും. മനുഷ്യമനസിൽ എപ്പോഴും ശുഭചിന്തയേക്കാൾ അശുഭ ചിന്തകളാണ് പ്രവർത്തിക്കുക. ഓരോരുത്തരും എതിർക്കുന്ന മനുഷ്യവിരുദ്ധമായ ഓരോ വാദത്തിനു പകരം രണ്ടു മൂന്നു വാദങ്ങൾ പ്രത്യക്ഷപ്പെടും. മനുഷ്യ നന്മക്കുവേണ്ടി നിലകൊള്ളുന്നത്, ഇന്നത്തെ ലോകത്ത് അധികാര ശക്തികൾക്കെതിരെയുള്ള നിലകൊള്ളലാണ്. ഭരിക്കുന്നവരെ സംബന്ധിച്ചിടത്തോളം, ജനങ്ങൾ സത്യം പറയുക എന്നത് അവർക്ക് ഭീഷണിയാണ്. അത് രാജ്യദ്രോഹമായി പോലും ചിത്രീകരിക്കപ്പെടുന്നു.

 


ഇതുകൂടി വായിക്കാം; “മനുഷ്യൻ എന്ന ലഹരിയിൽ” അല്പനേരം 


 

സത്യം സ്വാതന്ത്ര്യമാണ്. മനുഷ്യൻ സ്വതന്ത്രനാകുന്നത് പല ഭരണാധികാരികൾക്കും മൂലധനശക്തികൾക്കും ഇഷ്ടമല്ല. ജനങ്ങൾ എപ്പോഴും വിധേയരായി നില്‍ക്കുന്നതാണ് അവർ ഇഷ്ടപ്പെടുന്നത്. സത്യം നിലവിൽ വന്നാൽ നമ്മൾ നിയന്ത്രിക്കപ്പെടുകയില്ല എന്നവർക്കറിയാം. അതുകൊണ്ടുതന്നെ മനുഷ്യനന്മ ചെയ്യാനും താല്പര്യമില്ല. മനുഷ്യനന്മ നിരന്തരമായി പ്രവർത്തിച്ചാൽ അത് ഇന്നത്തെ ലോകത്ത് അധിക്ഷേപത്തിന്റെ കൊടുങ്കാറ്റിനെ നേരിടേണ്ടിവരുന്നത് കാണാൻ കഴിയും. കാരണം ബഹുഭൂരിഭാഗം മനുഷ്യരും ദോഷൈകദൃക്കുകളാണ്. ഏതു കാര്യത്തിലും ദോഷം മാത്രം കാണുന്നവരുടെ എണ്ണം കൂടുതലാണ്. എല്ലാ മനുഷ്യപ്രയത്നങ്ങളും വിഫലമാണോ? മനുഷ്യന്റെ അധ്വാനങ്ങളും പ്രതീക്ഷകളും മൈത്രികളും എല്ലാം നിസാരവും ക്ഷണികവുമാണോ? “മഹാഭാരതം” ഈ തത്വമാണോ പഠിപ്പിക്കുന്നത്. അല്ല. പരോപകാരമേ പുണ്യം എന്നാണ് അത് ആത്യന്തികമായി പഠിപ്പിക്കുന്നത്. വ്യത്യസ്ത കാലങ്ങളിലെ ജീവിത മൂല്യങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമാണ്. മഹാഭാരതം കാഴ്ചവയ്ക്കുന്ന തത്വചിന്തയും പെരുമാറ്റ രീതിയും ദൃഢവും കഠിനവുമാണ്. ശ്രീബുദ്ധൻ ലോകം മുഴുവൻ അനുകമ്പയെ വ്യാപിപ്പിച്ചു. മഹാഭാരതം ബുദ്ധമതത്തെപ്പോലെ പലായനാത്മകമല്ല. അവയിൽ ധാരാളം ആന്തരിക വൈരുധ്യങ്ങൾ ഉണ്ട്. എന്തെല്ലാം പ്രതിസന്ധികൾ പാണ്ഡവർ നേരിട്ടു. വൻകാട്ടിൽ അകപ്പെട്ടു, ജനങ്ങൾ നോക്കിനില്ക്കെ പാഞ്ചാലിയുടെ പൂഞ്ചേലയഴിച്ചു, മുടി പിടിച്ചു വലിച്ചു. അരക്കില്ലം തീയിട്ട് നശിപ്പിച്ചു. അജ്ഞാതവാസം നടത്തി. അങ്ങനെ നൂറുകണക്കിനു യാതനയനുഭവിച്ചു, അപമാനിതരാക്കപ്പെട്ടു. പക്ഷെ അവർ കാടും നാടും സമാനമെന്നു കരുതി. സ്വാർത്ഥതയായിരുന്നില്ല അവരുടെ പ്രചോദനം. ശത്രുക്കളുടെ ബലാത്കാരത്താൽ പ്രാണപീഡകളനുഭവിച്ചുപോരുന്ന ജനതതിയുടെ പരിപാലന പ്രസക്തിയാണ് അവരെ നിലനിർത്തിയത്. അതാണ് സത്യം. ഇന്നത്തെപ്പോലെ ചെറിയ കാര്യങ്ങളിൽ അന്ന് സ്വാർത്ഥത പ്രതിഫലിപ്പിച്ചിരുന്നില്ല. യഥാർത്ഥത്തിൽ സ്വാർത്ഥതയെ തീണ്ടാത്ത പരാർത്ഥപരമായി ഉയരുന്ന പരിശ്രമമാണ് കർമ്മം. ഇന്നത്തെ ഫാസിസ്റ്റ് കാലത്ത്, അഹങ്കാരമുള്ള അധികാരികൾ ഭരിക്കുമ്പോൾ, ജനത നിർഭയമായി കർമ്മം ചെയ്യണം, മാനവരാശിയെ സംരക്ഷിക്കാൻ. നിർഭയനായി കർമ്മം ചെയ്യുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും മനുഷ്യൻ ശക്തനാകണം. അങ്ങനെയുള്ള മനുഷ്യനെ ഇടത്തും വലത്തും നിന്നുകൊണ്ട് സഹായിക്കുന്ന മിത്രങ്ങളാണ് സത്യവും പ്രേമവും. സംസാരിക്കുമ്പോൾ വാക്ക് സത്യത്തിനും സൗഹാർദത്തിനും അനുഗുണമാണോ എന്ന് ചിന്തിക്കണം. സത്യംകൊണ്ടും സൗഹാർദം കൊണ്ടും പവിത്രീകരിക്കപ്പെടാതെ തോന്നിയ വിധം സംസാരിക്കുന്ന മനുഷ്യനാകരുത്. പക്ഷെ അങ്ങനെ സംസാരിക്കുന്ന ജനതയുണ്ട്, ഭരണാധികാരികളുണ്ട്. അവർ മഹനീയമായ മനുഷ്യത്വത്തെ അപമാനിക്കുന്നു, അതിലൂടെ മൃഗാദിദുർജന്തു സാധാരണമായ ഭയത്തെ സ്വയം വരിക്കുകയുമാണ് ചെയ്യുന്നത്. അത്തരക്കാർ ലോകത്തെ പൂർവാധികം അഗാധതയിലേക്ക് നയിക്കുന്നു. അധർമ്മങ്ങളിൽ എപ്പോഴും മുന്നിൽ നില്ക്കുന്നത് മനുഷ്യന്റെ ആലോചനാരഹിതമായ ഭാഷണമാകുന്നു എന്നു വിസ്മരിക്കരുത്. സാധാരണ ബുദ്ധികൊണ്ട് കിട്ടുന്ന സരളമായ യുക്തി മതി ജീവിതത്തിലെ സാധാരണ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനം കണ്ടെത്താൻ. ജനാധിപത്യത്തെ നെഞ്ചിലേറ്റുന്നു എന്നു പറയുന്നവർ, ജനാധിപത്യത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നു എന്ന് ഉദ്ഘോഷിക്കുന്നവർ അതുമാത്രം ചെയ്യില്ല. എന്നിട്ട് നാം നമ്മുടെ ബുദ്ധിയെ തന്നെ അപമാനിച്ചു വിടുന്നു. ഭരണാധികാരികൾ ജനങ്ങളാണ് അധിപന്മാർ എന്നറിയണം. അവരോട് ആശയ വിനിമയം നടത്തണം. മൻ കി ബാത്തിലൂടെ സംസാരിച്ചതുകൊണ്ടോ, പൗരപ്രമുഖരോടു മാത്രം സംസാരിച്ചതുകൊണ്ടോ കാര്യമില്ല. “ഞാൻ” എന്ന ഭാവം നമ്മുടെ വൈകല്യങ്ങളെ അറിയാൻ നമ്മെ അനുവദിക്കില്ല. അത് അറിയുന്നതാണ് എല്ലാ പരിഹാരങ്ങളുടെയും തുടക്കം. വൈകല്യങ്ങൾ മൂടി വയ്ക്കുമ്പോൾ ദോഷം വളരുന്നു. മതമൗലികവാദികളും ഫാസിസ്റ്റുകളും മൂലധനശക്തികളും അവരുടെ ദോഷങ്ങൾ മൂടിവയ്ക്കുന്നു. കാരണം തങ്ങളുടെ ആശയങ്ങളുടെ ദോഷങ്ങൾ ഒരിക്കലും പരിഹരിക്കരുതെന്നുള്ള ദുർവാശിയാണ് അവർക്ക്. സത്യം, സൗഹാർദം, സഹിഷ്ണുത തുടങ്ങിയ ധർമ്മങ്ങളെ നിർമൂലനം ചെയ്യുമാറ് പലരും വെളിപ്പെടുത്തുന്ന ഭയങ്കര ശൂരത നിർഭയതയല്ലെന്നും, പ്രത്യുത അത് ഭീരുത്വം മാത്രമാണെന്നും അറിയേണ്ടത് അവശ്യം ആവശ്യമാണ്. മനുഷ്യൻ മഹാനാണ്. സമാധാനത്തിന്റെയും ആനന്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നിത്യവിഹാര രംഗമാകണം മനുഷ്യന്റെ സഞ്ചാരപഥം. ശോഭനങ്ങളായ ആശയങ്ങളെ അടിക്കടി വർധിപ്പിക്കുകയും, അശുഭങ്ങളായ വിശ്വാസവിചാരങ്ങളെ തട്ടിത്തകർത്തു താഴെ വലിച്ചിടുന്ന നിമിഷത്തിൽ മനുഷ്യൻ തനിയേതന്നെ ഉയരുന്നു. താൻ സർവമനോഹരമായ മഹത്വം ആണെന്ന് അറിഞ്ഞാൽ അയാൾ ഉയരും. അത്തരക്കാരെ പിടിച്ചു തള്ളാൻ ശക്തിയുള്ളവർ ഉണ്ടാകില്ല. ആ ഉയർച്ച ആദരവിലൂടെയും സ്നേഹത്തിലൂടെയുമാണ്. ഇന്നത്തെ പല അല്പന്മാരും ഉയരുന്ന ഉയർച്ചയല്ല അത്. ഈ വിശ്വമന്ദിരത്തിൽ അധിവസിക്കുന്ന സകല മനുഷ്യരും സർവ ദുർവാസനകളോടും ദുർവൃത്തികളോടും പോരിനിറങ്ങിയിരിക്കുന്നവരാണ് എന്ന് സൂഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും. ജനാധിപത്യ ഭരണക്രമങ്ങളിൽ ജീവിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ നിന്നും ഏറ്റവുമൊടുവിൽ ഒരു ജൈവ മനുഷ്യൻ എന്ന അവസ്ഥയിൽ നിന്നുപോലും ജനങ്ങളെ മാറ്റിയെടുക്കുന്ന ഒരു ഉപഭോഗ ലോകക്രമത്തിലാണ് നാം ഇന്ന്. ഇവിടെ ജനാധിപത്യ ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും കളിക്കു പുറത്താണ്. ലോക രാഷ്ട്രങ്ങളുടെ ഭരണം യഥാർത്ഥത്തിൽ കോർപറേറ്റുകളുടെ കൈകളിലാണ്. ഇവർക്കെതിരെ നിരന്തരമായ, അസന്ദിഗ്ധമായ സമരം വേണം. നമ്മുടെ സ്വാതന്ത്ര്യവും അവകാശവും പരിരക്ഷിക്കണം. വർഗീയത, ധനാധികാര മോഹം, അനൈക്യം ഇവയൊക്കെ ആളിപ്പടർന്നുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ഉത്തരവാദിത്തം കൂടുന്നു. ദൈനംദിനം, ഫാസിസത്തിനെതിരെ, മനുഷ്യവിരുദ്ധതക്കെതിരെ പോരാട്ടമാണ് ആവശ്യം. അതു പുതുവർഷ ദിനത്തിലാണെങ്കിലും. ഏതു തീയതികളിലും സമരോത്സുകതയാണ് ആവശ്യം. മനുഷ്യനെ ചേർത്തുപിടിക്കാനുള്ള പോരാട്ടം. സർവ മനുഷ്യരെയും സ്നേഹിച്ചുകൊണ്ട് മുന്നേറുക. ഇവിടെ ആസുരത്വം വളരാൻ പാടില്ല. എല്ലാ നന്മകളും ചുട്ടുചാമ്പലാക്കുന്ന ആസുരത്വത്തിനെതിരെ പോരാടണം. എല്ലാ മതക്കാർക്കും ജാതിക്കാർക്കും തൊഴിലുകാർക്കും സൗഹാർദത്തോടെ ജീവിക്കാൻ ഒരു വഴിയേ ഉള്ളു. അതാണ് സഹിഷ്ണുത. അത് മനുഷ്യനെ മനുഷ്യനാക്കും. അതാണ് നമ്മുടെ ദൈനംദിന പാത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.